
കൊല്ലം: സ്ഥിരം രാസലഹരി കേസിലെ പ്രതിയെ പൊലീസ് ഒരുവർഷത്തെ കരുതൽ തടങ്കലിൽ ജയിലിലടച്ചു. ഇടമുളയ്‌ക്കൽ ആലംകുന്ന് വിളയിൽ വീട്ടിൽ അൽസാബിത്തിനെയാണ് (30) കൊല്ലം റൂറൽ എസ്.പി കെ.എം.സാബു മാത്യുവിന്റെ നിർദ്ദേശ പ്രകാരം റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി എം.എം.ജോസിന്റെ ശുപാർശയിൽ തടങ്കലിലടച്ചത്. കഴിഞ്ഞ വർഷം എം.ഡി.എം.എ, എൽ.എസ്.ഡി സ്‌റ്റാമ്പ് കേസുകളിൽപ്പെട്ടാണ് അൽസാബിത്ത് അഞ്ചൽ പൊലീസിന്റെ പിടിയിലായത്. ജാമ്യത്തിലിറങ്ങിയ പ്രതി തുടർന്നും ലഹരി ഇടപാടുകൾ നടത്താനുള്ള സാദ്ധ്യതകൾ തടയുന്നതിന്റെ ഭാഗമായാണ് കരുതൽ തടങ്കൽ. കൂടിയ തോതിലുള്ള കൊമേഴ്‌സ്യൽ വിഭാഗത്തിൽ ഉൾപ്പെട്ട കേസായതിനാൽ പിറ്റ് എൻ.ഡി.പി.എസ് (പ്രിവൻഷൻ ഓഫ് ഇല്ലിസിറ്റ് ട്രാഫിക് ഇൻ നാർകോട്ടിക് കേസസ്) അധികാരം ഉപയോഗിച്ചാണ് കരുതൽ തടവിൽ സൂക്ഷിക്കുന്നത്. ആഭ്യന്തര വകുപ്പാണ് ഉത്തരവ് ഇറക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |