SignIn
Kerala Kaumudi Online
Wednesday, 20 May 2026 2.33 AM IST

50 വർഷങ്ങൾക്ക് ശേഷം 'സംസ്‌കാര' വീണ്ടും സ്ക്രീനിൽ

samskara
'സംസ്‌കാര'


ഇന്നും ഹൃദയങ്ങളിൽ തറക്കുന്ന ചാട്ടുളിയായി സിനിമ


കാസർകോട്: 50 വർഷം മുമ്പ് ഏറെ വിപ്ലവം സൃഷ്ടിക്കുകയും പുതിയൊരു സിനിമാ സംസ്‌കാരത്തിന് തുടക്കം കുറിക്കുകയും ചെയ്ത പ്രശസ്ത കന്നഡ ചലച്ചിത്രമായ 'സംസ്‌കാര' വീണ്ടും കാസർകോട്ട് പ്രദർശിപ്പിച്ചപ്പോൾ അത് പുതിയ കാലത്തും നിരവധി ചോദ്യങ്ങൾ ഉയർത്തുന്ന ചാട്ടുളിയായി . വിദ്യാനഗറിലെ അസാപ് ഹാളിൽ നിറഞ്ഞ കാണികളുടെ മുന്നിലാണ് സിനിമ പ്രദർശിപ്പിച്ചത്. യു.ആർ അനന്തമൂർത്തിയുടെ 'സംസ്‌കാര' എന്ന നോവിലിനെ ആസ്പദമാക്കി പട്ടാഭിരാമ റെഡ്ഡി സംവിധാനം ചെയ്ത് ഗിരീഷ് കർണാഡ് ആദ്യമായി അഭിനയിച്ച സിനിമ ബ്ലാക്ക് ആന്റ് വൈറ്റിന്റെ തെളിച്ചക്കുറവിലും കണ്ണും കാതും സമർപ്പിച്ചാണ് കാണികൾ ആദ്യാവസാനം വരെ കണ്ടുനിന്നത്.

ഹൃദയത്തിലുണർന്ന കുറേ ചോദ്യങ്ങളുമായാണ് അവർ സിനിമ കണ്ടിറങ്ങിയത്. കാസർകോട് ഫിലിം സൊസൈറ്റി 'ബയോണ്ട് 50' ആഘോഷങ്ങളുടെ ഭാഗമായാണ് കന്നഡ സിനിമയിലെ എക്കാലത്തെയും ക്ലാസിക്കായ സംസ്‌കാര പ്രദർശിപ്പിച്ചത്. ജാതിമതഭേദങ്ങളുടെ കൂടി സൃഷ്ടിയായ ഉച്ചനീചത്വങ്ങൾ നിലനിൽക്കുന്ന ഒരു സമൂഹത്തോട് കലഹിക്കുന്നതായിരുന്നു സിനിമയുടെ ആവിഷ്‌കാരം. ചിത്രം ദേശീയഅന്തർദ്ദേശീയ പുരസ്‌കാരങ്ങൾ നേടിയിരുന്നു.

സംസ്‌കാര എന്ന സിനിമയെ കുറിച്ചും നോവലിനെക്കുറിച്ചും അതിന്റെ വർത്തമാനകാല പ്രസക്തിയെക്കുറിച്ചും നിരൂപണത്തിന് കേരള സാഹിത്യ അക്കാദമിയുടെയും കേന്ദ്രസാഹിത്യ അക്കാദമിയുടെയും പുരസ്‌കാരങ്ങൾ നേടിയ പ്രൊഫ. ഇ.വി. രാമകൃഷ്ണൻ സംസാരിച്ചു. സമൂഹത്തിന്റെ ഭാവുകത്വത്തെ നവീകരിച്ച കൃതിയാണ് സംസ്‌കാര എന്നും ഭാവിയെപ്പറ്റി ദീർഘദർശനം നടത്തുന്നു എന്നതാണ് ഈ കൃതിയുടെയും ഇതിനെ ആസ്പദമാക്കിയുള്ള സിനിമയുടെയും പ്രസക്തി. ഒരേ ആശയത്തിന്റെ വ്യത്യസ്ത വീക്ഷണങ്ങൾ മനുഷ്യരുടെ ശരിതെറ്റുകളുടെ ദ്വന്ദം എങ്ങനെ സാമ്യതയും വിരുദ്ധതയുമായി എന്നതും സംസ്‌കാര എന്ന കൃതിയും സിനിമയും സമൂഹത്തോട് ചൂണ്ടികാണിക്കുന്നുണ്ടെന്നും ഇ.വി. രാമകൃഷ്ണൻ പറഞ്ഞു.

കാസർകോട് ഫിലിം സൊസൈറ്റി പ്രസിഡന്റ് ജി.ബി. വൽസൻ ആമുഖ ഭാഷണം നടത്തി. സിനി റിഥം മാഗസിൻ പ്രൊഫ. സി. ബാലൻ സുജി മഠത്തലിന് നൽകി പ്രകാശനം ചെയ്തു. ആകാശവാണിയിലെ വയലിൻ ആർട്ടിസ്റ്റായ പ്രൊഫ. എ.എൽ. അനന്ത പത്മനാഭ വയലിനിൽ രാഗമാലിക അവതരിപ്പിച്ചുകൊണ്ടാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. ഫിലിം സൊസൈറ്റി ഭാരവാഹികളായ സുബിൻ ജോസ്, എം. പത്മാക്ഷൻ, ടി.എ. ഷാഫി തുടങ്ങിയവർ സംബന്ധിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KASARGOD, CINIMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL