SignIn
Kerala Kaumudi Online
Thursday, 25 June 2026 4.03 AM IST

യാത്രക്കാർക്ക് ഭീഷണിയായി കോട്ടിക്കുളം റെ. പ്ലാറ്റ്ഫോം

1
പടം : ഇറങ്ങാനുള്ള സൗകര്യമില്ലാത്ത ഗേറ്റിനോട് ചേർന്ന കോട്ടിക്കുളത്തെ റെയിൽവേ റോഡ് പാത ദൃശ്യം

വീണ് പരിക്കേറ്റവരിൽ വൃദ്ധയും
ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

പാലക്കുന്ന്: കോട്ടിക്കുളം റെയിൽവേ പ്ലാറ്റ്ഫോമിലെ യാത്രക്കാരുടെ ഭീഷണി ഒഴിയുന്നില്ല. പ്ലാറ്റ്ഫോമിനെ രണ്ടായി പകുത്തു പോകുന്ന റോഡിന്റെ ഇരുഭാഗത്തും റെയിൽവേ ഗേറ്റിനോട്‌ സാമാന്തരമായുള്ള ഭാഗത്താണ് നിങ്ങൾ ഇറങ്ങേണ്ട ട്രെയിനിന്റെ ബോഗി വന്നുപെട്ടതെങ്കിൽ കുടുങ്ങിയതുതന്നെ.

പ്ലാറ്റ്ഫോം സൗകര്യം ഇല്ലാത്തതിനാൽ ഇറങ്ങാൻ നിങ്ങൾ ബുദ്ധിമുട്ടേണ്ടി വരും, പ്രത്യേകിച്ചു വൃദ്ധർ. മറ്റു ബോഗികളിൽ നിന്ന് യാത്രക്കാർ ഇറങ്ങിയാലും നിങ്ങൾ അതിനായി ശ്രമിക്കുന്നതിനിടെ ട്രെയിൻ നീങ്ങി തുടങ്ങുന്നതോടെ ബാലൻസ് തെറ്റി താഴേക്ക് വീഴുന്നത് പതിവു കാഴ്ച. ഇറങ്ങാനുള്ള യാത്രക്കാരുടെ തിടുക്കവും തെന്നി താഴെ വീഴുന്നതും ഇവിടെ പതിവാണ്.

ചൊവ്വാഴ്ച രാവിലെ മംഗളൂരു ഭാഗത്തേക്കുള്ള ട്രെയിൻ കോട്ടിക്കുളത്തെത്തിയപ്പോൾ ഗേറ്റിനോട് ചേർന്ന റോഡ് ഭാഗത്തെ ബോഗിയിൽ നിന്ന് യാത്രക്കാർക്ക് ഇറങ്ങാനാവാതെ ബഹളമായി. ചിലർ വീണു. ഒരു വൃദ്ധയ്ക്ക് പരിക്ക് പറ്റി. ട്രെയിനിൽ നിന്ന് യാത്രക്കാർ ഇറങ്ങും മുൻപേ ട്രെയിൻ നീങ്ങി തുടങ്ങിയതിനാൽ നടു ഇടിച്ചു താഴെ വീഴുകയായിരുന്നു. സഹയാത്രികർ ഇറങ്ങാനാവാതെ വണ്ടിക്കകത്തുമായി. പോയന്റ്സ്മാൻ ഗാർഡിന്റെ ഭാഗത്തേക്ക് പോയതിനാൽ ഇപ്പുറം നടക്കുന്ന ബഹളം അറിയാനും വൈകി. യാത്രക്കാർ നിലവിളിച്ചതിനാൽ വണ്ടി വീണ്ടും നിന്നപ്പോൾ ബാക്കിയുള്ള അഞ്ചാറുപേർക്കും ഇറങ്ങാനായി.

സ്റ്റേഷൻമാസ്റ്ററുടെ ഉറപ്പ്

കോട്ടിക്കുളം റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹികളും പഞ്ചായത്ത്‌ അംഗവും സ്റ്റേഷൻ മാസ്റ്ററോട് പരാതിയുടെ ഗൗരവം ധരിപ്പിച്ചു. ഇനിമുതൽ ആ പ്രത്യേക ബോഗിയിലെ യാത്രക്കാർ ഇറങ്ങിയെന്ന് ഉറപ്പാകും വരെ ട്രെയിൻ സ്റ്റേഷൻ വിടില്ലെന്ന് സ്റ്റേഷൻ മാസ്റ്റർ അവർക്ക് ഉറപ്പ് നൽകി.

അപകടം തുടർക്കഥ

ഏതാനും മാസം മുൻപ് മറ്റൊരു ട്രെയിനിൽ നിന്ന് ഇതേ രീതിയിൽ ഇറങ്ങാനാവാതെ ഒരു മദ്ധ്യവയസുകാരി നീങ്ങിത്തുടങ്ങിയ ട്രെയിനിൽ നിന്ന് പാളത്തിൽ വീഴാതെ അദ്‌ഭുതമായി രക്ഷപ്പെട്ടിരുന്നു. അന്ന് ബോഗിയിലെ യാത്രക്കാരായ പലർക്കും ഇറങ്ങാനാവാതെ കാസർകോട് വരെ യാത്രചെയ്യേണ്ടിവന്നു. അടുത്ത ട്രെയിൻ പിടിച്ചായിരുന്നു അന്ന് കോട്ടിക്കുളത്തേക്ക് മടക്കയാത്ര.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, RS KOTTIKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL