SignIn
Kerala Kaumudi Online
Friday, 23 October 2026 7.08 AM IST

സി.ബി.എൽ കിരീടം കാരിച്ചാലിന്: പ്രസിഡന്റ്സ് ട്രോഫിയിൽ മുത്തമിട്ട് വീയപുരം

veeyapuram

കൊല്ലം: പ്രസിഡന്റ്സ് ട്രോഫിയിൽ മുത്തമിടാനായില്ലെങ്കിലും കായൽ മാമാങ്കത്തിൽ ജലരാജാവായി പള്ളാത്തിരുത്തി ബോട്ട് ക്ലബിന്റെ കാരിച്ചാൽ ചുണ്ടൻ. സി.ബി.എല്ലിലെ ആദ്യ മൂന്ന് സീസണുകളിലെയും ടൈറ്റിൽ വിജയികളായ പള്ളാത്തുരുത്തി ബോട്ട് ക്ലബ് ഇത്തവണയും സി.ബി.എൽ കിരീടം സ്വന്തമാക്കി. ആറ് മത്സരങ്ങളിൽ നിന്ന് 58 പോയിന്റുകൾ നേടിയാണ് പി.ബി.സിയുടെ വിജയം. കൈനകരി വില്ലേജ് ബോട്ട് ക്ലബിന്റെ വീയപുരം ചുണ്ടൻ 57 പോയിന്റോടെ സി.ബി.എല്ലിൽ രണ്ടാം സ്ഥാനത്തും നിരണം ബോട്ട് ക്ലബിന്റെ നിരണം ചുണ്ടൻ 48 പോയന്റുകളോടെ മൂന്നാം സ്ഥാനത്തുമെത്തി.

3 മിനിറ്റ് 53 സെക്കൻഡ് 85 മൈക്രോ സെക്കൻഡിൽ ലക്ഷ്യസ്ഥാനത്തെത്തിയ വീയപുരം ചുണ്ടനാണ് പത്താമത് പ്രസിഡന്റ്‌സ് ട്രോഫിയിൽ മുത്തമിട്ടത്. കാരിച്ചാൽ ചുണ്ടനാണ് രണ്ടാംസ്ഥാനം. നിരണം ചുണ്ടൻ മൂന്നാം സ്ഥാനത്തെത്തി.

വനിതകളുടെ മൂന്ന് വള്ളങ്ങൾ അടക്കം പത്ത് ചെറുവള്ളങ്ങളുടെ മത്സരവും നടന്നു.ഇരുട്ടുകുത്തി എ വിഭാഗത്തിൽ പി.ജി കർണൻ കരുത്ത് തെളിയിച്ചപ്പോൾ, ഇരുട്ടുകുത്തി ബി വിഭാഗത്തിൽ ഡാനിയേൽ ഒന്നാമതെത്തി. വെപ്പ് എ ഗ്രേഡ് വിഭാഗത്തിൽ ആശാ പുളിക്കക്കളവും തെക്കനോടി വനിതകളുടെ മത്സരത്തിൽ ദേവസും ജേതാക്കളായി. തേവള്ളി കൊട്ടാരത്തിന് സമീപത്തെ സ്റ്റാർട്ടിംഗ് പോയിന്റ് മുതൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തെ ബോട്ട് ജെട്ടി വരെ 1,100 മീറ്ററിലായിരുന്നു മത്സരം. സി.ബി.എൽ ജേതാക്കൾക്ക് 25 ലക്ഷവും രണ്ടും മൂന്നും സ്ഥാനത്തിന് 15 ലക്ഷം, 10 ലക്ഷം രൂപ വീതമാണ് സമ്മാനം. പ്രസിഡന്റ്സ് ട്രോഫിയിലെ ഒന്നാം സ്ഥാനക്കാർക്ക് അഞ്ചുലക്ഷം രൂപയും രാഷ്ട്രപതിയുടെ കയ്യൊപ്പുള്ള സ്വർണക്കപ്പുമാണ് ലഭിച്ചത്.

സി.ബി.എൽ സ്കോർഷീറ്റ്

വള്ളം, ക്ളബ്, പോയന്റ്

കാരിച്ചാൽ ചുണ്ടൻ (പള്ളാത്തുരുത്തി ബോട്ട് ക്ലബ്)- 58

വീയപുരം (വില്ലേജ് ബോട്ട് ക്ലബ്)-57
നിരണം ചുണ്ടൻ (നിരണം ബോട്ട് ക്ലബ്) -48
തലവടി (യു.ബി.സി കൈനകരി)- 46

മേൽപ്പാടം (കുമരകം ബോട്ട് ക്ലബ്, സെന്റ് ഫ്രാൻസിസ് ബോട്ട് ക്ലബ്)- 32

ചമ്പക്കുളം (പുന്നമട ബോട്ട് ക്ലബ്) -30
നടുഭാഗം (കുമരകം ടൗൺ ബോട്ട് ക്ലബ്)-29
പായിപ്പാടൻ (ആലപ്പുഴ ടൗൺ ബോട്ട് ക്ലബ്) -25
ആയാപറമ്പ് വലിയ ദിവാൻജി (ചങ്ങനാശേരി ബോട്ട് ക്ലബ്) -18

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL