SignIn
Kerala Kaumudi Online
Monday, 12 October 2026 1.32 AM IST

ആരോഗ്യ കേന്ദ്രത്തിൽ സബ് സെന്റർ നിർമ്മാണം വിവാദത്തിൽ; നിർമ്മാണം രണ്ട് മാസം മുമ്പ് നിർമ്മിച്ച പാർക്കിംഗ് ഏരിയയിൽ

നീലേശ്വരം: കരിന്തളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എൻ.എച്ച്.എം ഫണ്ട് ഉപയോഗിച്ച് ഹെൽത്ത് സബ് സെന്റർ നിർമ്മിക്കുന്നത് വിവാദത്തിൽ. കോമ്പൗണ്ടിനുള്ളിൽ ലക്ഷങ്ങൾ മുടക്കി ഇന്റർലോക്ക് പാകി ഒരുക്കിയ പാർക്കിംഗ് സൗകര്യം അപ്പാടെ ഇളക്കിമാറ്റിയാണ് ഇപ്പോൾ ഹെൽത്ത് സബ് സെന്റർ നിർമ്മിക്കുന്നത്.

ആശുപത്രി നവീകരണ പദ്ധതിയുടെ ഭാഗമായാണ് പാർക്കിംഗ് ആവശ്യങ്ങൾ മുൻനിർത്തി നേരത്തെ ഇന്റർലോക്ക് പാകിയതെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ പണി പൂർത്തിയായത് രണ്ടുമാസം മുമ്പാണ്. അധികനാൾ കഴിയുന്നതിന് മുമ്പ് തന്നെ അതേഭാഗം വീണ്ടും പൊളിച്ചുമാറ്റി സബ് സെന്റർ നിർമ്മിക്കുന്നതിലൂടെ സർക്കാർ ഖജനാവിൽ നിന്നും ലക്ഷങ്ങളാണ് നഷ്ടമാകുന്നത്. ആശുപത്രിയുടെ പിൻവശത്ത് ആവശ്യത്തിന് സ്ഥലം ലഭ്യമായിരിക്കെ പാർക്കിംഗ് ആവശ്യങ്ങൾക്കായി ഒരുക്കിയ ഭാഗം പൊളിച്ചു മാറ്റി പുതിയ കെട്ടിടം പണിയുന്നതിന്റെ ഔചിത്യമാണ് നാട്ടുകാർക്ക് പിടികിട്ടാത്തത്.
ദിവസേന 200 ലധികം രോഗികൾ ചികിത്സയ്ക്കായി എത്തുന്ന ആശുപത്രിയിൽ നിലവിലുള്ള പാർക്കിംഗ് സൗകര്യം തന്നെ പരിമിതമാണെന്നിരിക്കെ പുതിയ കെട്ടിടം ഈ സ്ഥലത്ത് ഉയർന്നാൽ ആശുപത്രിയുടെ പിൻഭാഗത്തേക്കുള്ള വാഹനഗതാഗതം തടസ്സപ്പെടുമെന്നും പാർക്കിംഗ് സൗകര്യം കൂടുതൽ പ്രതിസന്ധിയിലാകുമെന്നും ആശങ്ക ഉയരുന്നു. ആശുപത്രിയിലേക്ക് വരുന്നവർ തിരക്ക് കാരണം ഇപ്പോൾ മെയിൻ റോഡിലാണ് വാഹനങ്ങൾ നിർത്തിയിടുന്നത്. ഇത് അപകടസാദ്ധ്യത വർദ്ധിപ്പിക്കുമെന്നും പ്രദേശവാസികൾ അഭിപ്രായപ്പെടുന്നു. സംഭവത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷവും രംഗത്തെത്തി. നിലവിലെ സ്ഥലത്ത് സബ് സെന്റർ നിർമ്മാണം അനുവദിക്കില്ലെന്ന് പ്രതിപക്ഷം പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL