SignIn
Kerala Kaumudi Online
Friday, 23 October 2026 2.52 AM IST

പെരുങ്കളിയാട്ടത്തിനൊരുങ്ങി ശ്രീരാമവില്ല്യം കഴകം

temple
പടന്ന മുണ്ട്യയിലെ കലശക്കാരന്റെ പരികർമ്മി പട്ടേൽകടപ്പുറത്തെ കുതിരുമ്മൽ ചന്തൻ കഴകത്തിനുള്ളിൽ ഉപയോഗിക്കാനുള്ള ചെമ്പ് കുടം രാമവില്ല്യം തിരുസന്നിധിയിൽ സമർപ്പിക്കുന്നു.

തൃക്കരിപ്പൂർ: ഉത്തരകേരളത്തിലെ കഴകങ്ങളിൽ പ്രധാനമായ ശ്രീരാമവില്ല്യം കഴകം പെരുങ്കളിയാട്ടത്തിന് ഒരുങ്ങി. നാളെ മുതൽ 12 വരെ നടക്കുന്ന പെരുങ്കളിയാട്ടം വിജയിപ്പിക്കാൻ സംഘടകസമിതിയും ക്ഷേത്ര കമ്മിറ്റിയും സബ് കമ്മിറ്റികളും അവസാനവട്ട ഒരുക്കത്തിലാണ്. കളിയാട്ടത്തിന്റെ ഭാഗമായി എല്ലാ ദിവസവും കലാ സാംസ്കാരിക പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.

ഐതിഹ്യ പെരുമയാൽ സമ്പന്നമായ ക്ഷേത്രം തെക്കേ തൃക്കരിപ്പൂർ ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഒളവറ മുണ്ട്യക്കാവ്, കൂലേരി മുണ്ട്യ, പടന്ന മുണ്ട്യ, തടിയൻ കൊവ്വൽ മുണ്ട്യ, കുറുവാപ്പള്ളി അറ എന്നീ കീഴ്ഘടക ക്ഷേത്രങ്ങളിലായി തൃക്കരിപ്പൂർ, പടന്ന, വലിയപറമ്പ് പഞ്ചായത്തുകളിലായി വിശാലമായ പ്രവർത്തന പരിധിയുള്ളതാണ് ക്ഷേത്രം. ശ്രീ പടക്കെത്തി ഭഗവതിയും, ശ്രീ പൂമാല ഭഗവതിയുമാണ് പ്രധാന ആരാധനാ മൂർത്തികൾ.

25 വർഷങ്ങൾ കൂടുമ്പോഴാണ് പെരുങ്കളിയാട്ടം നടക്കുന്നത്. 1999-ലാണ് അവസാനമായി പെരുങ്കളിയാട്ടം നടന്നത്. നൂറോളം തെയ്യക്കോലങ്ങൾ ആചാരാനുഷ്ഠാന വിധികളോടെ കളിയാട്ട ദിവസങ്ങളിൽ അരങ്ങിലെത്തും. ഏഴ് ദിവസങ്ങളിലായി നടക്കുന്ന പെരുങ്കളിയാട്ടത്തിൽ എത്തിച്ചേരുന്ന ലക്ഷക്കണക്കിന് ഭക്തജനങ്ങൾക്ക് രണ്ടുനേരവും പ്രസാദമായി അന്നദാനം ഉണ്ടാവും. ജാതിമതഭേദമന്യേയുള്ള പങ്കാളിത്തം കൊണ്ട് പെരുങ്കളിയാട്ടം.ജനകീയ ഉത്സവമായി മാറ്റുകയാണ് സംഘാടകസമിതി.


ഇന്നലെ കലവറ പടന്ന മുണ്ട്യയിൽ നിന്നും

പെരുങ്കളിയാട്ടത്തിന് നാടിന്റെ നാനാ ഭാഗങ്ങളിൽ നിന്നും എത്തുന്ന പതിനായിരക്കണക്കിന് ഭക്തരെ അന്നമൂട്ടുന്നതിനുള്ള വിഭവശേഖരണത്തിനായുള്ള കലവറ നിറയ്ക്കൽ ഇന്നലെ പടന്ന മുണ്ട്യയിൽ നിന്നും വൈകുന്നേരത്തോടെ ക്ഷേത്രത്തിലെത്തി. നൂറുകണക്കിന് സ്ത്രീകളാണ് കലവറ ഘോഷയാത്രയിൽ അണിനിരന്നത്. ആചാര സ്ഥാനികർ, ഭാരവാഹികൾ, വാല്യക്കാർ, കലവറ കമ്മിറ്റിക്കാർ തുടങ്ങിയവർ ഘോഷയാത്രക്ക് നേതൃത്വം നൽകി. ഘോഷയാത്ര കഴകത്തിൽ പ്രവേശിച്ചു പ്രദക്ഷിണം ചെയ്തു. തുടർന്ന് അന്തിത്തിരിയന്മാർ കുറിയിട്ട് അനുഗ്രഹം ചൊരിഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, RAMAVILYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL