SignIn
Kerala Kaumudi Online
Tuesday, 20 October 2026 5.19 AM IST

 സി.പി.എം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പ് തോൽവിയിൽ കടുത്ത വിമർശനം

cpm
സി.പി.എം

ദിവ്യ 'ക്ലോസ്ഡ് ചാപ്റ്റർ' അല്ലെന്ന് ജില്ലാ സെക്രട്ടറി


കണ്ണൂർ: തിരഞ്ഞെടുപ്പ് തിരിച്ചടിയുടെ പശ്ചാത്തലത്തിൽ ചേർന്ന സി.പി.എം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം സംഘടനാതലത്തിൽ നിർണായക മാറ്റങ്ങളോടെ സമാപിച്ചു. ഞായറാഴ്ച തുടങ്ങിയ രണ്ടുദിവസത്തെ യോഗത്തിൽ തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം സംബന്ധിച്ച് പ്രതിനിധികൾ കടുത്ത വിമർശനമുയർത്തിയതായാണ് വിവരം.
യോഗശേഷം മാദ്ധ്യമങ്ങളോട് സംസാരിച്ച ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ്, പി.പി. ദിവ്യ പാർട്ടിയുടെ ഭാഗം തന്നെയാണെന്നും അവരുടേത് 'ക്ലോസ്ഡ് ചാപ്റ്റർ' അല്ലെന്നും വ്യക്തമാക്കി. നിലവിലെ കേസ് തീരുന്ന മുറയ്ക്ക് ദിവ്യയുടെ കാര്യം പാർട്ടി പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാഗേഷ് അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ട് ആത്മവിമർശനം നിറഞ്ഞതായിരുന്നെങ്കിലും പയ്യന്നൂരിലെ തോൽവിക്കും മട്ടന്നൂരിലെ വോട്ടുചോർച്ചയ്ക്കും ഏരിയ കമ്മിറ്റികളെ കുറ്റപ്പെടുത്തിയ സമീപനത്തെ പ്രതിനിധികൾ ചോദ്യം ചെയ്തു. തിരിച്ചടിയുടെ ഉത്തരവാദിത്തം ഏരിയ കമ്മിറ്റികളുടെ തലയിൽ മാത്രം കെട്ടിവയ്‌ക്കേണ്ടെന്നും ജില്ല - സംസ്ഥാന നേതൃത്വത്തിനും പങ്കുണ്ടെന്നും അവർ തുറന്നടിച്ചു.
മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ യഥാസമയം പ്രതികരിക്കാതിരുന്നത് അണികളിൽ ആശയക്കുഴപ്പമുണ്ടാക്കിയെന്നും എതിരാളികൾക്ക് പുകമറ സൃഷ്ടിക്കാൻ അത് സഹായകമായെന്നും പിണറായി വേദിയിലിരിക്കെ തന്നെ പ്രതിനിധികൾ വിമർശിച്ചു.
ധനരാജ് രക്തസാക്ഷി ഫണ്ട് വിവാദത്തിൽ വി. കുഞ്ഞികൃഷ്ണൻ ഉന്നയിച്ച ആരോപണങ്ങൾ അണികൾ പോലും പ്രചരിപ്പിക്കുന്ന സ്ഥിതിയുണ്ടായെന്നും ക്രമക്കേടില്ലെന്ന പാർട്ടി വിശദീകരണം അണികളെ ബോധ്യപ്പെടുത്താനായില്ലെന്നും പ്രവർത്തന റിപ്പോർട്ട് തന്നെ സമ്മതിക്കുന്നു. കെ.കെ ശൈലജയെ മട്ടന്നൂരിൽനിന്ന് പേരാവൂരിലേക്ക് മാറ്റിയത് 'ഒതുക്കാനാണ്' എന്ന പ്രചാരണം ഫലപ്രദമായി പ്രതിരോധിക്കാനായില്ലെന്നും ജില്ലയിൽ ന്യൂനപക്ഷ വിഭാഗത്തിൽനിന്ന് സ്ഥാനാർത്ഥി ഇല്ലാതിരുന്നത് തിരിച്ചടിയായെന്നും റിപ്പോർട്ടിൽ വിലയിരുത്തലുണ്ട്.

ജില്ലാ സെക്രട്ടറിസ്ഥാനത്തേക്ക് എ.എൻ. ഷംസീറിനെ കൊണ്ടുവരണമെന്ന ആവശ്യം ചില പ്രതിനിധികൾ ഉന്നയിച്ചതായും വിവരമുണ്ട്.


പയ്യന്നൂർ: നടപടി ഏരിയ യോഗത്തിൽ

പയ്യന്നൂരിലെ വിഭാഗീയതയാണ് ചർച്ചയിൽ ഏറ്റവും ചൂടേറിയ വിഷയമായത്. സ്ഥാനാർത്ഥി നിർണയത്തേക്കാൾ വിഭാഗീയതയാണ് തോൽവിക്ക് കാരണമെന്നായിരുന്നു പ്രതിനിധികളുടെ വിലയിരുത്തൽ. വിഭാഗീയത നേരത്തേ ജില്ലാസംസ്ഥാന കമ്മിറ്റികളുടെ മുന്നിലെത്തിയിട്ടും ഒത്തുതീർപ്പിനാണ് നേതൃത്വം ശ്രമിച്ചതെന്നും, ഇതല്ല കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രീതിയെന്നും അംഗങ്ങൾ പറഞ്ഞു. അന്വേഷണത്തിന് നിയോഗിച്ച കമ്മിഷന്റെ റിപ്പോർട്ട് യോഗത്തിൽ വയ്ക്കാത്തതിലും അതൃപ്തിയുണ്ടായി. പയ്യന്നൂരിലെ നടപടി വിപുലീകൃത ഏരിയ കമ്മിറ്റി യോഗത്തിൽ ഉണ്ടാകുമെന്നാണ് സൂചന.


മഹാറാലി 25ന്

ദസറ, മഹാനവമി ആഘോഷങ്ങളെ തുടർന്ന് മാറ്റിവച്ച മഹാറാലി 25ന് നടക്കും. ഒരു ലക്ഷം പേരെ അണിനിരത്താനാണ് തീരുമാനം. തെറ്റുതിരുത്തി ശക്തമായി മുന്നോട്ടുപോകുക എന്ന സന്ദേശമാണ് പാർട്ടി ഇതിലൂടെ നൽകാൻ ശ്രമിക്കുന്നത്.

ജില്ലാ കമ്മിറ്റിയിൽ രണ്ടുപേർ കൂടി

എം.സി. രാഘവൻ, എം. ശ്രീധരൻ എന്നിവരെ പുതുതായി ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. ടി.കെ. ഗോവിന്ദന്റെ ഒഴിവിൽ കെ.വി. സക്കീർ ഹുസൈനെ ജില്ലാ സെക്രട്ടേറിയറ്റിലേക്കും തിരഞ്ഞെടുത്തു. എട്ടുപേരെ ക്ഷണിതാക്കളായും നിയമിച്ചു. കെ. നാരായണൻ, എം. സുകുമാരൻ, എം. രതീഷ്, സി.ടി. അനീഷ്, പി. മുകുന്ദൻ, എ.കെ. ബീന, സി. രജനി, ബാബു വാഴയിൽ എന്നിവരാണ് ക്ഷണിതാക്കൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL