മഞ്ചേശ്വരം സിവിൽ സ്റ്റേഷൻ
മെഡിക്കൽ കോളേജ് വികസനം
എൻഡോസൾഫാൻ സഹായം വേഗത്തിൽ
കാസർകോട്: മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച 2026-27 പുതുക്കിയ സംസ്ഥാന ബഡ്ജറ്റിൽ കാസർകോട് ജില്ലയ്ക്ക് പ്രത്യേക പ്രാധാന്യം. ആരോഗ്യ, വിദ്യാഭ്യാസ, അടിസ്ഥാനസൗകര്യ വികസനം, എൻഡോസൾഫാൻ ദുരിതബാധിതരുടെ ക്ഷേമം എന്നിവ കേന്ദ്രീകരിച്ചാണ് പ്രധാന പ്രഖ്യാപനങ്ങൾ.
പിന്നാക്ക ജില്ലകളായ കാസർകോട്, വയനാട്, ഇടുക്കി എന്നിവയ്ക്കായി നടപ്പാക്കിവരുന്ന പ്രത്യേക വികസന പാക്കേജുകൾ വേഗത്തിലാക്കുമെന്ന് ബഡ്ജറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, തൊഴിൽ-ഉപജീവന പദ്ധതികൾ എന്നിവയ്ക്ക് മുൻഗണന നൽകുമെന്നും മനുഷ്യ-വന്യജീവി സംഘർഷം നേരിടുന്ന മേഖലകളിൽ പ്രത്യേക പദ്ധതികൾ നടപ്പാക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചു.
ജില്ലയിലെ പ്രധാന ആരോഗ്യസ്ഥാപനമായ ബദിയടുക്ക സർക്കാർ മെഡിക്കൽ കോളേജിന്റെ അടിസ്ഥാനസൗകര്യ വികസനത്തിനും പ്രത്യേക ശ്രദ്ധ നൽകിയിട്ടുണ്ട്. ജീവനക്കാരുടെ നിയമനം, ആധുനിക ഉപകരണങ്ങളുടെ ലഭ്യത എന്നിവ ഉറപ്പാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി 100 കോടി രൂപ വകയിരുത്തി.
എൻഡോസൾഫാൻ ദുരിതബാധിതർക്ക് അർഹമായ എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കുമെന്നും ദുരിതബാധിത കുടുംബങ്ങളുടെ സംരക്ഷണവും പരിപാലനവും സർക്കാർ ഏറ്റെടുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും ബഡ്ജറ്റിൽ വ്യക്തമാക്കുന്നു. ജില്ലയുടെ വികസന ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ഏറെ നാളായി ഉയരുന്ന മഞ്ചേശ്വരം സിവിൽ സ്റ്റേഷൻ പദ്ധതി യാഥാർത്ഥ്യമായേക്കും. താലൂക്കിലെ വിവിധ സർക്കാർ ഓഫീസുകൾ ഒരേ കുടക്കീഴിൽ പ്രവർത്തിക്കുന്ന തരത്തിൽ മിനി സിവിൽ സ്റ്റേഷനെന്ന ആവശ്യം വർഷങ്ങളായി നിലനിൽക്കുകയാണ്. സിവിൽ സ്റ്റേഷൻ നിർമ്മാണം വേഗത്തിലാക്കണമെന്ന ആവശ്യം ശക്തമാണ്.
മെഡിക്കൽ കോളേജ് വികസനം, എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള പിന്തുണ, പ്രത്യേക ജില്ലാപാക്കേജ് എന്നിവയിലൂടെ ജില്ലയ്ക്ക് ബഡ്ജറ്റിൽ വ്യക്തമായ പരിഗണന ലഭിച്ചിട്ടുണ്ടെങ്കിലും മഞ്ചേശ്വരം സിവിൽ സ്റ്റേഷൻ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ പദ്ധതികൾക്കും പ്രത്യേക ധനവിനിയോഗം വേണമെന്ന ആവശ്യം ഉയരുന്നുണ്ട്. ജില്ലയുടെ സമഗ്ര വികസനത്തിനായുള്ള പദ്ധതികൾ യഥാസമയം നടപ്പാക്കപ്പെടുമോയെന്നതാണ് ഇനിയുള്ള ആശങ്ക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |