തലശ്ശേരി: ഉപയോഗശേഷമുള്ള ഡയപ്പറുകൾ ശാസ്ത്രീയമായി സംസ്കരിക്കാൻ കണ്ണൂർ ജില്ലയിൽ ആദ്യമായി ഡയപ്പർ സംസ്കരണ യൂണിറ്റ് ഒരുങ്ങുന്നു. കതിരൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കുണ്ടുചിറ വാതക ശ്മശാനത്തോട് ചേർന്നാണ് യൂണിറ്റ് സ്ഥാപിച്ചത്.
25 ലക്ഷത്തിലധികം രൂപ ചെലവഴിച്ച് പൂർത്തിയാക്കിയ പദ്ധതിയിൽ കതിരൂരിന് പുറത്തെ തദ്ദേശ സ്ഥാപനങ്ങൾക്കും പ്രയോജനം ലഭിക്കും. ഉയർന്ന താപനിലയിൽ ഡയപ്പറുകൾ ദഹിപ്പിച്ച് സംസ്കരിക്കുന്ന രീതിയിലാണ് യൂണിറ്റിന്റെ പ്രവർത്തനം. പരിസ്ഥിതിക്ക് ആഘാതമുണ്ടാകാത്ത വിധത്തിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നതെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.
ഹരിതകർമസേനാംഗങ്ങളുടെ സേവനം പ്രയോജനപ്പെടുത്തി ഡയപ്പറുകൾ ശേഖരിക്കാനാണ് തീരുമാനം. ഏറ്റവും കുറഞ്ഞ നിരക്കിൽ മാലിന്യശേഖരണം ഉറപ്പാക്കുമെന്നും പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി പവിത്രൻ പറഞ്ഞു. നവംബർ ഏഴിന് രാവിലെ 11ന് കാരായി രാജൻ എം.എൽ.എ യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിക്കും. ഡയപ്പർ മാലിന്യ സംസ്കരണത്തിന് പ്രാദേശിക തലത്തിൽ പരിഹാരമൊരുക്കുന്ന പദ്ധതി ശുചിത്വ മേഖലയ്ക്ക് പുതിയ ചുവടുവെപ്പാകുമെന്നാണ് പ്രതീക്ഷ.
25,19,700 രൂപ
2025–26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 25,19,700 രൂപ ചെലവഴിച്ചാണ് യൂണിറ്റിന്റെ നിർമാണം പൂർത്തിയാക്കിയത്. എൽ.പി.ജി ഗ്യാസ് ഉപയോഗിച്ചാണ് പ്രവർത്തനം. 50 കിലോഗ്രാം ശേഷിയുള്ള ഡബിൾ ചേമ്പർ ഇൻസിനറേറ്ററാണ് സ്ഥാപിച്ചത്.
പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിനൊപ്പം ഡയപ്പർ മാലിന്യ സംസ്കരണത്തിന് ശാശ്വത പരിഹാരം കണ്ടെത്തുക എന്നതാണ് ലക്ഷ്യം. പൊതുജനങ്ങൾക്ക് ഏറെ പ്രയോജനകരമാകും ഈ പദ്ധതി
പി.പി. സുജയ, പഞ്ചായത്ത് പ്രസിഡന്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |