SignIn
Kerala Kaumudi Online
Friday, 23 October 2026 5.06 PM IST

കടലിന്റെ മക്കൾക്ക് ദി​വസവും മലയോളം പ്രതീക്ഷ, കടലോളം നി​രാശ

തീരംവി​ട്ടകന്ന് മത്സ്യങ്ങൾ, തകർന്ന് തൊഴി​ൽ മേഖല

കൊല്ലം: 'വല നിറയെ മീൻ സ്വപ്നം കണ്ടാണ് ഓരോ ദിവസവും കടലിലേക്ക് പോകുന്നത്. പക്ഷേ, മിക്കദിവസവും അവസ്ഥ വളരെ കഷ്ടമാണ്. രണ്ടുദിവസമായി വലിയ കുഴപ്പമില്ല. നാളെ എങ്ങനെ ആവുമെന്ന് അറി​യുകയുമി​ല്ല'- വല നന്നാക്കുന്നതിനിടെ ഒരു നെടുവീർപ്പോടെ, മത്സ്യത്തൊഴി​ലാളി​ ജോൺ പറഞ്ഞു. കഴിഞ്ഞ ദിവസം വൈകിട്ട് പോയി ഇന്നലെ രാവിലെയാണ് ജോണും കൂട്ടരും മടങ്ങി വന്നത്. മീൻ കൊടുത്ത് വല നന്നാക്കി തീരാൻ വൈകുന്നേരമാകും. പത്തുമണിയായിട്ടും ഒന്നും കഴിച്ചിട്ടില്ല. വീട്ടിലെത്തിയാൽ കുറച്ചുനേരം മയക്കം. വീണ്ടും കടലിലേക്ക്. ഒരുപാട് വിശ്രമിക്കാൻ നിന്നാൽ വീട് പട്ടിണിയാകും!

നാലോ അഞ്ചോ പേർക്ക് ജോലി ചെയ്യാനാവുന്ന മുറിവള്ളത്തിന് കുറഞ്ഞത് ഏഴായിരം രൂപയെങ്കിലും പ്രതിദിനം എണ്ണക്കാശാകും. സഞ്ചരിക്കുന്ന ദൂരം കൂടുതലായാൽ ചെലവ് പതിനായിരത്തിന് മുകളിലെത്തും. വള്ളം കടലിലിറക്കണമെങ്കിൽ ഒരു തവണ 200 ലിറ്റർ മണ്ണെണ്ണയെങ്കിലും വേണമെന്നിരിക്കെ ഇപ്പോൾ ലഭിക്കുന്ന റേഷൻ മണ്ണെണ്ണ 80 ലി​റ്റർ മാത്രം. പ്രെട്രോൾ ഉപയോഗിക്കുമെങ്കിലും വിലവർദ്ധന ഇവിടെയും തിരിച്ചടിയാണ്.

മീനുകൾ തീരംവി​ട്ടു

ഈ വർഷാരംഭം തന്നെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് വറുതിയുടെ കാലമായിരുന്നു. ഫെബ്രുവരി മുതൽ വേനൽ കനത്തതോടെ സീസണിൽ ലഭിക്കേണ്ട അയല, ചെമ്മീൻ, ചാള എന്നി​വയുടെ നാലിലൊന്ന് പോലും കിട്ടിയില്ല. സമുദ്രോപരിതലത്തിൽ ചൂട് വർദ്ധിച്ചതിനാൽ മത്സ്യങ്ങൾ കൂട്ടത്തോടെ തീരംവിട്ടു. മലിനീകരണവും അശാസ്ത്രീയ മത്സ്യബന്ധനവും പ്രതിസന്ധി രൂക്ഷമാക്കുന്നു. കടലിൽ മൊത്തത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഒരു പരിധിവരെ ഏതെങ്കിലും മത്സ്യ ജനുസുകളുടെ ലഭ്യതയെ സാരമായി ബാധിക്കുമെങ്കിലും ഇത് സ്ഥി​രം പ്രതി​ഭാസമല്ലെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. സീസൺ​ അനുസരിച്ച് മത്സ്യത്തിന്റെ ലഭ്യതയിലും മാറ്റം വരാം. ട്രോളിംഗ് നിരോധന ശേഷവും പ്രതീക്ഷിച്ചപ്പോലെ മീൻ ലഭിച്ചില്ല. വേണ്ടത്ര മഴ കിട്ടാത്തതിനാൽ മത്സ്യക്കൂട്ടങ്ങൾ തീരക്കടലിലേക്ക് എത്തുന്നതുമില്ല.

പേരി​ലൊതുങ്ങി​ മുന്നറിയിപ്പ്

കടലിൽ അപകടത്തിൽപ്പെട്ടാൽ കോസ്റ്റൽ പൊലീസിൽ നി​ന്ന് അടിയന്തര സഹായം ലഭിക്കില്ലെന്ന് പരാതിയുണ്ട്.

കാറ്റിന്റെ ഗതിയും കാലാവസ്ഥയും അറിയാൻ എഫ്.എഫ്.എം.എ തുടങ്ങിയ മൊബൈൽ ആപ്ലിക്കേഷനുകളാണ് ഉപയോഗിക്കുന്നത്. മുൻപ് ജാഗ്രത മുന്നറിയിപ്പ് അനൗൺസ് ചെയ്യുമായി​രുന്നു. ഇപ്പോൾ ഇത് ചടങ്ങി​ലൊതുങ്ങി​.

ജി​ല്ലയി​ലെ പ്രധാന പരമ്പരാഗത

മത്സ്യബന്ധന കേന്ദ്രങ്ങൾ

നീണ്ടകര, കൊല്ലം തീരം, അഴീക്കൽ, പരവൂർ ചില്ലയ്ക്കൽ, പൊഴിക്കര

ജില്ലയിലെ സജീവ കടൽ മത്സ്യത്തൊഴിലാളികൾ: 19,256 (2022-23ലെ കണക്ക്)

മേഖലയുടെ ആവശ്യങ്ങൾ

 മത്സ്യവറുതി രക്ഷാ പാക്കേജ് അനുവദിക്കുക

 മത്സ്യമേഖലയുടെ തകർച്ച പഠിക്കാൻ കേന്ദ്ര-സംസ്ഥാന സ്ഥാപനങ്ങളെ ചുമതലപ്പെടുത്തുക

 മത്സ്യത്തൊഴിലാളികളുടെ ആനുകൂല്യങ്ങൾ കൃത്യമായി വിതരണം ചെയ്യുക

 നിർജ്ജീവമായി കിടക്കുന്ന പദ്ധതികൾ പുനഃസ്ഥാപിക്കുക

 ക്ഷേമനിധി വിഹിതം 100 രൂപയിൽ നിന്ന് 300 ആക്കി​യ നടപടി പിൻവലിക്കുക

ഒരുപാട് പ്രതിസന്ധികളിൽ കൂടിയാണ് മത്സ്യബന്ധന മേഖല കടന്നുപോകുന്നത്. എന്നിട്ടും മത്സ്യത്തൊഴിലാളികളുടെ ആനുകൂല്യങ്ങൾ പോലും തടഞ്ഞുവയ്ക്കുന്ന നടപടിയാണ് സർക്കാരുകളുടെ ഭാഗത്തു നിന്നുണ്ടാകുന്നത്

ചാൾസ് ജോർജ്, സംസ്ഥാന പ്രസിഡന്റ്, കേരള മത്സ്യത്തൊഴിലാളി ഐക്യവേദി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL