കണ്ണൂർ: അപ്പീലുകൾ കുറയ്ക്കാനും അർഹരായ വിദ്യാർത്ഥികൾക്ക് വിജയം ഉറപ്പാക്കാനും ഉപജില്ലാ സ്‌കൂൾ കലോത്സവങ്ങളിൽ വിധിനിർണയം കൂടുതൽ സുതാര്യമാക്കാൻ കർശന നിരീക്ഷണവുമായി വിദ്യാഭ്യാസ വകുപ്പ്. വിധികർത്താക്കളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനായി പ്രത്യേക സ്‌ക്വാഡിനെ നിയോഗിക്കാനും നീക്കമുണ്ട്. മുൻവർഷങ്ങളിൽ കലോത്സവങ്ങളുമായി ബന്ധപ്പെട്ട് നിരവധി അപ്പീലുകൾ ഉയർന്ന സാഹചര്യത്തിലാണ് ഇത്തവണ കൂടുതൽ ജാഗ്രത.
അർഹരായ വിദ്യാർത്ഥികൾക്ക് അവരുടെ കഴിവിനനുസരിച്ചുള്ള അംഗീകാരം ലഭിക്കുന്നുവെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. കലോത്സവം ആരംഭിക്കുന്നതിന് മുൻപ് തന്നെ ചില നൃത്തപഠന കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് മത്സരാർത്ഥികൾക്ക് വിജയവാഗ്ദാനങ്ങൾ നൽകുന്നതായി ആക്ഷേപമുയരുന്നുണ്ട്. ഉപജില്ലാ തലം മുതൽ ജില്ലാ, സംസ്ഥാന കലോത്സവങ്ങൾ വരെ ഒന്നാം സ്ഥാനം നേടിക്കൊടുക്കാമെന്ന തരത്തിലുള്ള വാഗ്ദാനങ്ങൾ രക്ഷിതാക്കൾക്കിടയിൽ വലിയ തോതിൽ ആശങ്കയും സൃഷ്ടിക്കുന്നുണ്ട്. നാടോടിനൃത്തം, ഭരതനാട്യം, കുച്ചുപ്പുടി തുടങ്ങിയ ഇനങ്ങളിലാണ് ഇത്തരം വാഗ്ദാനങ്ങൾ കൂടുതലായി ഉയരുന്നതെന്നാണ് ആരോപണം.
മറ്റ് ജില്ലകളിൽ നിന്നെത്തുന്ന വിധികർത്താക്കളെ സ്വാധീനിക്കാനുള്ള ശ്രമങ്ങൾ തടയുകയും വിധിനിർണയത്തിൽ ബാഹ്യ ഇടപെടലുകൾ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുകയാണ് നിരീക്ഷണത്തിന്റെ പ്രധാന ലക്ഷ്യം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്കും തുല്യമായ അവസരങ്ങൾ ലഭിക്കണമെങ്കിൽ മത്സരങ്ങൾ സുതാര്യവും നിഷ്പക്ഷവുമായി നടത്തേണ്ടതുണ്ട്. വിദ്യാർത്ഥികൾ തമ്മിലുള്ള മത്സരമെന്നതിലുപരി സ്‌കൂളുകളും നൃത്തപഠന കേന്ദ്രങ്ങളും തമ്മിലുള്ള മത്സരമായി കലോത്സവങ്ങൾ മാറുന്ന സാഹചര്യം ഒഴിവാക്കണമെന്ന ആവശ്യവും ശക്തമാണ്.
കലോത്സവവുമായി ബന്ധപ്പെട്ട് അനധികൃത ഇടപെടലുകളോ വിധികർത്താക്കളെ സ്വാധീനിക്കാനുള്ള ശ്രമങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കാവുന്നതാണെന്ന് അധികൃതർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |