SignIn
Kerala Kaumudi Online
Tuesday, 20 October 2026 3.24 AM IST

റോഡുകളിൽ വരുന്നു വൈറ്റ് ടോപ്പിംഗ്, വിശദ പഠനത്തിന് പൊതുമരാമത്ത് വിഭാഗം

ph-1
വൈറ്റ് ടോപ്പിംഗ് നടത്തിയ റോഡ്

കണ്ണൂർ: കൂടുതൽ റോഡുകളിലേക്ക് വൈറ്റ് ടോപ്പിംഗ് സംവിധാനം ഒരുക്കാൻ സർക്കാർ. ഇതു സംബന്ധിച്ച് പൊതുമരാമത്ത് വിഭാഗം വിശദമായ പഠനത്തിന് തുടക്കമിട്ടു. മികച്ച രീതിയിൽ ബിറ്റുമിൻ ടാറിംഗ് നടത്തിയിട്ടും കാലാവസ്ഥയിലടക്കമുള്ള മാറ്റങ്ങളെ തുടർന്ന് റോഡുകൾ വേഗത്തിൽ തകരാറിലാകുന്ന സാഹചര്യത്തിലാണ് വൈറ്റ് ടോപ്പിംഗ് സാങ്കേതിക വിദ്യയിൽ ഊന്നിയുള്ള സംവിധാനം വ്യാപിപ്പിക്കുന്നത്.


അടുത്തകാലത്തൊന്നും വീതികൂട്ടൽ ഉൾപ്പടെയുള്ള നവീകരണ പ്രവൃത്തികൾ ബാധിക്കാത്ത പട്ടികയിലുള്ള റോഡുകളാണ് വൈറ്റ് ടോപ്പിംഗ് പരിഗണനയിലുള്ളത്. ബംഗളൂരുവിൽ ഒമ്പതിനായിരം കോടി മുടക്കി 900 കിലോമീറ്റർ നഗരറോഡുകളിൽ വൈറ്റ് ടോപ്പിംഗ് നടത്തിയിട്ടുണ്ട്. ഇതും പൊതുമരാമത്ത് വകുപ്പ് പഠനവിധേയമാക്കും. വൈറ്റ് ടോപ്പ് ചെയ്ത റോഡിന് നിലവിലെ ബിറ്റുമിൻ ടാറിംഗ് റോഡിനേക്കാൾ പത്ത് മുതൽ 20 വർഷം വരെ ഈട് നിൽക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.

വൈറ്റ് ടോപ്പിംഗ് റോഡിന് ഇളം നിറമായിരിക്കുമെന്നതിനാൽ രാത്രിയിലും ഡ്രൈവർമാർക്ക് കാഴ്ച പ്രശ്നമില്ലാതെ വാഹനം ഓടിക്കാനാകും. ഇത് രാത്രിയിൽ റോഡിലുണ്ടാകുന്ന കാഴ്ചക്കുറവ് മൂലമുള്ള അപകടം കുറയ്ക്കും.

വൈറ്റ് ടോപ്പിംഗ്

പ്രത്യേക രീതിയിൽ തയാറാക്കിയ സിമന്റ് മിശ്രിതം 11.25 മീറ്റർ സമചതുര കട്ടകളായി റോഡിന്റെ ഉപരിതലത്തിൽ കോൺക്രീറ്റ് ചെയ്യുന്ന രീതിയാണ് വൈറ്റ് ടോപ്പിംഗ്. ഏതെങ്കിലും ഒരു ബ്ലോക്കിന് തകരാർ സംഭവിച്ചാൽ ഇത് മറ്റു ബ്ലോക്കുകളിലേക്ക് വ്യാപിക്കില്ല. തകരാറായ കോൺക്രീറ്റ് ബ്ലോക്ക് മാത്രം മാറ്റിയാൽ മതിയാകും. വാഹനങ്ങളുടെ ഇന്ധനക്ഷമത കൂടുന്നതിനൊപ്പം വാഹനങ്ങൾക്ക് റോഡിൽ നല്ല പിടിത്തവും കിട്ടുമെന്നതിനാൽ തെന്നിയുണ്ടാകുന്ന അപകടങ്ങൾ കുറയുമെന്നാണ് ശാസ്ത്രീയ കണ്ടെത്തൽ.


നിർമാണ ചിലവ് പ്രധാന പ്രതിസന്ധി


സാധാരണ ടാറിംഗിനെക്കാൾ നിർമാണ ചിലവ് കൂടുതലാണെന്നതാണ് പ്രധാന പ്രതിസന്ധിയായി വിലയിരുത്തുന്നത്. എന്നാൽ ഈട് നിൽപ്, അപകട സാധ്യതകൾ കുറയൽ എന്നിവ പ്രധാന നേട്ടമാണ്. ആലപ്പുഴ ജില്ലയിൽ സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിയിൽ ഉൾപ്പെടുത്തി 7.20 കിലോമീറ്റർ നീളത്തിൽ 24.50 കോടിരൂപ ചെലവിൽ നേരത്തെ വൈറ്റ് ടോപ്പിംഗ് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, ROAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL