കൊല്ലം: ദേശീയപാത 66ന്റെ കാവനാട്-കടമ്പാട്ടുകോണം റീച്ചിലെ ആറുവരി വികസനം ആറ് മാസത്തിനകം പൂർത്തിയാക്കുമെന്ന് ദേശീയപാത അതോറിറ്റി അധികൃതർ. ഫെബ്രുവരിയിൽ അവസാനിക്കുന്ന നീട്ടിയ കരാർ കാലാവധി ഇടക്കാലത്തുണ്ടായ തുടർച്ചയായ മഴ, മണ്ണ് ക്ഷാമം എന്നിവ കണക്കിലെടുത്ത് നാലുമാസം കൂടി ദീർഘിപ്പിച്ച് നൽകും.
കാവനാട്- കടമ്പാട്ടുകോണം റീച്ചിലെ നിർമ്മാണ പ്രവർത്തനങ്ങൾ നിലവിൽ 68 ശതമാനം പൂർത്തിയായി. ശേഷിക്കുന്ന പ്രവൃത്തികൾ മേയ് അവസാനത്തോടെ പൂർത്തിയാക്കുന്ന തരത്തിൽ ദേശീയപാത അതോറിറ്റി പ്രോജക്ട് ഓഫീസും കരാർ കമ്പനിയും സംയുക്തമായി പ്രത്യേക വർക്ക് പ്ലാനും തയ്യാറാക്കി. വർക്ക് പ്ലാൻ പ്രകാരം പ്രവൃത്തി മുന്നോട്ടുപോകുന്നുണ്ടോയെന്ന വിലയിരുത്തൽ ഇടയ്ക്കിടെയുണ്ടാകും. അടിപ്പാതകളെല്ലാം പൂർത്തിയായി. മഴ, മണ്ണ് ക്ഷാമം എന്നിവയെ തുടർന്ന് മാസങ്ങളോളം സ്തംഭിച്ചുകിടന്ന ആർ.ഇ വാളുകളുടെ നിർമ്മാണം ഭൂരിഭാഗം സ്ഥലങ്ങളിലും ആരംഭിച്ചിട്ടുണ്ട്. ഫ്ലൈ ഓവർ, അടിപ്പാത, പാലം എന്നിവയോട് ചേർന്ന സ്ഥലങ്ങളിലൊഴികെ ഭൂരിഭാഗമിടത്തും ആറുവരിപ്പാതയുടെ ആദ്യഘട്ട ടാറിംഗ് പൂർത്തിയായി. സർവീസ് റോഡ് കൂടുതൽ ഉയരത്തിലുള്ള ഭാഗങ്ങളിൽ നിർമ്മാണം ബാക്കി നിൽക്കുന്നുണ്ട്.
നിർമ്മാണ പുരോഗതി
പാലങ്ങൾ
മങ്ങാട്-90%
കാവനാട്-90%
നീരാവിൽ-70%
ഇത്തിക്കര-95%
ഫ്ലൈ ഓവറുകൾ
പാരിപ്പള്ളി-90%
ചാത്തന്നൂർ-90%
കൊട്ടിയം-70%
മേവറം-80%
കല്ലുന്താഴം-90%
കാവനാട്-90%
കരാർ 4 മാസം കൂടി ദീർഘിപ്പിച്ചു
ഫെബ്രുവരിയിൽ പൂർത്തിയാകുന്ന കരാർ 4 മാസം കൂടി നീട്ടി
ജൂണിൽ പ്രവൃത്തികൾ പൂർത്തിയാക്കാൻ കർശന നിർദ്ദേശം
മഴയ്ക്ക് മുമ്പേ നിർമ്മാണം പൂർത്തിയാക്കണം
കാലവർഷം ആരംഭിച്ചാൽ ടാറിംഗ് പ്രതിസന്ധിയിലാകും
വെള്ളക്കെട്ട് രൂപപ്പെട്ട് ഗതാഗതത്തെയും ബാധിക്കും
കാവനാട്-കടമ്പാട്ടുകോണം റീച്ചിലെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ മുന്നോട്ടുപോവുകയാണ്. അപ്രതീക്ഷിത തടസങ്ങളുണ്ടായില്ലെങ്കിൽ ജൂണിൽ പൂർത്തിയാക്കാനാണ് ശ്രമം.
ദേശീയപാത അതോറിറ്റി അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |