കൊല്ലം: അമിതഭാരം കയറ്റിവന്ന ലോറി മറിഞ്ഞ് ഇരുമ്പ് ട്യൂബുകൾ നെഞ്ചിൽ പതിച്ച് തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. കൊല്ലം റെയിൽവേ സ്റ്റേഷൻ വികസനത്തിന്റെ ഭാഗമായുള്ള നിർമ്മാണ സാമഗ്രികൾ കയറ്റിയ ലോറി മറിഞ്ഞ് നിർമ്മാണ തൊഴിലാളിയായ തമിഴ്നാട് ഭൂതമംഗലം തിരുവാരൂർ സ്വദേശി പളനി വേലുവിനാണ് പരിക്കേറ്റത്.
ഇന്നലെ രാവിലെ 11.30 ഓടെ കൊല്ലം റെയിൽവേ ഗുഡ്സ് ഷെഡിന് സമീപമായിരുന്നു അപകടം. റെയിൽവേ സ്റ്റേഷൻ കോമ്പൗണ്ടിൽ നിർമ്മാണം നടക്കുന്ന പല ഭാഗങ്ങളിൽ നിന്നായി ശേഖരിച്ച ഇരുമ്പ് ട്യൂബുകൾ ഗുഡ്സ് ഷെഡിന് സമീപത്തെ സ്റ്റോറിലേക്ക് കൊണ്ടുവന്നതായിരുന്നു ലോറി. ലോറിക്ക് സ്റ്റോറിലേക്ക് വളയാനുള്ള സൈഡ് പറഞ്ഞുകൊടുക്കുന്നതിനിടെ ടയറുകൾ ഡിവൈഡറിൽ കയറി മറിയുകയായിരുന്നു. ലോറിയിലുണ്ടായിരുന്ന പത്തോളം ട്യൂബുകൾ തൊട്ടടുത്ത് നിന്ന പളനിവേലുവിന്റെ നെഞ്ചത്തേക്ക് പതിച്ചു. പരിക്കേറ്റ തൊഴിലാളി സ്ഥലത്ത് രക്തം ഛർദ്ദിച്ചു.
ബഹളം കേട്ടെത്തിയ സമീപത്തെ ഓട്ടോ ഡ്രൈവർമാർ അര മണിക്കൂറോളമെടുത്താണ് ട്യൂബുകൾ നീക്കിയത്. ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച പളനിവേലുവിന്റെ നില ഗുരുതരമായതിനാൽ പിന്നീട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പളനി വേലുവിനെ ആശുപത്രിയിൽ എത്തിക്കാൻ സഹരിക്കാഞ്ഞതുമായി ബന്ധപ്പെട്ട് സ്ഥലത്തുണ്ടായിരുന്നവരും റെയിൽവേ ഉദ്യോഗസ്ഥരും തമ്മിൽ വാക്കുതർക്കമുണ്ടായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |