കാസർകോട്: ടൂറിസത്തിന്റെ മറവിൽ കായൽ കൈയേറി കെട്ടിടങ്ങൾ നിർമ്മിച്ച സംഭവത്തിൽ സംസ്ഥാന വിജിലൻസ് നടപടി കടുപ്പിച്ചാൽ കൈയേറ്റത്തിന് ഒത്താശ ചെയ്തെന്ന കുറ്റത്തിന് കുടുങ്ങുന്നവരിൽ, കെട്ടിട ഉടമയ്ക്ക് പുറമെ ഗ്രാമ പഞ്ചായത്ത് ഉദ്യോഗസ്ഥരും ഉൾപ്പെടും.
2025 ഒക്ടോബർ ഒമ്പതിന് കാസർകോട് വിജിലൻസ് യൂണിറ്റ് അഴിമതി നിരോധന വകുപ്പ് പ്രകാരം പ്രഥമ വിവര നമ്പർ വി.സി 06/2025 ആയി കേസ് രജിസ്റ്റർ ചെയ്ത് തലശേരി വിജിലൻസ് കോടതിയിൽ സമർപ്പിച്ച എഫ്.ഐ.ആറിൽ 2006-07 കാലയളവിലെ പടന്ന ഗ്രാമ പഞ്ചായത്ത് ജീവനക്കാരും പ്രതിസ്ഥാനത്തുണ്ട്. അന്നത്തെ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എൻ. മനോജ്, എൽ.ഡി ക്ലർക്ക് ഇടയിലക്കാട്ടിലെ കെ.വി കോമളവല്ലി എന്നിവരുടെ പേരുകളാണ് വിജിലൻസ് പ്രഥമ വിവര റിപ്പോർട്ടിൽ ഒന്നും രണ്ടും പ്രതിസ്ഥാനത്തായി രേഖപ്പെടുത്തിയിട്ടുള്ളത്. പടന്ന തെക്കേക്കാട്ടിലെ 'ഓയിസ്റ്റർ ഒപേര' സ്ഥാപനത്തിന്റെ ഉടമ ജി.എസ് ഗുൽ മുഹമ്മദ് മൂന്നാം പ്രതിയാണ്. മനോജ് പഞ്ചായത്ത് അസി. ഡയറക്ടറായി മേയ് 31ന് വിരമിച്ചു. കോമളവല്ലി തൃക്കരിപ്പൂർ പഞ്ചായത്തിൽ നിന്നുമാണ് വിരമിച്ചത്.
ജീവനക്കാർ കുടുങ്ങുന്നത് സമ്മർദ്ദങ്ങൾക്ക് വഴിപ്പെട്ട്
രാഷ്ട്രീയവും മറ്റുമായ സമ്മർദ്ദങ്ങൾക്കും വഴിപ്പെട്ട് ഉത്തരവുകളിൽ ഒപ്പുവയ്ക്കേണ്ടി വരുമ്പോഴാണ് പഞ്ചായത്ത് ജീവനക്കാർ ഇത്തരം കേസുകളിൽ അകപ്പെട്ടുപോകുന്നത്. തെക്കേക്കാട്ടിൽ അനധികൃത കെട്ടിടങ്ങൾക്ക് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തുവന്നപ്പോൾ കെട്ടിടത്തിന് നമ്പർ അനുവദിക്കാൻ അന്നത്തെ ഉദ്യോഗസ്ഥരിൽ വലിയ സമ്മർദ്ദമാണ് ഉണ്ടായത്. രാഷ്ട്രീയ സമ്മർദ്ദവും ജോലിഭാരവും കാരണം പലതിനെ കുറിച്ചും വിശദമായി പഠിക്കാൻ പോലും ജീവനക്കാർക്ക് സാവകാശം കിട്ടാറില്ലെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറയുന്നത്.
ഔദ്യോഗിക പദവിയുടെ ദുരുപയോഗം
ഗുൽമുഹമ്മദിന്റെയും ഭാര്യയുടെയും പേരിൽ തീരദേശ പരിപാലന നിയമത്തിന് വിരുദ്ധമായി നിർമ്മിച്ച കെട്ടിടങ്ങൾക്ക് കെട്ടിട നമ്പർ നൽകി ചട്ടലംഘനം നടത്തിയെന്നും അതുവഴി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്നുമാണ് പഞ്ചായത്ത് ഉദ്യോഗസ്ഥർക്കെതിരായി വിജിലൻസ് ആരോപിച്ചിരിക്കുന്ന കുറ്റം. കാസർകോട് വിജിലൻസ് ഡിവൈ.എസ്.പി വി. ഉണ്ണികൃഷ്ണന്റെ മേൽനോട്ടത്തിൽ സി.ഐ പി. നാരായണന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്. വിജിലൻസ് സംഘം സ്ഥലത്ത് പരിശോധന നടത്തിയപ്പോൾ കൈയേറ്റം പ്രഥമദൃഷ്‌ട്യാ ബോധ്യപ്പെട്ടിരുന്നു. പടന്ന ഗ്രാമ പഞ്ചായത്ത് ഓഫീസിൽ നിന്നും ഇതുമായി ബന്ധപ്പെട്ട രേഖകൾ കസ്റ്റഡിയിൽ എടുത്തു പരിശോധിക്കുകയും ബന്ധപ്പെട്ട ആളുകളെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |