കൊല്ലം: മരുമകനെ ആസിഡ് ഒഴിച്ച ശേഷം വെട്ടിക്കൊന്ന കേസിൽ ഭാര്യാ പിതാവിന് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. കല്ലുവാതുക്കൽ നടയ്ക്കൽ ചേരിയിൽ ഉത്രം വീട്ടിൽ അരവിന്ദനെയാണ് (63) കൊല്ലം ഫസ്റ്റ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്.
അഞ്ചൽ കോട്ടയ്ക്കൽ ആലംകോട് രാഗേഷ് ഭവനിൽ രാഗേഷിനെയാണ് (33) ദേഹത്തേക്ക് ആസിഡ് ഒഴിച്ചശേഷം പ്രതി വെട്ടിക്കൊന്നത്.
2018ൽ ആണ് സംഭവം. ഇയാളുടെ മകൾ ആദ്യവിവാഹം വേർപ്പെടുത്തിയ ശേഷം 2015 ജൂൺ15ന് രാഗേഷിനെ വിവാഹം ചെയ്തു. രാഗേഷിൻെ ആദ്യ വിവാഹമായിരുന്നു. വിവാഹം ആലോചിക്കുന്ന സമയവും വിവാഹാനന്തരവും രാഗേഷിന് തൊഴിൽ കണ്ടെത്തുന്നതിന് അരവിന്ദൻ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിരുന്നു. വിവാഹശേഷം വാഗ്ദാനത്തിൽ നിന്നു അരവിന്ദൻ പിന്മാറിയതിനെത്തുടർന്ന് രാഗേഷും അരവിന്ദനും തമ്മിൽ തർക്കങ്ങൾ ഉണ്ടായിരുന്നു. റബ്ബർഷീറ്റ് വ്യാപാരിയായ പ്രതി വീട്ടിൽ സൂക്ഷിച്ചിരുന്ന ആസിഡ് രാഗേഷിന്റെ മുഖത്തും ദേഹത്തും ഒഴിക്കുകയും വെട്ടുകത്തി ഉപയോഗിച്ച് തലയിൽ വെട്ടി പരിക്കേൽപ്പിക്കുകയുമായിരുന്നു. രാഗേഷിന്റെ ഭാര്യ ആതിരയും സംഭവം കണ്ട അയൽക്കാരും പ്രതിക്ക് അനുകൂലമായി കോടതിയിൽ കൂറുമാറി. രാഗേഷ് മജിസ്‌ട്രേറ്റിന് നൽകിയ മരണമൊഴി കേസിലെ നിർണായക തെളിവായി കോടതി സ്വീകരിച്ചു.
പാരിപ്പള്ളി പൊലീസ് കുറ്റപത്രം ഹാജരാക്കിയ കേസ് അന്വേഷിച്ചത് പൊലീസ് ഇൻസ്‌പെക്ടർമാരായിരുന്ന എസ്. ഷെരീഫ്, പി. രാജേഷ് എന്നിവരാണ്. പ്രോസിക്യൂഷന് വേണ്ടി ജില്ലാ പബ്‌ളിക് പ്രോസിക്യൂട്ടർ അഡ്വ. സിസിൻ ജി.മുണ്ടയ്ക്കൽ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |