SignIn
Kerala Kaumudi Online
Monday, 08 June 2026 2.41 AM IST

കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നിർദേശങ്ങൾ എത്തിയില്ല, അനിശ്ചിതത്വം തുടരുന്നു

ksrtc
കെ.എസ്.ആർ.ടി.സി

കാഞ്ഞങ്ങാട്: സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യ യാത്ര ഉറപ്പാക്കുമെന്ന പ്രഖ്യാപനം നടപ്പിലാക്കുന്നത് നീളുമോ എന്ന ആശങ്കയിൽ വനിതകൾ. യു.ഡി എഫ് മന്ത്രിസഭാ അധികാരമേറ്റ ഉടനെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ പ്രധാനമായ സൗജന്യ യാത്ര പദ്ധതി ജൂൺ 15 മുതൽ നടപ്പാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും ജില്ലാ ഡിപ്പോകളിൽ ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങളൊന്നും ഇതുവരെ എത്തിയിട്ടില്ല.

പദ്ധതിയുടെ സാങ്കേതികവും സാമ്പത്തികവുമായ ഒരുക്കങ്ങൾ പുരോഗമിക്കുന്നുണ്ടെന്നാണ് അധികൃതർ ഇപ്പോഴും വ്യക്തമാക്കുന്നത്. സൗജന്യ യാത്ര അനുവദിക്കാനുള്ള സർക്കാർ തീരുമാനത്തിന് അനുകൂലമാണ് സ്ത്രീകളിൽ ഭൂരിഭാഗവും. രാഷ്ട്രീയമായ എതിർപ്പുള്ളവർ മാത്രമാണ് പദ്ധതിയെ ഇകഴ്ത്തുന്നത്. സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നത് ഏതൊക്കെ ബസുകളിൽ ആണെന്ന കാര്യത്തിലും ഇതുവരെ വ്യക്തത വന്നിട്ടില്ല.

കെ.എസ്.ആർ.ടി.സി പ്രത്യേകം പിങ്ക് ബസ് ഇറക്കി ആ ബസ് ഓടുന്ന റൂട്ടിൽ മാത്രമാകും സൗജന്യ യാത്ര എന്നാണ് തുടക്കത്തിൽ പറഞ്ഞുകേട്ടിരുന്നത്. പിന്നീട് അറിയിപ്പ് വന്നത് ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന കാര്യം പരിശോധിക്കുകയാണ് എന്നാണ്. ഫാസ്റ്റ് പാസഞ്ചറിലും സൗജന്യമുണ്ടാകുമെന്ന അഭ്യൂഹവും പരക്കുന്നു.

എന്തായാലും സ്ത്രീകളുടെ സൗജന്യ യാത്രയിൽ അനിശ്ചിതത്വം തുടരുന്നതിനാൽ 15ന് മുമ്പ് തീരുമാനം ഉണ്ടാകുമോ എന്ന കാര്യം സംശയമാണ്.

കെ.എസ്.ആർ.ടി.സിക്ക് അധിക ബാദ്ധ്യത

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെ.എസ്.ആർ.ടി.സിക്ക് ഈ പദ്ധതി അധിക ബാധ്യത സൃഷ്ടിക്കുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്. പദ്ധതി നടപ്പാക്കുന്നതിനായി സർക്കാർ പ്രതിമാസം വലിയ തുക സബ്സിഡിയായി നൽകേണ്ടി വരുമെന്നാണ് വിലയിരുത്തൽ.

കാസർകോട്ട് 110 ഓർഡിനറി

കാസർകോട് ജില്ലയിൽ 161 കെ.എസ്.ആർ.ടി.സി ബസുകളിൽ 110 എണ്ണവും ഓർഡിനറിയാണ്. കാസർകോട് ഡിപ്പോയിൽ ആകെയുള്ള 97 ബസുകളിൽ 66 എണ്ണവും കാഞ്ഞങ്ങാട് ഡിപ്പോയിൽ 64 ബസുകളിൽ 54 എണ്ണവും ഓർഡിനറി ബസുകളാണ്‌. ഇതിൽ 75 ശതമാനവും മംഗളൂരു, ദേശീയപാത, കാസർകോട്-ചന്ദ്രഗിരി- കാഞ്ഞങ്ങാട് സംസ്ഥാനപാത എന്നിവയിലൂടെ സർവീസ് നടത്തുന്നതാണ്. സർക്കാർ ബസുകൾ ഇല്ലാത്ത റൂട്ടുകളിൽ സർവീസ് നടത്താൻ സമ്മർദ്ദമുണ്ടെങ്കിലും ആവശ്യത്തിന് ബസുകൾ ഇല്ലാത്ത പ്രശ്നം നിലനിൽക്കുകയാണ്. തിരക്കേറിയ ബോവിക്കാനം-കുറ്റിക്കോൽ, കാസർകോട്-ബന്തടുക്ക തുടങ്ങിയ റൂട്ടുകളിൽ വിരലിലെണ്ണാവുന്ന സർവീസുകൾ മാത്രമാണ് നിലവിലുള്ളത്. ബസുകളുടെ എണ്ണത്തിൽ സംസ്ഥാനത്ത് ഏറ്റവും പിന്നിലുള്ള ജില്ലകളിലൊന്നാണ് കാസർകോട്. 154 ബസുകളുള്ള മലപ്പുറം മാത്രമാണ് കാസർകോട് ജില്ലയ്ക്കു പിറകിലുള്ളത്. തിരുവനന്തപുരത്ത് 900 ത്തിലേറെ കെ.എസ്.ആർ.ടിസി ബസുകളുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KASARGOD, KSRTC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL