കൊല്ലം: പുതുവത്സര ദിനത്തിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ കമ്പിവടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചവർ പൊലീസ് പിടിയിലായി. മയ്യനാട് കൂട്ടിക്കട ആക്കോലിൽ ആലപ്പുര വീട്ടിൽ സഹോദരങ്ങളായ സച്ചു (22), ബിച്ചു(20), മയ്യനാട് കൂട്ടിക്കട വെളിയിൽ വീട്ടിൽ സൈദലി (21), കൂട്ടിക്കട ആലപ്പുരം വീട്ടിൽ രഞ്ജൻ (50) മയ്യനാട്, കൂട്ടിക്കട ആലപ്പുര വീട്ടിൽകിരൺ (23), മയ്യനാട് വയലിൽ വീട്ടിൽ കിഴക്കതിൽ അഖിൽ (22) എന്നിവരാണ് ഇരവിപുരം പൊലീസിന്റെ പിടിയിലായത്.
മയ്യനാട് ആക്കോലിൽ മൂലവട്ടം തൊടിയിൽ വീട്ടിൽ വിജേഷിനെയും ഇയാളുടെ ഇളയ സഹോദരനായ വിന്ദേഷിനേയുമാണ് പ്രതികൾ ഗുരുതരമായി ആക്രമിച്ച് പരിക്കേൽപ്പിച്ചത്. മയ്യനാട് ആമ്മാച്ചൻമുക്കിലുള്ള സഹോദരങ്ങളുടെ വീടിന് സമീപത്ത് നിന്നുകൊണ്ട് പുതുവത്സര ദിനം പുലർച്ചെ 1.30ഓടെ പ്രതികൾ ഉച്ചത്തിൽ ചീത്ത വിളിച്ചിരുന്നു. ഇത് ചോദ്യം ചെയ്തതിന്റെ വിരോധത്തിൽ പ്രതികൾ ഇരുമ്പ് കമ്പിയും വടിയുമായി എത്തി ഇരുവരെയും ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. ഇരുമ്പ് കമ്പി കൊണ്ടുള്ള അടിയിൽ തലയ്ക്ക് മാരകമായി പരിക്കേറ്റ വിന്ദേഷ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. വിജേഷിനും മർദ്ദനത്തിൽ സാരമായി പരിക്കേറ്റിരുന്നു. ഇരവിപുരം പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നരഹത്യാശ്രമത്തിന് പ്രതികൾക്കെതിരെ കേസെടുത്തു. ഇരവിപുരം പൊലീസ് ഇൻസ്‌പെക്ടർ രാജീവിന്റെ നേതൃത്വത്തിൽ എസ്.ഐ ജയേഷ്, സി.പി.ഒ മാരായ അനീഷ്, സുമേഷ്, രാജീവ്, അനുപ്രസാദ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |