പാങ്ങോട്: വലിപ്പം കൊണ്ടല്ല, വൈവിദ്ധ്യം കൊണ്ട് ശ്രദ്ധേയമാവുകയാണ് പവിത്രേശ്വരം പാങ്ങോട്ടെ കുടുംബശ്രീ നാട്ടുചന്ത. ദം ബിരിയാണി മുതൽ ഉപ്പിലിട്ട നെല്ലിക്കായും മാങ്ങയും വരെ ഇവിടെ കിട്ടും. നാവിൽ വെള്ളമൂറിക്കുന്ന നാടൻ വിഭവങ്ങൾക്ക് ആവശ്യക്കാരും ഏറെയാണ്.
പത്ത് രൂപ മുടക്കിയാൽ ഉപ്പുനീരിൽ കാന്താരി മുളകിന്റെ എരിവ് പിടിച്ചുകിടക്കുന്ന മൂന്ന് വലിയ നെല്ലിക്ക സ്വന്തമാക്കാം. കാശ്മീരി മുളക് പൊടിയിൽ പാകത്തിന് ഉപ്പും മഞ്ഞളും ഉലുവായും വെളുത്തുള്ളിയും കായവും പച്ചെണ്ണയും ചേർത്ത് കടുകും കറിവേപ്പിലയും താളിച്ച് വഴറ്റിയെടുത്ത നാരങ്ങ, മാങ്ങ, ലവ് ലോലിക്ക, മീൻ അച്ചാറുകളുടെ നീണ്ട നിര. കോഴി - താറാവ് മുട്ട. ഡിഷ് വാഷ് ജെൽ, ഉപ്പേരി, ശർക്കര വരട്ടി, അവലോസ് പൊടി അങ്ങനെ പട്ടിക നീളുന്നു.
വിഷ രഹിതമായ നാടൻ പച്ചക്കറികളും ലഭ്യമാണ്. കുക്കുമ്പർ, തക്കാളി, കോവയ്ക്ക, വഴുതന, പച്ചമുളക്, പാവയ്ക്ക എന്നിവയ്ക്ക് ആവശ്യക്കാർ ഏറെ. ആയുർവേദ സോപ്പുകളാണ് സ്ഥിരം ഉപഭോക്താക്കളുള്ള മറ്റൊരിനം. ശംഖുപുഷ്പം, പപ്പായ, അലോവര, മഞ്ഞൾ, തുളസി തുടങ്ങിയ ഔഷധ വൈവിദ്ധ്യത്തിൽ നിർമ്മിച്ചവയാണ് സോപ്പുകൾ.
115 സംരംഭങ്ങൾ
വെട്ടിക്കവല ബ്ലോക്കിന് കീഴിലെ സ്റ്റാർട്ടപ്പ് വില്ലേജ് എന്റർപ്രണർഷിപ്പ് പ്രോഗ്രാമിൽ 115 സംരംഭങ്ങൾ പവിത്രേശ്വരം കുടുംബശ്രീ സി.ഡി.എസിലുണ്ട്. 46 ജെ.എൽ.ജി ഗ്രൂപ്പുകളുടെ ഉത്പന്നങ്ങളാണ് വിളവെടുത്ത് ചന്തയിലൂടെ വിൽക്കുന്നത്. എല്ലാ ആഴ്ചയും വെള്ളിയാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 4 വരെ പഞ്ചായത്ത് ഓഫീസിന് സമീപത്തെ പാതയോരത്താണ് നാട്ടുചന്ത.
വിറ്റുവരവ് ₹ 10000 - 15000
കൂടുതൽ ഉത്പന്നങ്ങൾ വിറ്റഴിക്കാനാകും വിധം നാട്ടുചന്ത വിപുലീകരിക്കാനുള്ള ശ്രമത്തിലാണ്.
ഷെർമി വിശ്വനാഥ്
സി.ഡി.എസ് ചെയർപേഴ്സൺ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |