SignIn
Kerala Kaumudi Online
Tuesday, 04 August 2026 2.08 AM IST

വനംവകുപ്പിൽ ശമ്പള കുടിശ്ശിക നൽകാതെ കൂട്ട പിരിച്ചുവിടൽ

forest
വനംവകുപ്പ്

ഒഴിവാക്കിയത് കരാർ ജീവനക്കാരെ

കാസർകോട്: വനംവകുപ്പിൽ 20 കരാർ ജീവനക്കാരെ ഒറ്റയടിക്ക് പിരിച്ചുവിട്ടു. 15 വർഷത്തിൽ അധികമായി ജോലി ചെയ്തുവരുന്ന വാച്ചർമാർ, ഡ്രൈവർമാർ, നൈറ്റ് വാച്ചർമാർ എന്നിവരടക്കമുള്ളവരെയാണ് മുൻ‌കൂർ നോട്ടീസ് പോലും നൽകാതെ പറഞ്ഞുവിട്ടത്.

യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതിനെ തുടർന്ന് വനംവകുപ്പ് കൈയാളുന്ന പാർട്ടിയുടെ ആളുകൾ നൽകിയ പ്രകാരം നിയമനം നടത്തണമെന്നും അതിനാൽ ആഗസ്റ്റ് ഒന്ന് മുതൽ ജോലിക്ക് വരേണ്ടതില്ലെന്നുമാണ് കരാർ ജീവനക്കാരോട് ബന്ധപ്പെട്ട റേഞ്ചുകളിലെ ഉദ്യോഗസ്ഥർ പറഞ്ഞത്. പിരിച്ചുവിട്ട കരാർ ജീവനക്കാരിൽ സി.പി.എം, സി.പി.ഐ, എൻ.സി.പി.എസ്.പി തുടങ്ങിയ പാർട്ടികളിൽപ്പെടുന്ന ജീവനക്കാരുണ്ട്.

ഡി.എഫ്.ഒ പിരിച്ചുവിടേണ്ടവരുടെ ലിസ്റ്റ് ബന്ധപ്പെട്ട ഫോറസ്റ്റ് ഓഫീസർമാർക്ക് അഞ്ചു ദിവസം മുമ്പു തന്നെ അയച്ചുകൊടുത്തിരുന്നു. എന്നാൽ ജീവനക്കാരെ അറിയിക്കാതെ രഹസ്യമായി വയ്ക്കുകയായിരുന്നു. കഴിഞ്ഞ 10 വർഷത്തെ എൽ.ഡി.എഫ് ഭരണത്തിൽ നിയമിച്ച കരാർ ജീവനക്കാരെയാണ് നീക്കിയത്. ഇവർക്ക് ഏപ്രിൽ, മേയ്, ജൂൺ, ജൂലായ് മാസങ്ങളിലെ ശമ്പളം നൽകാനുണ്ട്.

ശമ്പളം സംബന്ധിച്ച് യാതൊരു വിവരവും പറയാതെയാണ് ജോലിയിൽ നിന്ന് പിരിഞ്ഞുപോകാൻ പറഞ്ഞത്. പിരിച്ചുവിടുന്നതിൽ എട്ടു പേർ ഡ്രൈവർമാരാണ്. ഡ്രൈവർമാർക്ക് രണ്ടും മൂന്നും മാസത്തെ ശമ്പളം കൊടുക്കാനുണ്ട്. മാസങ്ങളായുള്ള ശമ്പളം നൽകാതെ ജോലിയിൽ നിന്ന് പറഞ്ഞുവിട്ട നടപടിയിൽ ജീവനക്കാർ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. പിരിച്ചുവിട്ട ചെറുപ്പക്കാരായ വാച്ചർമാർക്ക് പകരം കാട്ടിനുള്ളിലേക്ക് ജോലിക്ക് അയക്കുന്നത് അമ്പതും അറുപതും വയസുള്ള വൃദ്ധ ജീവനക്കാരെ ആണെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.

ആദ്യഘട്ടത്തിൽ 17 ജീവനക്കാരുടെ നിയമനത്തിനുള്ള ലിസ്റ്റ് ആണ് പാർട്ടി നേതാവ് കാസർകോട് ഡി.എഫ്.ഒയ്ക്ക് നൽകിയിരുന്നത്. പിന്നീട് വീണ്ടും പട്ടിക നൽകി. ഇനിയും കൂടുതൽ പേരെ നിയമിക്കണമെന്ന് ആവശ്യപ്പെടുന്ന കത്ത് നൽകുമെന്നാണ് അറിയുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, FOREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL