നീലേശ്വരം: കൊട്ടിഘോഷിച്ച് കേന്ദ്ര മന്ത്രി തന്നെ തറക്കല്ലിട്ട, ജില്ലക്ക് ഏറെ പ്രതീക്ഷ നൽകിയ കേന്ദ്രസർക്കാർ പദ്ധതി ഏഴുവർഷം കഴിഞ്ഞിട്ടും ഫയലിൽ കിടക്കുന്നു. പദ്ധതിക്കായി തറക്കല്ലിട്ടത് ഇപ്പോൾ പാറപ്പുറത്ത് കാടുമൂടിക്കിടക്കുന്നു.
കേന്ദ്രസർക്കാറിന്റെ കീഴിലുള്ള ആയുഷ് മന്ത്രാലയത്തിന്റെ കീഴിൽ നിർമാണം ആരംഭിക്കേണ്ട കരിന്തളം യോഗ പ്രകൃതിചികിത്സ ഗവേഷണകേന്ദ്രമാണ് കഴിഞ്ഞ ഏഴു വർഷമായി നീണ്ടുപോകുന്നത്. തറക്കല്ലിട്ട് ഏഴ് വർഷം മരവിച്ചു കിടന്ന കരിന്തളത്തെ കേന്ദ്ര യോഗപ്രകൃതി ചികിത്സാ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിന് പ്രൊജക്ട് മാനേജ്‌മെന്റ് കൺസൾട്ടൻസിയെ നിയമിക്കാൻ വീണ്ടും ടെൻഡർ ക്ഷണിച്ചതോടെ നേരിയ പ്രതീക്ഷയിലാണ് നാട്ടുകാർ.
കേന്ദ്ര ആയുഷ് മന്ത്രാലയത്തിന് കീഴിലെ സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ യോഗ ആൻഡ് നാച്ചുറോപ്പതിയാണ് ടെൻഡർ ക്ഷണിച്ചത്. ഇതിനായി നേരത്തെ ക്ഷണിച്ച ടെൻഡറുകൾ തുടർച്ചയായ സാങ്കേതിക കുരുക്കുകളെ തുടർന്ന് റദ്ദ് ചെയ്തിരുന്നു. കഴിഞ്ഞ തവണ കൗൺസിലിന്റെ വെബ്‌സൈറ്റിൽ മാത്രം ടെൻഡർ അറിയിപ്പ് വന്നതിനാൽ നോട്ടീസ് പൊതുജനങ്ങളിലെത്താത്തതിനെ തുടർന്ന് ആരും ടെൻഡർ നൽകിയില്ല. ഇതു കാരണം അത് റദ്ദുചെയ്ത് മാദ്ധ്യമങ്ങളിൽ വീണ്ടും ടെൻഡർ നൽകി. സെപ്തംബർ 22ന് രാവിലെ 11നോ അതിനു മുമ്പോ ടെൻഡർ സമർപ്പിക്കണമന്നാണ് വിജ്ഞാപനത്തിൽ പറയുന്നത്. ഇതിന്റെ നിബന്ധനകളും വ്യവസ്ഥകളും കൗൺസിലിന്റെ വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാമെന്നും തിരുത്തോ കൂട്ടിച്ചേർക്കലുകളോ ഉണ്ടെങ്കിൽ കൗൺസിൽ വെബ്‌സൈറ്റിൽ മാത്രമേ പ്രസിദ്ധീകരിക്കൂവെന്നും സി.സി.ആർ.വൈ.എൻ ഡയറക്ടർ പ്രസിദ്ധീകരിച്ച ടെൻഡർ നോട്ടീസിൽ പറയുന്നു.
80 കോടി രൂപയുടെ പദ്ധതി
കിനാനൂർ - കരിന്തളം പഞ്ചായത്തിൽ കരിന്തളം വില്ലേജിൽ പെട്ട തോളേനിയിൽ 2019 ഫെബ്രുവരി മൂന്നിനാണ് പദ്ധതിക്ക് തറക്കല്ലിട്ടത്. 80 കോടി രൂപയുടെ അതിവിപുലമായ പദ്ധതി മൂന്ന് വർഷം കൊണ്ട് പൂർത്തിയാക്കുമെന്ന പ്രഖ്യാപനത്തോടെയാണ് തുടങ്ങിയതെങ്കിലും പദ്ധതി തറക്കല്ലിൽ മാത്രം ഒതുങ്ങി. ശിലാഫലകം വർഷങ്ങളായി കിനാനൂർ കരിന്തളം പഞ്ചായത്ത് ഓഫീസ് വളപ്പിൽ സൂക്ഷിച്ചിരിക്കുകയാണ്. ആശുപത്രിയും ഗവേഷണ കേന്ദ്രവും ഉൾപ്പെടുന്ന സമുച്ചയത്തിനായി അന്നത്തെ സംസ്ഥാന സർക്കാർ 15 ഏക്കർ സ്ഥലം 30 വർഷത്തേക്ക് 100 രൂപ വാർഷിക വാടകയ്ക്കാണ് ലീസിന് നൽകിയത്. ട്രീറ്റ്‌മെന്റ് ബ്ലോക്ക്, ഒ.പി ബ്ലോക്ക്, ഇൻ പേഷ്യന്റ് അക്കമഡേഷൻ, യോഗ ബ്ലോക്ക്, ഡോക്ടേഴ്‌സ് അക്കമഡേഷൻ എന്നിവയെല്ലാം ഉൾപ്പെടുന്നതായിരുന്ന നിർദിഷ്ട ആശുപത്രിയും ഗവേഷണകേന്ദ്രവും.
കരിന്തളം യോഗ പ്രകൃതിചികിത്സ ഗവേഷണകേന്ദ്രത്തിന്റെ തറക്കല്ല്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |