SignIn
Kerala Kaumudi Online
Friday, 30 October 2026 5.32 AM IST

മഹാത്മാ മ്യൂസിക്സ് പൂക്കോടിന്റെ ഹൃദയതാളം സംഗീത വെളിച്ചത്തിൽ ലഹരിയുടെ ഇരുട്ടകന്നു

mahatma
മഹാത്മാ മ്യൂസിക്സിലെ ഗായകർ

കൂത്തുപറമ്പ്: ലഹരിയുടെ ഇരുട്ടിൽ നിന്നും യുവാക്കളെ സംഗീതത്തിന്റെ വെളിച്ചത്തിലേക്ക് കൊണ്ടുവന്ന കൂട്ടായ്മയാണ് പൂക്കോട് മഹാത്മാ മ്യൂസിക്സ്. 'വായനയാണ് ലഹരി, സംഗീതമാണ് ലഹരി' എന്ന സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ആഹ്വാനം ഏറ്റെടുത്ത്, ലഹരിക്കെതിരെ പാട്ടുകൊണ്ട് പോരാടാൻ 2017ൽ തുടങ്ങിയ കൂട്ടായ്മ ഇന്ന് പൂക്കോടിന്റെ സാംസ്‌കാരിക മുഖം.

2017 ഏപ്രിൽ 1ന് മിനിസ്‌ക്രീൻ താരവും മിമിക്രി കലാകാരനുമായ ശാർങ്ധരൻ കൂത്തുപറമ്പാണ് സംഗീത കൂട്ടായ്മ ഉദ്ഘാടനം ചെയ്തത്. വൈകുന്നേരമാകുമ്പോൾ ലഹരി തേടിപ്പോകുന്ന ചെറുപ്പക്കാരെ വായനശാലയിലേക്ക് എത്തിക്കുക എന്നതായിരുന്നു ലക്ഷ്യം. ആ ലക്ഷ്യമാണ് പൂവണിഞ്ഞത്.

ആഴ്ചയിൽ രണ്ട് ദിവസം, ചൊവ്വ, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം 6 മുതൽ 10 മണി വരെയാണ് പരിപാടി. ദിവസവും ശരാശരി 20ഓളം പേർ പാടാൻ എത്തും. കൊവിഡിന്റെ അടച്ചിടൽ കാലത്തുപോലും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ഈ സംഗീത സായാഹ്നങ്ങൾ മുടങ്ങാതെ നടന്നു. സ്ത്രീകൾക്കും കുട്ടികൾക്കും ആത്മവിശ്വാസത്തോടെ അരങ്ങിലെത്താൻ വേദിയൊരുക്കാനും പ്രായമായവർക്ക് മാനസികോല്ലാസം നൽകാനും ഈ കൂട്ടായ്മയ്ക്ക് സാധിച്ചു എന്നതാണ് ഏറ്റവും വലിയ നേട്ടം.

പ്രശസ്ത ഗായകരുടെയും സംഗീത സംവിധായകരുടെയും അനുസ്മരണങ്ങൾ, ഓണം, ക്രിസ്മസ്, പെരുന്നാൾ ആഘോഷങ്ങൾ, സമൂഹ നോമ്പുതുറ തുടങ്ങിയവയും സംഘടിപ്പിക്കുന്നു. സംഗീതം വേദികളിൽ മാത്രം ഒതുക്കാതെ കൈതച്ചാലിലെ സ്‌നേഹഭവനത്തിലും പാലാപ്പറമ്പിലെ ആരുമില്ലാത്ത അമ്മമാരുടെ മുന്നിലും ഇവർ സംഗീതവിരുന്ന് നടത്തിയിട്ടുണ്ട്.

പ്രാദേശിക ഗായകരെ പ്രോത്സാഹിപ്പിക്കുന്നതിനാൽ നാട്ടിലെ കല്യാണവീടുകളിലും പൊതുപരിപാടികളിലും ഇവർക്ക് നിരന്തരം ക്ഷണം ലഭിക്കുന്നു.
വായനശാലയെ വെറും പുസ്തകം വയ്ക്കുന്ന ഇടത്തിൽ നിന്നും നാടിന്റെ ഹൃദയമിടിപ്പായി മാറ്റിയ മഹാത്മാ മ്യൂസിക്സിന്റെ യാത്രയെ മുന്നോട്ടു നയിക്കുന്നത് റിട്ടയേർഡ് അദ്ധ്യാപകനും മഹാത്മവായനശാലയുടെ മുൻ സെക്രട്ടറിയും ജില്ല ലൈബ്രറി കൗൺസിൽ അംഗവുമായ കെ. സുരേന്ദ്രനാണ്. അംഗങ്ങളുടെ സഹായത്താലാണ് ഒരു ലക്ഷം രൂപ വിലവരുന്ന മൈക്ക് സെറ്റും വായനശാലാ ഹാളിലെ താൽക്കാലിക സ്റ്റേജും ഒരുക്കിയത്.

100 ലധികം അംഗങ്ങൾ

1. 100ലധികം അംഗങ്ങളുള്ള വലിയൊരു കുടുംബമാണ് ഇന്ന് മഹാത്മാ മ്യൂസിക്സ്. ജാതി-മത-ലിംഗ-പ്രായ ഭേദമന്യേ എല്ലാവരും ഒരുമിച്ചാണ് പാട്ടുപാടുന്നത്.

2. മഹാത്മാ മ്യൂസിക്സിന് ഒരു കർശന നിബന്ധനയുണ്ട്. ഒരാൾ ഒരു പാട്ട് പാടിയാൽ നിർബന്ധമായും അവിടെയിരുന്ന് രണ്ട് പാട്ട് കേൾക്കണം. കേൾക്കാനുള്ള സംസ്‌കാരമാണ് ഇതിലൂടെ വളർത്തുന്നത്.

3. പാട്ടിനപ്പുറം കരുതലും. കൂട്ടായ്മയിലെ ഏതെങ്കിലും അംഗത്തിന് രോഗമോ അപകടമോ സാമ്പത്തിക പ്രയാസമോ വന്നാൽ വാട്സ്ആപ്പ് കോളിൽ പണം സ്വരൂപിച്ച് സഹായിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, MUSIC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL