നീലേശ്വരം: നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിലെ ദേശീയപാതയിൽ പഴയപാലം പൊളിച്ച് പൊലീസ് സ്റ്റേഷൻ വരെ മണ്ണിട്ട് ഉയരപ്പാതയും, കോട്ടപ്പുറം റോഡ് ജംഗ്ഷനിൽ അണ്ടർപാസേജും നിർമ്മിക്കാൻ ദേശീയപാത അതോറിറ്റിയും കരാർ കമ്പനിയും നീക്കങ്ങൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായാണ് ചൊവ്വാഴ്ച കരാർ കമ്പനിയുടെ സർവ്വേ വിഭാഗം മാർക്കറ്റ് ജംഗ്ഷനിലും കോട്ടപ്പുറം റോഡിലും സർവ്വേ നടത്താനെത്തിയത്.
എന്നാൽ നഗരസഭ കർമ്മസമിതി, ജനകീയ സമരസമിതി പ്രവർത്തകരും ഇവരെ തടഞ്ഞിരുന്നു. തുടർന്ന് സർവ്വേ ഉപേക്ഷിച്ച് ഉദ്യോഗസ്ഥർ മടങ്ങി. നഗരസഭാ കർമസമിതിയുടെയും, ജനകീയ സമരസമിതിയുടെയും നേതൃത്വത്തിൽ അനിശ്ചിതകാല സമരം മുന്നോട്ട് പോകുന്നതിനിടെയാണ് രഹസ്യമായി അണിയറ നീക്കങ്ങൾ നടക്കുന്നത്. ദേശീയപാത അതോറിറ്റിയുടെ നീക്കങ്ങൾ നിഗൂഢമാണെന്നും എന്ത് വില കൊടുത്തും അത്തരം നീക്കങ്ങൾ ചെറുക്കുമെന്നും സമരസമിതി നേതാക്കൾ വ്യക്തമാക്കി.
കഴിഞ്ഞ വാരത്തിൽ ഡൽഹിയിൽ നടന്ന ദേശീയപാത അതോറിറ്റിയുടേയും, ഉപരിതല ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരുടേയും യോഗത്തിൽ നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിലെ പഴയ പാലം ഉൾപ്പെടെ കണ്ണൂർ -കാസർകോട് ജില്ലകളിലെ 3 പാലങ്ങൾ പൊളിക്കാൻ എസ്റ്റിമേറ്റ് തയ്യാറാക്കാൻ കരാർ കമ്പനികൾക്ക് ദേശീയപാത അതോറിറ്റി നിർദേശം നൽകിയതായാണ് സൂചന. മാർക്കറ്റ് -കോട്ടപ്പുറം ജംഗ്ഷനിൽ ആകാശപ്പാതയ്ക്ക് പകരം അണ്ടർപാസേജ് നിർമിക്കുന്നതിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കാൻ കരാർ കമ്പനിയായ മേഘ കൺസ്ട്രക്ഷന് നിർദേശം നൽകിയതായും സൂചനയുണ്ട്.
എന്നാൽ ഫ്ളൈ ഓവറിന് വേണ്ടി നഗരസഭ കർമ്മസമിതിയും ജനകീയ സമിതിയും മാസങ്ങളോളമായി സമരരംഗത്തുണ്ടെങ്കിലും, ആകാശപാതക്ക് വേണ്ടി എൻ.എച്ച്.എ.ഐ അധികൃരേയോ, വകുപ്പ് മന്ത്രിയേയോ നേരിൽകാണാൻ ഇതുവരെ തയ്യാറായിട്ടില്ല. മാർക്കറ്റ് റോഡിൽ പേരിന് മാത്രം സമരം ചെയ്യുകയും, കരാറുകാരന്റെ പണിക്കാരെ തടഞ്ഞത് കൊണ്ട് ഇവിടെ ഫ്ളൈ ഓവർ വരുമോ എന്നാണ് നാട്ടുകാർ ചോദിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |