ലോക്കൽ സമ്മേളനങ്ങൾ പുനരാരംഭിക്കും
കൂടുതൽ നേതാക്കൾ പങ്കെടുക്കും
കൊല്ലം: സംസ്ഥാന കമ്മിറ്റി അംഗങ്ങളും ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളും അടക്കം കൂടുതൽ നേതാക്കൾ പങ്കെടുത്ത് കരുനാഗപ്പള്ളിയിലെ നിറുത്തിവച്ച സമ്മേളനങ്ങൾ പൂർത്തിയാക്കാൻ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിന്റെ തീരുമാനം. ലോക്കൽ കമ്മിറ്റിയിലേക്ക് മത്സരത്തിന് ഒരുങ്ങിയവരുമായി പരമാവധി സമവായത്തിന് ശ്രമിക്കും. സമ്മേളനത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നവർക്കെതിരെ നടപടിയെടുക്കാനും തീരുമാനിച്ചു.
കരുനാഗപ്പള്ളിയിലെ പത്ത് ലോക്കൽ കമ്മിറ്റികളിൽ മൂന്നിടത്ത് മാത്രമാണ് സമ്മേളനം പൂർത്തിയായത്. ബാക്കി ഏഴിടങ്ങളിൽ ലോക്കൽ കമ്മിറ്റിയിലേക്ക് മത്സരത്തിന് ഒരുങ്ങിയവർ സമവായത്തിന് വഴങ്ങാഞ്ഞതോടെ നിറുത്തിവയ്ക്കുകയായിരുന്നു. സംസ്ഥാന കമ്മിറ്റി അംഗം കെ.സോമപ്രസാദിനായിരുന്നു സമ്മേളന ചുമതല. ഇനി കെ.സോമപ്രസാദിനെ കൂടാതെ കെ.രാജഗോപാൽ, കെ.വരദരാജൻ, ജെ.മേഴ്സിക്കുട്ടിഅമ്മ എന്നീ സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്ക് പുറമേ കൂടുതൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളും ലോക്കൽ സമ്മേളനങ്ങളിൽ പങ്കെടുക്കും. ഈ മാസം 27, 28, ഡിസംബർ 1 തീയതികളിലാകും നിറുത്തിവച്ച സമ്മേളനങ്ങൾ നടത്തുക. ഈമാസം 30 മുതൽ ഡിസംബർ 2 വരെ നടത്താൻ നിശ്ചയിച്ചിരുന്ന ഏരിയാ സമ്മേളനം ഡിസംബർ 3, 4 തീയതികളിലേക്ക് മാറ്റി.
സമവായത്തിലൂടെ പൂർത്തിയാക്കാനാണ് തീരുമാനമെങ്കിലും മത്സരിക്കാൻ ഒരുങ്ങിയവരിൽ വലിയൊരു വിഭാഗം പിന്മാറാൻ സാദ്ധ്യതയില്ലാത്തതിനാൽ പല സമ്മേളനങ്ങളും മത്സരത്തിലേക്ക് കടക്കാൻ സാദ്ധ്യതയുണ്ട്.
ഗ്രൂപ്പ് യോഗം ചേർന്നതായി ആരോപണം
സമ്മേളന നടത്തിപ്പ് സംബന്ധിച്ച ജില്ലാ സെക്രട്ടേറിയറ്റ് യോഗം റിപ്പോർട്ട് ചെയ്യാൻ ഇന്നലെ ചേർന്ന കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി യോഗത്തിലും രണ്ട് വിഭാഗങ്ങളായി ചേരിതിരിഞ്ഞ് ആരോപണങ്ങൾ തുടർന്നു. കരുനാഗപ്പള്ളി ടൗൺ ലോക്കൽ സമ്മേളനത്തിൽ ഏരിയാ കമ്മിറ്റി അംഗത്തിന്റെ നേതൃത്വത്തിലാണ് ബദൽ പാനൽ അവതരിപ്പിച്ചതെന്ന് ആരോപണം ഉയർന്നു. ഈ സമ്മേളനം പുനരാരംഭിക്കുമ്പോൾ മത്സരം ഉറപ്പാക്കാൻ യുവ നേതാവിന്റെ നേതൃത്വത്തിൽ ഗ്രൂപ്പ് യോഗം ചേർന്നുവെന്ന് മറുപക്ഷം തിരിച്ചടിച്ചു. ഇവിടെനിന്നുള്ള ജില്ലാ കമ്മിറ്റി അംഗം, സമ്മേളന നടത്തിപ്പിന്റെ ചുമതലയുള്ള നേതാക്കൾ എന്നിവർക്കെതിരെയും വിമർശനം ഉയർന്നു. തീരുമാനം എടുക്കുമ്പോൾ ഒപ്പം നിന്ന ശേഷം വിവരങ്ങൾ ചോർത്തിനൽകി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിൽ ചില ഏരിയാ കമ്മിറ്റി അംഗങ്ങൾക്ക് പങ്കുണ്ടെന്ന് ഏരിയാ സെക്രട്ടറി തുറന്നടിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |