ഉപജീവനത്തിന് വഴിയൊരുക്കും
കൊല്ലം: അപകടങ്ങളിലും മറ്റും സുഷുമ്‌നാ നാഡിക്ക് ക്ഷതമേറ്റ് ശരീരം അരയ്ക്ക് താഴേക്ക് തളർന്ന് പോകുന്ന രോഗമായ പാരാപ്ലീജിയ ബാധിച്ച് ജീവിതം വീൽചെയറിൽ തളയ്ക്കപ്പെട്ടവർക്ക് കൈത്താങ്ങേകാൻ കുടുംബശ്രീയുടെ പുതിയ പദ്ധതി. ഇവരുടെ ഉപജീവനത്തിന് വഴിയൊരുക്കാനാണ് കുടുംബശ്രീ മിഷൻ രംഗത്തിറങ്ങുന്നത്. സംസ്ഥാനത്ത് എറണാകുളത്തും മലപ്പുറത്തും പദ്ധതി നടപ്പാക്കാനുള്ള നടപടികൾ പൂർത്തിയായി.
രോഗാവസ്ഥയിലുള്ളവരുടെ വിവരശേഖരണം ആദ്യം നടത്തും. തുടർന്ന് ഇവരെ ഉൾപ്പെടുത്തി പാരാപ്ലീജിയ ആക്ടിവിറ്റി ഗ്രൂപ്പുകൾ രൂപീകരിക്കും. ഇവരൃുടെ ആരോഗ്യ സ്ഥിതി, താത്പര്യം, പ്രാദേശികമായ വിപണന സാദ്ധ്യത തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചായിരിക്കും പദ്ധതി നടപ്പാക്കുക. ഇവർക്ക് പിന്നീട് തൊഴിൽ പരിശീലനം ഉൾപ്പെടെ നൽകുകയും സ്വയം തൊഴിലിലേക്ക് കടക്കുന്നതിന് സജ്ജരാക്കുകയും ചെയ്യും. ഇവർ തയ്യാറാക്കുന്ന വസ്തുക്കൾ ഓൺലൈനിലൂടെ വിറ്റഴിക്കാനുള്ള സൗകരങ്ങളും കുടുംബശ്രീ ഒരുക്കും. പുനരധിവാസവും ഉപജീവനവും ആവശ്യമായവരുടെ വിവരങ്ങൾ കുടുംബശ്രീ സി.ഡി.എസുകൾ, പാലിയേറ്റീവ് പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിലാണ് തയ്യാറാക്കുക.
വീട്ടിൽ ഒറ്റപ്പെട്ടുപോയവർക്ക് സംരംഭത്തിലേക്ക് വരുന്നതിനുള്ള ആത്മവിശ്വാസം നൽകുക, പുതിയ സംരംഭങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുക, നൈപുണ്യ വികസനത്തിന് സഹായം നൽകുക, സ്ഥിരവരുമാനം ലഭിക്കാനുള്ള വഴിയൊരുക്കുക എന്നിവയാണ് പദ്ധതിയിലൂടെ കുടുംബശ്രീ ലക്ഷ്യമിടുന്നത്. നിലവിൽ ഉപജീവനം നടത്തുന്നവർക്കും പദ്ധതിയിലേക്ക് കുടുംബശ്രീ ജില്ലാമിഷൻ വഴി അപേക്ഷിക്കാനുള്ള അവസരമുണ്ട്. ഉപജീവനത്തിനുള്ള യൂണിറ്റുകൾ ആരംഭിക്കാനുള്ള പ്രാരംഭ ധനസഹായം കുടുംബശ്രീ നൽകും. കുടുംബശ്രീയുടെ സഹായത്തോടെ നിർമ്മിക്കുന്ന ഉത്പന്നങ്ങൾ നിർമ്മിക്കാനും വിതരണം ചെയ്യാനും പ്രാദേശിക തലത്തിൽ വില്പന കേന്ദ്രങ്ങൾ ഉൾപ്പെടെ തയ്യാറാക്കും.
കൺസോർഷ്യം രൂപീകരിക്കും
ഉപജീവനത്തിന് ആവശ്യമായ വസ്തുക്കൾ എത്തിച്ചു നൽകാനും മാർക്കറ്റിംഗിനും ഉത്പന്നത്തിന്റെ വില നിശ്ചയിക്കാാനും പദ്ധതിയുടെ പുരോഗതി വിലയിരുത്താനുമായി കൺസോർഷ്യം രൂപീകരിക്കും. ഉത്പന്ന യൂണിറ്റുകളുടെ രജിസ്‌ട്രേഷന്റെ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കുടുംബശ്രീ ജില്ലാ മിഷന്റെ മേൽനോട്ടവും ഉണ്ടാകും. ഉത്പന്നങ്ങൾ വിറ്റു കിട്ടുന്ന പണം ഉപയോഗിച്ച് പാരാപ്ലീജിയ രോഗികൾക്ക് ജീവിതം നയിക്കാനാകുമെന്നാണ് കുടുംബശ്രീ അധികൃതരുടെ വിലയിരുത്തൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |