SignIn
Kerala Kaumudi Online
Saturday, 27 June 2026 8.52 AM IST

അടുക്കളയിൽ നിന്ന് വെള്ളിത്തിരയിലേക്ക് റിലീസിനൊരുങ്ങി ഫർസാനയുടെ 'മുംത'

mumtha
റിലീസാകുന്ന 'മുംത'യുടെ പോസ്റ്റർ

കാസർകോട്: കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ ധനസഹായത്തോടെ നിർമ്മിക്കപ്പെട്ട 'മുംത' സെൻസറിംഗ് നടപടികൾ പൂർത്തിയാക്കി റിലീസിനൊരുങ്ങുന്നു. കേരളത്തിലെ ആദ്യ സമ്പൂർണ വനിതാ ക്രുവിന്റെ നേതൃത്വത്തിൽ നിർമ്മിക്കപ്പെട്ട ഫീച്ചർ സിനിമ എന്ന പ്രത്യേകതയോടെയാണ് 'മുംത' പ്രേക്ഷകരിലേക്ക് എത്തുന്നത്.

കാസർകോട്ടെ പി. ഫർസാനയാണ് ചിത്രത്തിന്റെ സംവിധായികയായി ചരിത്രം കുറിക്കുന്നത്. ഒരു സാധാരണ വീട്ടമ്മയിൽ നിന്ന് സംവിധായികയിലേക്കുള്ള അവരുടെ യാത്ര തന്നെയാണ് ഈ സിനിമയുടെ വലിയ പ്രചോദനം. സിനിമയോടുള്ള അഗാധമായ അഭിനിവേശമാണ് ഫർസാനയെ വെള്ളിത്തിരയുടെ വിശാല ലോകത്തേക്ക് നയിച്ചത്.

മതാചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും ദുഷ്ചുഴിയിൽ ശ്വാസംമുട്ടി ജീവിക്കുന്ന ഒരു സമൂഹത്തിൽ നിന്നും പുറത്തു വരാൻ ശ്രമിക്കുന്ന ഒരു അമ്മയുടെയും മകളുടെയും അതിജീവന പോരാട്ടത്തിന്റെ കഥയാണ് മുംത പറയുന്നത്. തിരക്കഥ, സംവിധാനം, കല, വസ്ത്രാലങ്കാരം, ക്യാമറ, പ്രൊഡക്ഷൻ തുടങ്ങി സിനിമയുടെ വിവിധ മേഖലകളിൽ സ്ത്രീകളാണ് പ്രധാന ഉത്തരവാദിത്തങ്ങൾ വഹിച്ചിരിക്കുന്നത്.

ദേശീയ പുരസ്കാര ജേതാവായ ഫൗസിയ ഫാത്തിമയാണ് ഛായാഗ്രഹണം. പുഴു, പാതിരാത്രി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ രതീനയാണ് ലൈൻ പ്രൊഡ്യുസർ. കേന്ദ്രകഥാപാത്രമായ മുംതയെ അവതരിപ്പിക്കുന്നത് ചെറുവത്തൂരിലെ ധനലക്ഷ്മിയാണ്. വിവിധ വൈകാരിക തലങ്ങളെ ഉൾക്കൊള്ളുന്ന ഈ വേഷം ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. മുംതയുടെ ജീവിതയാത്രയും പോരാട്ടങ്ങളും ധനലക്ഷ്മിയിലൂടെ വെള്ളിത്തിരയിലെത്തുന്നു. സന്തോഷ് കീഴാറ്റൂർ, ഡോ. വൃന്ദ, നവാസ് വള്ളിക്കുന്ന്, സിബി മാത്യൂസ് എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അമ്പതിലധികം പ്രാദേശിക നാടക കലാകാരന്മാരും ചിത്രത്തിന്റെ ഭാഗമാകുന്നു.

ഫർസാനയ്ക്ക് ശക്തമായ പിന്തുണ നൽകിയത് അവരുടെ ഭർത്താവും വെറ്ററിനറി ഡോക്ടറുമായ ഡോ. ബിനി അസഫർ ആണ്. മുംതയിൽ ഒതുങ്ങുന്നതല്ല ഫർസാനയുടെ സ്വപ്നം. ഒരു സമ്പൂർണ വനിതാ ക്രൂവിന് സമാന്തര സിനിമകൾ മാത്രമല്ല, വാണിജ്യ സിനിമകളും വിജയകരമായി നിർമിക്കുകയാണ് അടുത്ത ലക്ഷ്യം. ഫർസാനയും ഡോ. ബിനി അസഫറും ചേർന്ന് ഒരു സൈക്കോളജിക്കൽ ഹൊറർ ത്രില്ലർ സിനിമയുടെ പ്രാരംഭ പ്രവർത്തനങ്ങളിലാണ്. നവ്യാ നായരുമായി പുതിയ സിനിമയെ കുറിച്ചുള്ള ചർച്ചകൾ നടക്കുന്നു.

ബഹുഭാഷാ സാംസ്കാരിക പൈതൃകം

വടക്കിന്റെ ഭാഷാ-സാംസ്കാരിക വൈവിധ്യം, യക്ഷഗാനം, ദഫ്‌മുട്ട്, കോഴിപ്പോര്, സുരങ്കം തുടങ്ങിയ പ്രാദേശിക ജീവിതഘടകങ്ങൾ ചിത്രത്തിലുണ്ട്. തുളു, കന്നഡ, കൊങ്കണി, ബ്യാരി, മറാഠി, ഉറുദു ഭാഷകളും പ്രാദേശിക സംസ്കാരവും സിനിമയുടെ പ്രധാന സവിശേഷതകളാണ്. ഏഴ് ഭാഷകളുടെയും സംസ്കാരങ്ങളുടെയും സഹവർത്തിത്വവും അവയുടെ ജീവിത രീതികളും മനുഷ്യബന്ധങ്ങളും കഥാപശ്ചാത്തലത്തിൽ പ്രധാന ഘടകങ്ങളാകുന്നു. മുംത ഒരു സിനിമ മാത്രമല്ല, ബഹുഭാഷാ സാംസ്കാരിക പൈതൃകത്തിന്റെ ദൃശ്യരേഖ കൂടിയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, MUMTHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL