SignIn
Kerala Kaumudi Online
Wednesday, 05 August 2026 2.51 AM IST

അപകടം പതിയിരിക്കുന്ന കോവളം കാരോട് ബൈപ്പാസ്

1

പൂവാർ: കോവളം കാരോട് ബൈപ്പാസ് റോഡിൽ അപകടങ്ങൾ പതിവാകുന്നതായി പരാതി. കാൽനടയാത്രപോലും ദുഃസഹമാണ്. ബൈപ്പാസിൽ കാഞ്ഞിരംകുളം ഭാഗത്തെ തടത്തിക്കുളം,പുറുത്തിവിള,മണ്ണക്കൽ തുടങ്ങിയ മേഖലകളിൽ അപകടം പതിവാണ്. സ്ട്രീറ്റ് ലൈറ്റും സിഗ്നൽ ലൈറ്റും ശരിയായ ദിശാസൂചക ബോർഡുകളും സ്ഥാപിക്കാതെ ബൈപ്പാസ് റോഡ് ഗതാഗതത്തിന് തുറന്നു കൊടുത്തതാണ് അപകടങ്ങൾക്ക് കാരണമായതെന്ന് നാട്ടുകാർ ആരോപിക്കുന്നു.കോവളം മുതൽ കാരോട് വരെയുള്ള 16 കിലോമീറ്റർ ബൈപ്പാസ് റോഡ്, അപകടക്കെണിയായിട്ടും ബൈപ്പാസ് അതോറിട്ടിക്കോ,റോഡ് നിർമ്മാണ ചുമതല വഹിച്ച എൽ.എൻ.ടി കമ്പനിക്കോ അനക്കമില്ല.പൂർണമായും കോൺക്രീറ്റ് റോഡായതിനാൽ നിർമ്മാണത്തിലെ അപാകതയും അപകടങ്ങൾക്ക് കാരണമാകുന്നതായി പറയപ്പെടുന്നു. കൂടാതെ കാഞ്ഞിരംകുളം തടത്തിക്കുളത്തും, തിരുപുറം പുറുത്തിവിളയിലും സിഗ്നൽ ജംഗ്ഷനുകൾ സ്ഥാപിക്കുമെന്ന ബൈപ്പാസ് അതോറിട്ടിയുടെ പ്രഖ്യാപനം ഏടുകളിൽ ഒതുങ്ങിയതും പരാതിക്കിടയാക്കി.

തിരിഞ്ഞുനോക്കാതെ...

നാഷണൽ ഹൈവേ അതോറിട്ടിയുടെ മാസ്റ്റർ പ്ലാനിൽ ഉൾപ്പെട്ടതാണ് നടത്തിക്കുളം, പുറുത്തിവിള സിഗ്നൽ ജംഗ്ഷനുകൾ. അപകടം പതിവാകുന്ന പുറുത്തിവിളയിൽ സിഗ്നൽ ജംഗ്ഷൻ സ്ഥാപിക്കണമെന്ന് തിരുപുരം ഗ്രാമപഞ്ചായത്ത് പ്രമേയം പാസാക്കി. ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടികളും സംയുക്തമായി മാസങ്ങളോളം സമരം നടത്തി. എന്നിട്ടും പരിഹാരം കാണാൻ നാളിതുവരെ നാഷണൽ ഹൈവേ അതോറിട്ടി തയ്യാറായിട്ടില്ലെന്നാണ് ആക്ഷേപം.

 ദിശാബോർഡുകളും തെറ്റ്

നാലുവരിപ്പാതയും സർവീസ് റോഡുകളുമടക്കം 45 മീറ്റർ വീതിയിലാണ് ബൈപ്പാസ് റോഡ് നിർമ്മിച്ചിരിക്കുന്നത്. കോവളം മുതൽ കാരോട് വരെയുള്ള 16.2 കിലോമീറ്റർ ദൂരം കോൺക്രീറ്റ് റോഡാണ്. അപകടത്തിൽപ്പെടുന്നവരെ അടുത്തുള്ള ആശുപത്രികളിൽ എത്തിക്കണമെങ്കിൽ ബൈപ്പാസിൽ നിന്ന് സർവീസ് റോഡിലേക്ക് പ്രവേശിക്കാൻ കിലോമീറ്ററുകൾ സഞ്ചരിക്കണം. ദൂരസ്ഥലങ്ങളിൽ നിന്ന് ഇതുവഴി കടന്നുപോകുന്നവരെ സഹായിക്കാൻ സ്ഥാപിച്ച ദിശാ സൂചനാബോർഡുകൾ പലതും തെറ്റാണെന്നും ആരോപണമുണ്ട്.

 വട്ടംചുറ്റി ജനം

ആരോമാർക്ക് നോക്കി പോകുന്നവർ തെക്കോട്ടും വടക്കോട്ടും കിലോമീറ്ററുകൾ സഞ്ചരിച്ചാലെ ശരിക്കുള്ള വഴി കണ്ടെത്തു. ജനങ്ങളെ വട്ടം ചുറ്റിക്കുന്ന ബോർഡുകളിലെ തെറ്റായ വിവരങ്ങൾ ഇനിയെങ്കിലും തിരുത്തണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, POOVAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL