കൊട്ടാരക്കര: മോഷണം തടയാൻ ദൈവത്തെ കൂട്ട് പിടിച്ചിരിക്കുകയാണ് തൃക്കണ്ണമംഗർ ചേരൂർ ഭാഗത്തെ നാട്ടുകാർ. അടുത്തിടെയായി നാട്ടിൽ മോഷണം വർദ്ധിക്കുകയാണ്. ചെറുകിട കർഷകർക്ക് കൃഷിയിടത്തിൽ സി.സി.ടി.വി സ്ഥാപിക്കാനോ, മറ്റു കാവൽ ഏർപ്പെടുത്താനോ കഴിയുന്നില്ല. തെങ്ങിലും പറമ്പിലും ദേവാലയത്തിലെ കൊടി കെട്ടിയാണ് പലരും ആശ്വസിക്കുന്നത്. പരിസരത്തുള്ളവർ തന്നെയാണ്
മോഷ്ടാക്കളെന്ന് നാട്ടുകാർ സംശയിക്കുന്നു. കാരണം മോഷണം പോകുന്നതിലധികവും കാർഷിക വിളകളാണ്. മരച്ചീനി, വാഴക്കുല , നാളീകേരം വരെ മോഷ്ടാക്കളുടെ ലിസ്റ്റിലുണ്ട്. കാർഷിക വിളകൾക്കുണ്ടായ വിലക്കൂടുതലും ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മയുമാണ് മോഷണത്തിന് കാരണമാകുന്നത്. മരച്ചീനി കിലോക്ക് 60 രൂപ വരെയുണ്ട്. നാളീകേരവും വെളിച്ചെണ്ണയും അമിത വില കാരണം സാധാരണക്കാർക്ക് അപ്രാപ്യമായി മാറുന്നു. ഈ സാഹചര്യത്തിലാണ് മോഷണം വർദ്ധിക്കുന്നത്. കർഷകനായ സജി ചേരൂർ തന്റെ തെങ്ങിൽ പള്ളിയിൽ നിന്നും സംഘടിപ്പിച്ച കൊടി കെട്ടി. അങ്ങനെ പലരും ഈശ്വരനെ വിശ്വസിച്ച് ദൈവം കാക്കട്ടെ എന്ന ധാരണയിൽ കഴിയുന്നു. മോഷണം നടന്നാൽ പൊലീസിൽ പരാതിപ്പെടാനൊന്നും ആരും തയ്യാറാകുന്നില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |