കൊല്ലം: ശൂരനാട് ചക്കുവള്ളിയിൽ സ്വകാര്യ ബസുകൾ തമ്മിലുള്ള മത്സര ഓട്ടത്തിനിടെ ബസിനുള്ളിൽ വീണ് മൂന്ന് യാത്രക്കാരികൾക്ക് പരിക്കേറ്റു. കിഴക്കേകല്ലട സ്വദേശി ലിജി, ബന്ധുവായ ജോസി, പോരുവഴി സ്വദേശി ഗീത എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ എട്ടോടെയായിരുന്നു സംഭവം.
ചെങ്ങന്നൂർ, കരുനാഗപ്പള്ളി എന്നിവിടങ്ങളിൽ നിന്ന് വന്ന രണ്ട് സ്വകാര്യ ബസുകൾ ഭരണിക്കാവിലേക്ക് ആദ്യം പോകാൻ മത്സരിക്കുന്നതിനിടെയായിരുന്നു അപകടം. ആദ്യം ഒരു ബസ് അമിതവേഗത്തിൽ പുറപ്പെട്ടു. ഇതുകണ്ട് രണ്ടാമത്തെ ബസ് അമിതവേഗത്തിൽ മുന്നോട്ടെടുത്തു. ഇതിനിടയിൽ ഒരു ലോറി മുന്നിൽപ്പെട്ടു. പെട്ടെന്ന് ഡ്രൈവർ ബ്രേക്കിട്ടതോടെയാണ് യാത്രക്കാർ വീണത്. ലിജിക്കും ജോസിക്കും നിസാര പരിക്കേയുള്ളു. ഗീതയുടെ കാലിന് പൊട്ടലുണ്ട്. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. യാത്രക്കാർ ബഹളം വച്ചതോടെ നാട്ടുകാർ സംഘടിച്ച് ഇരുബസുകളും തടഞ്ഞിട്ടു. ഇതോടെ ശൂരനാട് പൊലീസ് സ്ഥലത്തെത്തി രണ്ട് ബസുകളും കസ്റ്റഡിയിലെടുത്തു. ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ മോട്ടോർ വാഹന വകുപ്പിനോട് ആവശ്യപ്പെടുമെന്ന് ശൂരനാട് പൊലീസ് പറഞ്ഞു. ഈ റൂട്ടിൽ സ്വകാര്യ ബസുകൾ തമ്മിലുള്ള മത്സരയോട്ടം പതിവാണെന്ന് നാട്ടുകാർ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |