തെരുവ് വിളക്കുകൾ-36
കത്താതായത്-28
ആകെ വിളക്ക് കാലുകൾ-72
കൊല്ലം: ജില്ലയിൽ ഏറ്റവുമധികം അപകടങ്ങളും അപകട മരണങ്ങളും റിപ്പോർട്ട് ചെയ്ത കൊല്ലം കമ്മിഷണർ ഓഫീസ് ആർ.ഒ.ബിയിലെ 36 തെരുവ് വിളക്കുകളിൽ 28 എണ്ണവും മിഴിയടച്ചു. ആർ.ഒ.ബി പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലാണെങ്കിലും കോർപ്പറേഷനാണ് പാലത്തിലെ തെരുവ് വിളക്കുകളുടെ പരിപാലനം.
ആർ.ഒ.ബിയുടെ നിർമ്മാണം പൂർത്തിയായപ്പോൾ ഇരുവശങ്ങളിലുമായി 72 തെരുവ് വിളക്കുകാലുകൾ സ്ഥാപിച്ചെങ്കിലും ഒരു വശത്തെ 36 പോസ്റ്റുകളിൽ മാത്രമേ വിളക്കുകൾ സ്ഥാപിച്ചുള്ളു. ഇതിൽ എസ്.എൻ കോളേജ് ഭാഗത്ത് നിന്ന് ആർ.ഒ.ബിയിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ എട്ടെണ്ണം മാത്രമേ ഇപ്പോൾ പ്രകാശിക്കുന്നുള്ളു.
500 മീറ്റർ നീളമുള്ള പാലത്തിന്റെ മദ്ധ്യഭാഗത്ത് നിന്ന് ഡി.സി.സി ഓഫീസിന് മുന്നിൽ വരെയുള്ള 350 മീറ്റർ ഭാഗം രാത്രിയിൽ പൂർണ്ണമായും ഇരുട്ടിലാണ്. പാലത്തിലൂടെ സൈക്കിളിൽ സഞ്ചരിക്കുന്നവർക്കും കാൽനടയായി പാലം കടക്കാൻ ശ്രമിക്കുന്നവർക്കുമാണ് കൂടുതൽ ഭീഷണി. എതിർദിശയിൽ നന്നുള്ള വാഹനങ്ങൾ കാണാനാകാതെ വാഹനയാത്രക്കാർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
2019 ഫെബ്രുവരി 4 മുതൽ 2024 ഫെബ്രുവരി 4 വരെ
അപകടങ്ങളുടെ എണ്ണം-23
മരണം-6
പരിക്കേറ്റവർ-22
പാലങ്ങൾ വൈകാതെ മിന്നും
നഗരത്തിലെ വലിയൊരു വിഭാഗം പാലങ്ങളിൽ സബർമതി മോഡൽ പ്രകാശസംവിധാനം വൈകാതെ സജ്ജമാകും. സ്വകാര്യ ഏജൻസിയുമായുള്ള കരാർ നടപടി അന്തിമഘട്ടത്തിലെത്തി. പാലത്തിന്റെ മുകളിൽ നിന്ന് താഴേക്കുള്ള വെളിച്ചത്തിന് പുറമേ തൂണുകളിലും വൈദ്യുതാലങ്കാരം ഒരുക്കുന്നതാണ് പദ്ധതി. തൂണുകളിൽ പരസ്യം സ്ഥാപിച്ച് ഇതിനുള്ള തുക കരാർ ഏജൻസി കണ്ടെത്തും. വരുമാനത്തിൽ നിന്ന് നിശ്ചിത തുക കോർപ്പറേഷന് കൈമാറും. പദ്ധതിയിൽ കമ്മിഷണർ ഓഫീസ് ആർ.ഒ.ബിയുടെ മേവറം, കാവനാട് പാതയോട് ചേർന്നുള്ള ഭാഗവും ഉൾപ്പെടുത്തിയിട്ടുണ്ട്.
മഴ പെയ്തതിനെ തുടർന്നുണ്ടായ കേടുപാടുകളിലാണ് കമ്മിഷണർ ഓഫീസ് ആർ.ഒ.ബിയിലെ തെരുവ് വിളക്കുകൾ അണഞ്ഞത്. വൈകാതെ അറ്റകുറ്റപ്പണി നടത്തും.
സജീവ് സോമൻ
നഗരസഭ മരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |