പാണത്തൂർ: ചരിത്ര പ്രസിദ്ധമായ പാണത്തൂർ മഞ്ഞടുക്കം തുളൂർവനത്ത് ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവത്തിന് ഇന്നലെ തുടക്കമായി. കളിയാട്ടത്തിന് മുന്നോടിയായി ശിവരാത്രി ദിനം അർദ്ധരാത്രിയിൽ ക്ഷേത്ര തെക്കേവാതിൽ തുറന്നു. തുടർന്ന് ഇന്നലെ രാവിലെ 9.30ന് നേക്കണീശൻ അവകാശിക്കും, വണ്ണാൻ സമുദായത്തിലെ ആചാര സ്ഥാനികരായ മടിയൻ ചിങ്കം, മടിയൻ പുല്ലൂരാൻ, മടിയൻ കർണ്ണമൂർത്തി എന്നിവർക്കും നാട്ടുകാർക്കും പാണത്തൂർ കാട്ടൂർ തറവാടിൽ വച്ച് കാരണവർ വെറ്റിലടക്ക നൽകി. തുടർന്ന് തെയ്യങ്ങളുടെ മെയ്യാഭരണങ്ങൾ അടങ്ങിയ ഭണ്ഡാരപ്പെട്ടി പാണത്തൂർ കാട്ടൂർ വീട്ടിൽ നിന്നും മഞ്ഞടുക്കം ക്ഷേത്രത്തിലെത്തിച്ചു. രാത്രിയിൽ അടർ ഭൂതം, നാഗരാജാവ്, നാഗകന്യക എന്നീ തെയ്യക്കോലങ്ങൾ കെട്ടിയാടി. ഇന്നു പുലർച്ചെ ദേവരാജാവും ദേവകന്യകയും കെട്ടിയാടും. എട്ട് ദിവസങ്ങളിലായി നടക്കുന്ന കളിയാട്ടത്തിൽ 101 തെയ്യക്കോലങ്ങൾ അരങ്ങിലെത്തി ആയിരങ്ങൾക്ക് അനുഗ്രഹം നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |