SignIn
Kerala Kaumudi Online
Friday, 23 October 2026 2.39 PM IST

പോസ്റ്ററൊട്ടി വികൃതമായി ചിന്നക്കട ബസ് കാത്തിരിപ്പ് കേന്ദ്രം

കൊല്ലം: ചിന്നക്കടയിലെ ബസ് കാത്തിരിപ്പ് കേന്ദ്രം പോസ്റ്ററുകൾ നിറഞ്ഞ് വികൃതമായി. കൊല്ലം എം.എൽ.എ ആയിരുന്ന മുൻ മന്ത്രി പി.കെ.ഗുരുദാസന്റെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് മനോഹരമായി നിർമ്മിച്ച കാത്തിരിപ്പ് കേന്ദ്രമാണ് അനധികൃതമായി പതിച്ച പോസ്റ്ററുകൾ നിറഞ്ഞ് വികൃതമായത്.

മൂലക്കുരു ചികിത്സയുടേത് മുതൽ ജനകീയ പ്രതിരോധത്തിന്റെ പോസ്റ്ററുകൾ വരെയുണ്ട് ഇതിൽ. ഇടത്-വലത് വ്യത്യാസമില്ലാതെ രാഷ്ട്രീയ പാർട്ടികളും ജാതി-മത സംഘടനകളും യുക്തിവാദി സംഘങ്ങളുമെല്ലാം കാത്തിരിപ്പ് കേന്ദ്രം വികൃതമാക്കുന്നതിൽ പങ്ക് വഹിച്ചിട്ടുണ്ട്. 2015-16 ൽ അന്നത്തെ കോർപ്പറേഷൻ മേയർ രാജേന്ദ്രബാബുവാണ് കാത്തിരിപ്പ് കേന്ദ്രം പൊതുജനങ്ങൾക്ക് സമർപ്പിച്ചത്. മൺമറഞ്ഞ ദേശീയ നേതാക്കളുടെയും സാംസ്കാരിക നായകരുടെയും ചിത്രങ്ങളും അവരുടെ ശ്രദ്ധേയമായ വചനങ്ങളും രേഖപ്പെടുത്തി അത്യാകർഷകമായാണ് നിർമ്മിച്ചത്.

'ഓരോ വീടും ഓരോ വിദ്യാലയമാണ്, മാതാപിതാക്കൾ അദ്ധ്യാപകരും' എന്ന ഗാന്ധി വാക്യത്തിൽ തുടങ്ങി സംഗീത സംവിധായകൻ ജി.ദേവരാജൻ മാസ്റ്റർ വരെയുള്ളവരെ മനോഹരമായി വരച്ചുചേർത്ത ചുമരുകൾക്ക് താഴെയെല്ലാം പോസ്റ്റർ പ്രളയമാണ്. സുഭാഷ് ചന്ദ്രബോസ്, വക്കം അബ്ദുൾ ഖാദർ, കുഞ്ഞുണ്ണി മാഷ്, വൈക്കം മുഹമ്മദ് ബഷീർ, ഭഗത് സിംഗ്, കുമാരനാശാൻ, എഴുത്തച്ഛൻ, വയലാർ രാമവർമ്മ തുടങ്ങിയ പ്രതിഭാശാലികളാണ് മൂക സാക്ഷികളായി കാത്തിരിപ്പ് കേന്ദ്രത്തിന്റെ ചുമരിൽ ഇരിക്കുന്ന മറ്റുള്ളവർ. പോസ്റ്റർ പതിപ്പിച്ച് കാത്തിരിപ്പ് കേന്ദ്രം വികൃതമാക്കിയവർക്കെതിരെ നിയമനടപടികൾ സാദ്ധ്യമാണ്. എന്നാൽ അധികൃതർ ഇതിന് മെനക്കെടുന്നില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL