ഓടനാവട്ടം: സെബിൻഷായുടെയും ദേവനന്ദയുടെയും മൃതദേഹങ്ങൾ ഇന്നലെ ശാസ്താംകോട്ട തടാകത്തിൽ കണ്ടെത്തിയപ്പോൾ ആയിരങ്ങളുടെ പ്രാർത്ഥനകളാണ് വിഫലമായത്. രക്ഷിതാക്കൾക്കും ബന്ധുക്കൾക്കും പുറമേ സഹപാഠികളും നാട്ടുകാരും ഇരുവർക്കുമായുള്ള തെരച്ചിലിലായിരുന്നു.
രണ്ടുപേരും പഠനത്തിൽ സമർത്ഥരായിരുന്നു. അതുകൊണ്ട് തന്നെ അദ്ധ്യാപകർക്കും സഹപാഠികൾക്കും ഒരുപോലെ പ്രിയപ്പെട്ടവരായിരുന്നു. രണ്ട് പേരും ക്ലാസിൽ നിന്ന് വെറുതെ മുങ്ങാറില്ല. ബുധനാഴ്ച ഇരുവരും സ്കൂളിൽ എത്താതിരുന്നപ്പോഴും എന്തെങ്കിലും അത്യാവശ്യമോ പനിയോ ആകുമെന്നാണ് കൂട്ടുകാർ കരുതിയത്. വ്യാഴാഴ്ച പക്ഷെ പതിവ് സമയം കഴിഞ്ഞിട്ടും രണ്ടുപേരും വീട്ടിൽ തിരികെയെത്തിയില്ല. ഇരുവരുടെയും രക്ഷിതാക്കൾ ആദ്യം അന്വേഷിച്ചത് കൂട്ടുകാരോടാണ്. ഇന്നലെ സ്കൂളിൽ കണ്ടില്ലെന്ന് കൂട്ടുകാർ പറഞ്ഞത് രക്ഷിതാക്കൾക്ക് ആദ്യം വിശ്വസിക്കാനായില്ല. പിന്നീട് അദ്ധ്യാപകരെ വിളിച്ചു. പൊലീസിൽ പരാതി നൽകിയതിനൊപ്പം നാടാകെ തെരഞ്ഞു.
സെബിൻഷായുടെയും ദേവനന്ദയുടെയും ചിത്രങ്ങൾ നവമാദ്ധ്യമങ്ങളിൽ കൈമാറി നാട്ടുകാരും അന്വേഷണം ആരംഭിച്ചു. പക്ഷെ എല്ലാവരുടെയും ഹൃദയം തകർക്കുന്ന വിവരമാണ് ഇന്നലെ രാവിലെ പതിനൊന്നരയോടെ ശാസ്താംകോട്ടയിൽ നിന്ന് വന്നത്. ദേവസ്വം ബോർഡ് കോളേജിന്റെ താഴെയുള്ള കായൽക്കടവിൽ പകൽ സമയത്ത് പലപ്പോഴും ആളനക്കം ഉണ്ടാകാറുള്ളതാണ്. എന്നാൽ ഇരുവരും ഇവിടേക്ക് എത്തുന്നത് വ്യാഴാഴ്ച ആരും കണ്ടിരുന്നില്ല. തടാകതീരത്ത് നിന്ന് കണ്ടെത്തിയ ഇരുവരുടെയും സ്കൂൾ ബാഗിൽ വീട്ടിൽ നിന്ന് കൊടുത്തുവിട്ട ഭക്ഷണം കഴിക്കാതെ അവശേഷിച്ചിരുന്നു.
ഇന്നലെ രാത്രി ഏഴോടെ ചെങ്കൂർ ജമാഅത്ത് പള്ളിയിൽ സെബിൻഷായുടെ കബറടക്കി. ദേവനന്ദയുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ സംസ്കരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |