SignIn
Kerala Kaumudi Online
Friday, 23 October 2026 1.35 PM IST

ചിന്നക്കട ലെവൽക്രോസിൽ റെയിൽവേയുടെ കടുംപൂട്ട്

lc
അടഞ്ഞുകിടക്കുന്ന ചിന്നക്കട റെയിൽവേ ലെവൽക്രോസ്

കൊല്ലം: നഗരത്തിലെ ഗതാഗതക്കുരുക്കിൽ ജനം വട്ടം കറങ്ങിയിട്ടും ചിന്നക്കട ലെവൽക്രോസ് തുറക്കാതെ റെയിൽവേയുടെ കടുംപിടുത്തം. മൂന്നാഴ്ച മുമ്പാണ് മുന്നറിയിപ്പില്ലാതെ അറ്റകുറ്റപ്പണിക്കെന്ന പേരിൽ ലെവൽക്രോസ് റെയിൽവേ അടച്ചത്. ഇതിന് പിന്നാലെ ഉള്ളിൽ ടാർ ചെയ്ത് ഉറപ്പിച്ചിരുന്ന കോൺക്രീറ്റ് സ്ലാബുകൾ പാളത്തിന് ഇരുവശവും ഇളക്കിയിട്ടിരിക്കുകയാണ്.

ലെവൽക്രോസ് പരിപാലനം, നടത്തിപ്പ് ചെലവ് കുടിശിക സഹിതം കോർപ്പറേഷൻ അടയ്ക്കണമെന്നാണ് റെയിൽവേയുടെ ആവശ്യം. വേണമെങ്കിൽ തവണ വ്യവസ്ഥ അനുവദിക്കാമെന്നാണ് റെയിൽവേയുടെ ഉദാര സമീപനം.

ചിന്നക്കടയിൽ ആർ.ഒ.ബി നിർമ്മിച്ചപ്പോൾ തന്നെ ലെവൽക്രോസ് അടയ്ക്കാൻ തീരുമാനിച്ചതാണെന്നാണ് റെയിൽവേ പറയുന്നത്. അന്ന് കോർപ്പറേഷൻ ആവശ്യപ്പെട്ടത് പ്രകാരം നടത്തിപ്പ് ചെലവ് നൽകാമെന്ന വ്യവസ്ഥയിലാണ് ലെവൽക്രോസ് തുടരാൻ തീരുമാനിച്ചത്. പത്ത് വർഷം മുമ്പ് വരെ കോർപ്പറേഷൻ പണം അടച്ചിരുന്നു. ഇതിന് ശേഷം പലതവണ കുടിശിക അടയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അടച്ചില്ല. ഈ സാഹചര്യത്തിലാണ് ഗേറ്റ് അടച്ചത്.

എന്നാൽ ലെവൽക്രോസ് നടത്തിപ്പ് കരാറിനെ കുറിച്ച് അറിയില്ലെന്നും റെയിൽവേയുടെ കത്ത് ലഭിച്ചിട്ടില്ലെന്നുമാണ് കോർപ്പറേഷന്റെ നിലപാട്. മുമ്പ് പണം അടച്ചിട്ടുണ്ടെങ്കിൽ അതിന്റെ രേഖയും പഴയ കരാറിന്റെ പകർപ്പും നൽകണമെന്നാണ് കോർപ്പറേഷന്റെ ആവശ്യം.

വട്ടംകറങ്ങി ജനം

 ചിന്നക്കടയിൽ നിന്ന് കൊട്ടിയം ഭാഗത്തേക്ക് പോകാൻ സെന്റ് ജോസഫ് കോൺവെന്റ് വരെ പോയി ചുറ്റിക്കറങ്ങി തിരിച്ചുവരണം

 കൊട്ടിയം ഭാഗത്ത് നിന്ന് ചിന്നക്കടയിലെത്താൻ ചിന്നക്കട ആർ.ഒ.ബി വഴിയോ ചിന്നക്കട ട്രാഫിക് റൗണ്ട് വഴിയോ ചുറ്റിത്തിരിയണം

 നേരത്തെ ചിന്നക്കട ലെവൽക്രോസ് വഴി പോയിരുന്ന വാഹനങ്ങൾ കൂട്ടത്തോടെ ചിന്നക്കട -സെന്റ് ജോസഫ് റോഡിലും ചിന്നക്കട റൗണ്ടിലും ബീച്ച് റോഡിലും എത്തുന്നത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കി

രണ്ടുമാസം മുമ്പാണ് റെയിൽവേ കോർപ്പറേഷൻ സെക്രട്ടറിക്ക് കത്ത് നൽകിയത്. നേരത്തെ ഇത്തരത്തിൽ പണം അടച്ചതായുള്ള രേഖകളൊന്നും ലഭിച്ചിട്ടില്ല. അതിനാൽ പഴയ രേഖകളും കരാറും കൈമാറണമെന്ന് ആവശ്യപ്പെട്ടു. റെയിൽവേയുടെ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങും.

പ്രസന്ന ഏണസ്റ്റ്, മേയർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL