തിരുവനന്തപുരം: ആശുപത്രി കിടക്കയിൽ നിന്ന് മകളുടെ മത്സരം കാണാനെത്തിയ പിതാവിന്റെ ആഗ്രഹം പോലെ കഥകളിയിൽ എ ഗ്രേഡ് സ്വന്തമാക്കി പതാരം എസ്.എം.എച്ച്.എസ്.എസിലെ പ്ലസ്ടു വിദ്യാർത്ഥിനി അഞ്ജലി കൃഷ്‌ണ. കൊല്ലം മണ്ണൂർക്കാവ് ക്ഷേത്രത്തിലെ കഥകളി കലാകേന്ദ്രത്തിൽ പത്ത് വർഷമായി കഥകളി അഭ്യസിക്കുകയാണ് അഞ്ജലി. ഇത് മൂന്നാം തവണയാണ് സംസ്ഥാന കലോത്സവ വേദിയിലെത്തുന്നത്. എത്തിയപ്പോഴെല്ലാം എ ഗ്രേഡ് സ്വന്തമാക്കി.
മകളുടെ അവസാന സ്‌കൂൾ കലോത്സവമായതിനാലാണ്, ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥനായ അച്ഛൻ രാധാകൃഷ്‌ണ പിള്ള ബുദ്ധിമുട്ടുകൾ മറന്ന് എത്തിയത്. കാലിനുള്ള പ്രയാസങ്ങൾ ഉൾപ്പെടെ മാറ്റിവച്ച് കരുനാഗപ്പള്ളിയിൽ നിന്നു തിരുവനന്തപുരത്ത് എത്തുകയായിരുന്നു.

കലാമണ്ഡലം പ്രശാന്തിന്റെ കീഴിലാണ് അഞ്ജലി കഥകളി അഭ്യസിക്കുന്നത്. കഴിഞ്ഞ മൂന്ന് തവണയും രണ്ട് ഇനങ്ങളിൽ പങ്കെടുത്ത് എ ഗ്രേഡ് നേടി. ഇത്തവണയും വഞ്ചിപ്പാട്ടിൽ ലീഡ് പാടുന്നത് അഞ്ജലിയാണ്. ഇതുവരെ 100ലധികം വേദികളിൽ അഞ്ജലി കൃഷ്‌ണ കഥകളി അവതരിപ്പിച്ചിട്ടുണ്ട്. പിന്തുണയുമായി തഴവ എ.വി.എച്ച്.എസ്.എസ് അദ്ധ്യാപികയായ അമ്മ ഐറിനും ബി.ഫാം മൂന്നാം വർഷ വിദ്യാർത്ഥിയായ സഹോദരനുമുണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |