വെള്ളരിക്കുണ്ട്: ചെറുപ്പത്തിൽ മനസ്സിൽ സൂക്ഷിച്ചിരുന്ന നൃത്ത മോഹത്തിന് പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിക്കുകയാണ് മലയോരത്തെ ഒമ്പത് വീട്ടമ്മമാർ. മക്കൾ നൃത്തം പഠിക്കുന്നതു കണ്ട്, വർഷങ്ങളായി ഉള്ളിലൊതുക്കിയിരുന്ന തങ്ങളുടെ ആഗ്രഹവും സാക്ഷാത്കരിക്കാനായി ഇവർ ഭരതനാട്യം അഭ്യസിക്കുകയാണ്.
വെള്ളരിക്കുണ്ട് തപസ്യയിൽ ഗുരു സന്തോഷ് നാട്യാഞ്ജലിയുടെ ശിക്ഷണത്തിലാണ് സ്മിത സുമേഷ്, എൻ.ആർ രൂപമോൾ, ശ്രീകല സുരേഷ്, യു. രജനി, രജിത ആർ. നായർ, എ.വി ശോണിത, കെ.എസ് സുസ്മിത, വി.വി ഷീല, ശിവപ്രിയ നാരായണൻ എന്നിവർ ഭരതനാട്യം പഠിക്കുന്നത്. 30നും 50നും ഇടയിൽ പ്രായമുള്ള ഇവർ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരാണ്. ചെറുപ്പത്തിൽ നൃത്തം പഠിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നെങ്കിലും പല കാരണങ്ങളാൽ അത് സാധിച്ചില്ല. പിന്നീട് സ്വന്തം
മക്കളെ നൃത്തം പഠിപ്പിക്കാനായി അവരുടെ കൂടെ കൂട്ടിന് തപസ്യയിൽ എത്തിയപ്പോഴായിരുന്നു ആഗ്രഹം വീണ്ടും ഉണർന്നത്.
പ്രായം നോക്കാതെ നൃത്തം പഠിക്കണമെന്ന ആഗ്രഹം ഗുരുവിനോട് പങ്കുവയ്ക്കുകയായിരുന്നു. ഗുരുവിനും സന്തോഷം.
വീട്ടുജോലികളും കുടുംബ ഉത്തരവാദിത്വങ്ങളും വിവിധ തൊഴിൽ മേഖലകളിലെ തിരക്കുകളും മാറ്റിവെച്ച് കൃത്യമായി ക്ലാസിലെത്തുകയാണ് ഇവർ. മക്കൾക്കായി തപസ്യയിലെത്തിയ അമ്മമാർ അവർക്കൊപ്പം തന്നെ നൃത്തത്തിന്റെ ശാസ്ത്രീയ ചുവടുകൾ പഠിക്കുകയാണ്. ചിട്ടയായ പരിശീലനത്തിലൂടെ ഇവരെ വേദിയിലെത്തിക്കുകയാണ് ഗുരു സന്തോഷ് നാട്യാഞ്ജലിയുടെ ലക്ഷ്യം. അതിനായുള്ള കഠിന പരിശീലനത്തിലാണ് ഈ അമ്മമാർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |