തെക്കേക്കാട്(കാസർകോട്): തീരപരിപാലന നിയമം ലംഘിച്ചും പരിസ്ഥിതി പ്രശ്നങ്ങളുണ്ടാക്കിയും കായൽ കൈയേറ്റം നിർബാധം തുടരുമ്പോഴും വിജിലൻസ് അന്വേഷണ റിപ്പോർട്ട് ഡയറക്ടറേറ്റിൽ പൊടിപിടിച്ചു കിടക്കുന്നു. പടന്ന മേഖലയിൽ കായൽ കൈയേറി പണിത റിസോർട്ടുകൾ പ്രവർത്തിക്കുന്നുണ്ടെന്ന പരാതിയിൽ വിജിലൻസ് വിഭാഗം റിസോർട്ടിലും പടന്ന പഞ്ചായത്ത് ഓഫീസിലും ഉൾപ്പെടെ പരിശോധന നടത്തി ആറു മാസം മുമ്പ് സമർപ്പിച്ച റിപ്പോർട്ടാണ് വെളിച്ചം കാണാതെ പോകുന്നത്.
കാസർകോട് വിജിലൻസ് ഡിവൈ.എസ്.പി വി. ഉണ്ണികൃഷ്ണൻ പ്രാഥമികാന്വേഷണം നടത്തി കൈയേറ്റം ബോധ്യപ്പെട്ടതിനെ തുടർന്ന് വിജിലൻസ് സ്വമേധയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു.
പടന്ന തെക്കെകാട്ടിൽ കായൽ കൈയേറി നിർമ്മിച്ചുവെന്ന ആരോപണം നേരിടുകയും പതിറ്റാണ്ടിലധികമായി പ്രവർത്തിക്കുകയും ചെയ്യുന്ന റിസോർട്ടിൽ കാസർകോട് വിജിലൻസ് സി.ഐ പി. നാരായണന്റെ നേതൃത്വത്തിലും പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കവ്വായി കായലിനോടു ചേർന്നുള്ള നിർമ്മാണവും ഗ്രാമ പഞ്ചായത്തിനും ഉത്തരവാദപ്പെട്ട ഏജൻസികൾക്കും സംഭവിച്ച പിഴവും റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു. വലിയപറമ്പ് പഞ്ചായത്തിലും നിയമലംഘനവുമായി ബന്ധപ്പെട്ടുള്ള പരാതികളുണ്ട്. സർക്കാർ ഏജൻസികൾ തന്നെ വലിയപറമ്പിൽ നിയമലംഘനം നടത്തിയെന്ന ആരോപണം ഉയരുന്നുണ്ട്.
കായൽ കൈയേറ്റം
ടൂറിസത്തിന്റെ മറവിൽ
ടൂറിസത്തിന്റെ മറവിലാണ് കായലുകളും പുഴയോരവും കൈയേറുന്നത്. പടന്ന, വലിയപറമ്പ് പഞ്ചായത്തുകളിൽ നിയമം ലംഘിച്ച് റിസോർട്ടുകളും കെട്ടിടങ്ങളും നിർമ്മിച്ചതായി വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഏഴിമലയുടെ താഴ്‌വാരം വരെയുള്ള കായലിന്റെ വീതികുറഞ്ഞ ഭാഗങ്ങളിലാണ് അനധികൃത കെട്ടിടങ്ങൾ . സർക്കാർ രേഖയില്ലാത്ത സ്ഥലത്ത് അനുമതിയില്ലാതെ പണിത കെട്ടിടങ്ങളിൽ നിന്ന് സ്വകാര്യ വ്യക്തികൾ നേട്ടമുണ്ടാക്കുമ്പോൾ സർക്കാരിനും പഞ്ചായത്തിനും നികുതിയിനത്തിൽ ഒരുരൂപയും ലഭിക്കുന്നില്ല.
നോട്ടീസിന് വിലകൽപ്പിക്കാതെ...
അനുമതി ഇല്ലാതെ നിർമിച്ച കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നതിന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പലതവണ നോട്ടീസ് നൽകിയിട്ടും റിസോർട്ട് അധികൃതർ ഗൗനിച്ചിട്ടില്ല. എം.എൽ.എക്കും മുഖ്യമന്ത്രിക്കും നിവേദനം നൽകിയിട്ടുണ്ടെന്നും തീരദേശ പരിപാലന നിയമത്തിൽ ഇളവ് കിട്ടുമെന്നുമാണ് ഉടമകൾ വിജിലൻസിനോട് പറഞ്ഞത്. ഇളവ് നൽകുമെന്ന പ്രഖ്യാപനം വന്നതല്ലാതെ വിജ്ഞാപനം ഇറങ്ങിയിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |