SignIn
Kerala Kaumudi Online
Monday, 21 September 2026 3.29 PM IST

കൊല്ലം- തിരുമംഗലം ദേശീയപാത വികസനം.. പദ്ധതി ഉപേക്ഷിക്കില്ല, വീണ്ടും സാദ്ധ്യതാ പഠനം

 തീരുമാനം മന്ത്രി കെ.എൻ. ബാലഗോപാൽ നടത്തിയ ചർച്ചയിൽ

കൊല്ലം: കൂടുതൽ സ്ഥലം ഏറ്റെടുക്കണമെതിനാൽ കൊല്ലം- തിരുമംഗലം ദേശീയപാത വികസനം ഉപേക്ഷിക്കാനുള്ള ദേശീയപാത അതോറിട്ടിയുടെ (എൻ.എച്ച്.എ.ഐ) നീക്കത്തിന് തിരിച്ചടി. മന്ത്രി കെ.എൻ. ബാലഗോപാലുമായി നടത്തിയ ചർച്ചയിൽ വീണ്ടും സാദ്ധ്യതാ പഠനം നടത്താൻ തീരുമാനമായി. 'കേരളകൗമുദി' പ്രസിദ്ധീകരിച്ച വാർത്തയെത്തുടർന്നാണിത്.

പുതിയ ധാരണ പ്രകാരം, ദേശീയപാതയുടെ ഓരത്തുള്ള സർക്കാർ ഭൂമി വേർതിരിച്ച് പൊതുമരാമത്ത് വകുപ്പ് കല്ലുകൾ സ്ഥാപിക്കും. തുടർന്ന് സ്ഥലം എത്രത്തോളം ഏറ്റെടുക്കേണ്ടിവരുമെന്നത് സംബന്ധിച്ച് ദേശീയപാത അതോറിട്ടി തീരുമാനമെടുക്കും. ക്യാരേജ് വേ, പേവ്ഡ് ഷോൾഡർ, യുട്ടിലിറ്റി ഏരിയ സഹിതം 12 മീറ്റർ വീതി എല്ലായിടത്തും വേണമെന്നാണ് എൻ.എച്ച്.എ.ഐ നിലപാട്. എന്നാൽ പലേടത്തും ഇത്രയധികം വീതിയില്ല. അതിനാൽ പദ്ധതി നടപ്പാവാൻ അതോറിട്ടിക്കു മേൽ ശക്തമായ സമ്മർദ്ദമുണ്ടാവണം.

കൊല്ലം- തിരുമംഗലം പാതയുടെയും എം.സി റോഡിന്റെയും വികസനത്തിന് 2022ലെ ബഡ്ജറ്റിൽ സംസ്ഥാന സർക്കാർ 1500 കോടി നീക്കിവച്ചിരുന്നു. എന്നാൽ വികസനം എൻ.എച്ച്.എ.ഐയുടെ പരിഗണനയിൽ ഉള്ളതിനാൽ സംസ്ഥാന സർക്കാർ പദ്ധതി ഉപേക്ഷിച്ചു. പക്ഷേ, വലിയ തോതിൽ ഭൂമി ഏറ്റെടുക്കേണ്ടി വരുമെന്ന് ദേശീയപാത അതോറിട്ടി നടത്തിയ പഠനത്തിൽ വ്യക്തമായി. ഈ പാതയിൽ എത്തിച്ചേരുന്ന കടമ്പാട്ടുകോണം- ചെങ്കോട്ട ഗ്രീൻഫീൽഡ് ഹൈവേയ്ക്ക് കോടികൾ ചെലവിട്ട് സ്ഥലമേറ്റെടുക്കുന്നതിനാൽ കൊല്ലം- തിരുമംഗലം പാത വികസനം ഉപേക്ഷിക്കാൻ എൻ.എച്ച്.എ.ഐ അടുത്തിടെ തീരുമാനിക്കുകയായിരുന്നു. ഇതിലാണ് ഇപ്പോൾ മാറ്റമുണ്ടായിരിക്കുന്നത്.

വികസനം അനിവാര്യം

 പലേടത്തും കഷ്ടിച്ച് ഏഴ് മീറ്റർ വീതി

 പ്രധാന ജംഗ്ഷനുകളിൽ അപകടങ്ങളും ഗതാഗതക്കുരുക്കും പതിവ്

 ജംഗ്ഷനുകളിൽ കാൽനടയാത്ര കഠിനം

എൻ.എച്ച്.എ.ഐയുടെ ആവശ്യം


 ആകെ വീതി 12 മീറ്റർ
 7.5 മീറ്റർ ക്യാരേജ് വേ

 ഇരുവശത്തും 1.5 മീറ്റർ പേവ്ഡ് ഷോൾഡർ

 2 മീറ്റർ യൂട്ടിലിറ്റി ഏരിയ

എത്രമാത്രം സ്ഥലം ഏറ്റെടുക്കേണ്ടിവരുമെന്നത് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിന്റെ സഹായത്തോടെ പരിശോധന നടത്തി കൊല്ലം- തിരുമംഗലം ദേശീയപാത വികസന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും

എൻ.എച്ച്.എ.ഐ അധികൃതർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL