
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും സി.പി.എമ്മിനെ എഴുതിത്തള്ളാനാവില്ലെന്ന് വലതുപക്ഷത്തിനടക്കം ബോധ്യമായെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സി.പി.എം തിരുവനന്തപുരം വിപുലീകൃത ജില്ലാ കമ്മിറ്റിയുടെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിപുലീകൃത കമ്മിറ്റികളിലെ റാലികളിൽ വലിയ ജനപങ്കാളിത്തമായിരുന്നു. തദ്ദേശ ഉപ തിരഞ്ഞെടുപ്പ് ഫലം നോക്കിയാലും ഇടതുപക്ഷത്തെ എഴുതിത്തള്ളാനാവില്ലെന്ന് ബോധ്യമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് അപ്രതീക്ഷിതമായി കനത്ത തോൽവിയാണ് നേരിട്ടത്. ഇടതുപക്ഷം തകരണമെന്നാഗ്രഹിച്ച വലതുപക്ഷ ശക്തികൾ മതി മറന്നാഹ്ലാദിച്ചു. വിജയത്തിൽ മതി മറന്ന് ആഘോഷിക്കുന്നവരല്ല തങ്ങൾ. പരാജയപ്പെട്ടാൽ കടുത്ത നിരാശയുമില്ല.
പി.എസ്.സിയുടെ വിശ്വാസ്യത തകർക്കാനാണ് ചിലരുടെ ശ്രമം. രാജ്യത്ത് പി.എസ്.സി വഴി ജോലി നൽകുന്നതിന്റെ 60% കേരള പി.എസ്.സി വഴിയാണ്. ഇതു തകർക്കാനാണ് പി.എസ്.സിയെ പിരിച്ചു വിടാൻ മുൻ ഗവർണർ ആർലേക്കർ ശുപാർശ ചെയ്തത്. ഇത് ഡീലിന്റെ ഭാഗമാണ്. അതിന്റെ നന്ദി പ്രകടനമാണ് യാത്രഅയപ്പിലുണ്ടായത്. വിമാനത്താവളത്തിൽ പോയി ആലിംഗനം ചെയ്യുന്ന മുഖ്യമന്ത്രിയെയാണ് കണ്ടത്. യു.ഡി.എഫ് സർക്കാർ ആർ.എസ്.എസിന് കീഴ്‌പ്പെട്ടു. ഗവർണറെ ഉപയോഗിച്ച് ആർ.എസ്.എസ് നോമിനികളെ സർവകലാശാലകളിൽ കുത്തി നിറയ്ക്കുന്നു. ഇതിനെതിരെ അര അക്ഷരം ഉച്ഛരിക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി തയ്യാറല്ലെന്ന് പിണറായി പറഞ്ഞു.
നേതാക്കളുടെ പ്രസംഗം
40 മിനിറ്റ് മാത്രം
പാർട്ടി പരിപാടികളിൽ നേതാക്കളുടെ പ്രസംഗം 40 മിനിറ്റായി പരിമിതപ്പെടുത്തിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു.വിപുലീകൃത ഏരിയാ കമ്മിറ്റികൾ ഇന്നു മുതൽ ചേരും. 3 മാസത്തിലൊരിക്കൽ അവലോനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, എം.വി.ഗോവിന്ദൻ ഒരു മണിക്കൂർ കഴിഞ്ഞാണ് പ്രസംഗം അവസാനിപ്പിച്ചത്. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി.ശിവൻകുട്ടി അദ്ധ്യക്ഷനായിരുന്നു. എം.വിജയകുമാർ, ആനാവൂർ നാഗപ്പൻ, ജില്ലാ സെക്രട്ടറി വി.ജോയി എന്നിവരും സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |