പ്രവർത്തന പുരോഗതി വിലയിരുത്തി വൈദ്യുതി മന്ത്രി
കാസർകോട്: ജില്ലയിലെ ബി.ഇ.എസ്.എസ് പദ്ധതികൾ സന്ദർശിച്ച് അവലോകനം നടത്തി വൈദ്യുതി പരിസ്ഥിതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. ജില്ലയിലെ വൈദ്യുതി വിതരണ ശൃംഖലയെ കൂടുതൽ കാര്യക്ഷമവും വിശ്വസനീയവുമാക്കാൻ കെ.എസ്.ഇ.ബി.എൽ നടപ്പിലാക്കുന്ന ചരിത്രപ്രധാനമായ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം പദ്ധതികൾ ഒക്ടോബറിൽ കമ്മിഷൻ ചെയ്യാനാകുമെന്ന് മന്ത്രി പറഞ്ഞു.
ജില്ലയെ സുരക്ഷിതവും ആധുനികവുമായ പുനരുപയോഗ ഊർജ്ജ അധിഷ്ഠിത സംവിധാനത്തിലേക്ക് നയിക്കുന്ന ഈ പദ്ധതികൾ നിർദ്ദിഷ്ട സമയപരിധിക്കുള്ളിൽ തന്നെ പൂർത്തിയാക്കുമെന്ന് മന്ത്രി ഉറപ്പുനൽകി. പകൽസമയത്തെ അധിക സൗരോർജ്ജം സംഭരിച്ച്, വൈകന്നേരങ്ങളിലെയും പീക്ക് ലോഡ് സമയങ്ങളിലെയും ഉയർന്ന ആവശ്യകത നിറവേറ്റുന്നതാണ് സാങ്കേതികവിദ്യ. ഇതുവഴി വോൾട്ടേജ് വ്യതിയാനവും വൈദ്യുതിക്ഷാമവും പരിഹരിക്കാനും, ഉയർന്ന നിരക്കിൽ പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നത് ഒഴിവാക്കി സാമ്പത്തിക ബാധ്യത കുറയ്ക്കാനും സാധിക്കും.
കാസർകോടിന്റെ ഭാവി ഊർജ്ജ ആവശ്യങ്ങൾ മുന്നിൽ കണ്ടുള്ള ദീർഘകാല നിക്ഷേപമാണ് 12 വർഷത്തെ പ്രൊജക്ട് ലൈഫുള്ള ഈ പദ്ധതികൾ. വ്യവസായം, ഐ.ടി, ടൂറിസം, കൃഷി തുടങ്ങിയ മേഖലകളുടെ വളർച്ചയ്ക്കും ഇലക്ട്രിക് വാഹന ചാർജിംഗ് ശൃംഖല വികസിപ്പിക്കുന്നതിനും അടിയന്തര സാഹചര്യങ്ങളിൽ ബാക്ക്അപ്പ് വൈദ്യുതി ലഭ്യമാക്കാനും ഇത് സഹായിക്കും. കെ. നീലകണ്ഠൻ എം.എൽ.എ, കേരള സംസ്ഥാന വൈദ്യുതി ബോർഡ് ഡയറക്ടർ എം.പി രാജൻ, ട്രാൻസ്മിഷൻ ചീഫ് എൻജിനീയർ ഷജി സുധാകരൻ, ആർ.ഇ.എസ് ഡെപ്യൂട്ടി ചീഫ് എൻജിനീയർ ആശാ മാർട്ടിൻ, കാസർകോട് എക്സിക്യുട്ടീവ് എൻജിനീയർ ശിവദാസൻ, ഇ.എസ് ജെ.എസ്.ഡബ്ല്യു പ്രതിനിധികൾ എന്നിവർ മൈലാട്ടിയിൽ നടത്തിയ അവലോകന യോഗത്തിൽ പങ്കെടുത്തു.
സബ്‌സ്റ്റേഷന്റെ ശേഷി 125 മെഗാവാട്ട്
5 ലക്ഷം യൂണിറ്റ് സംഭരണ ശേഷി
ഉദുമ ഗ്രാമപഞ്ചായത്ത്, ബാര മൈലാട്ടി 220 കെ.വി സബ്‌സ്റ്റേഷന്റെ ശേഷി 125 മെഗാവാട്ട് ആണ്. ദിനംപ്രതി 5 ലക്ഷം യൂണിറ്റ് സംഭരണ ശേഷി. ഇന്ത്യയിലെ തന്നെ ഇത്തരത്തിലുള്ള ആദ്യ 4 മണിക്കൂർ സ്റ്റോറേജ് പദ്ധതിയാണിത്. എസ്.ഇ.സി.ഐ ഇംപ്ലിമെന്റിംഗ് ഏജൻസിയായും ജെ.എസ്.ഡബ്ള്യു എനർജി ലിമിറ്റഡ് പദ്ധതി ഡെവലപ്പറായും പ്രവർത്തിക്കുന്നു. പ്രധാന സിവിൽ ജോലികൾ ഈ മാസം 31ഓടെ പൂർത്തിയാകും. വിദേശത്തുനിന്നുള്ള ഇൻവെർട്ടർ സപ്ലൈ ഈ മാസവും, ബാറ്ററി കണ്ടെയ്നറുകൾ ഓഗസ്റ്റ് അവസാനത്തോടെയും എത്തും. ഈ വർഷം ഒക്ടോബർ 16ഓടെ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |