വരുമാനനേട്ടത്തിൽ മുന്നിൽ കെ.എസ്.ആർ.ടി.സി പമ്പുകൾ
കൊല്ലം: സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന കെ എസ് ആർ.ടി.സിയുടെ ടിക്കറ്റിതര വരുമാനം റെക്കാഡിൽ. കഴിഞ്ഞ മാസം മാത്രം സംസ്ഥാന തലത്തിൽ ലഭിച്ചത് 33 കോടി. മുൻ വർഷത്തെ അപേക്ഷിച്ച് മൂന്ന് കോടിയുടെ വർദ്ധന.
കെ.എസ്.ആർ.ടി.സി യുടെ കടമുറികൾ, ബസുകളിലെ പരസ്യം, പെട്രോൾ പമ്പുകൾ, ഹോർഡിംഗ്‌സുകൾ, കൊറിയർ ആൻഡ് ലോജിസ്റ്റിക്‌സ് എന്നിവയിൽ നിന്നാണ് ഇത്രയും വരുമാനം ലഭിച്ചത്. സ്വകാര്യ വാഹനങ്ങൾക്കും ഇന്ധനം നൽകുന്ന കെ.എസ്.ആർ.ടി.സി പമ്പുകളാണ് ഏറ്റവും മുന്നിൽ. തിരുവനന്തപുരം കിഴക്കേകോട്ട, കിളിമാനൂർ, ചടയമംഗലം, മൂന്നാർ, തൊടുപുഴ, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലെ പെട്രോൾ പമ്പുകളിൽ നിന്ന് 17 കോടിയിലേറെ കഴിഞ്ഞ മാസം ലഭിച്ചു. ബസുകളിലെ പരസ്യ വരുമാനത്തിൽ സംസ്ഥാനതലത്തിൽ രണ്ട് കോടി നേടാനായി. ജൂലായിൽ ഒന്നരക്കോടിയാണ് ലഭിച്ചത്. സർക്കാർ പരസ്യങ്ങൾ, ബോധവത്കരണ പരസ്യങ്ങൾ, സ്വകാര്യ സ്ഥാപനങ്ങളുടെ പരസ്യങ്ങൾ എന്നിവയാണ് ബസുകളിൽ നിശ്ചിത കാലയളവിലേക്ക് പരിഗണിക്കുന്നത്.
ഹോർഡിംഗ്‌സുകളിൽ നിന്ന് വർഷം രണ്ട് കോടിക്ക് മുകളിൽ ലഭിക്കും. പെട്രോൾ പമ്പ് ഒഴികെയുള്ളവ കെ.എസ്.ആർ.ടി.സി കൊമേഴ്‌സ്യൽ വിഭാഗത്തിന്റെ കീഴിലാണ്. കടമുറികളുടെ വാടകയിനത്തിൽ അഞ്ച് കോടിയും കൊറിയർ ഇനത്തിൽ 85 ലക്ഷം രൂപയുമാണ് മാസം ലഭിക്കുന്നത്. മൂന്ന് വർഷം മുൻപ് നിലവിൽ വന്ന കെ.എസ്.ആർ.ടി.സിയുടെ കൊമേഴ്സ്യൽ വിഭാഗത്തിന്റെ പ്രവർത്തനഫലമായാണ് ടിക്കറ്റിതര വരുമാനത്തിൽ റെക്കോഡ് നേട്ടം സ്വന്തമാക്കാനായത്. കൊറിയർ വരുമാനത്തിൽ സംസ്ഥാനത്ത് രണ്ടാം സ്ഥാനത്താണ് കൊല്ലം. ടിക്കറ്റിതര വിഭാഗത്തിൽ ജില്ലയിലെ ഡിപ്പോകളിൽ കൊട്ടാരക്കര ഡിപ്പോയാണ് മുന്നിൽ.
പ്രതീക്ഷയിൽ ഓണം
ഓണക്കാലത്ത് നിലവിലുള്ള ടിക്കറ്റിതര വരുമാനങ്ങൾക്ക് പുറമേ ഡിപ്പോകളിൽ വാഹനങ്ങളുടെയും സ്വകാര്യ ബാങ്കുകളുടെ കിയോസ്‌കുകൾ സ്ഥാപിക്കുന്നത് വഴിയും പണം ലഭിക്കും. ഓണക്കാലത്തിന് മുന്നോടിയായി റെക്കാഡ് തുക ലഭിച്ച പശ്ചാത്തലത്തിൽ ഓണത്തിന് ടിക്കറ്റിതര വരുമാനത്തിൽ വൻ വർദ്ധനവ് ഉണ്ടാകുമെന്നാണ് കെ.എസ്.ആർ.ടി.സി കൊമേഴ്‌സ്യൽ വിഭാഗത്തിന്റെ കണക്ക് കൂട്ടൽ.
ജില്ലയിലെ വരുമാനം (ആഗസ്റ്റ്)
കൊട്ടാരക്കര ഡിപ്പോ സ്റ്റാൾ വരുമാനം: 12 ലക്ഷം
കൊല്ലം ഡിപ്പോ: രണ്ടര ലക്ഷം
കൊറിയർ സർവീസ് പ്രതിദിന വരുമാനം: 10,000 നും 15,000നും ഇടയിൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |