പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മീൻ കിട്ടുന്നില്ല
കൊല്ലം: നിരോധിത തീവപ്രകാശത്തിന്റെ പശ്ചാത്തലത്തിൽ താങ്ങുവള്ളങ്ങൾ മത്സ്യങ്ങളെ കോരിയെടുക്കുന്നതിനാൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ദുരിതത്തിൽ.
പരമ്പരാഗത വള്ളക്കാർ നീട്ട് വല ഉപയോഗിച്ചാണ് മത്സ്യം പിടിക്കുന്നത്. എന്നാൽ താങ്ങുവള്ളക്കാർ ചെറിയ കണ്ണികളുള്ള കോരുവല വട്ടത്തിൽ വിരിച്ചാണ് മത്സ്യബന്ധനം നടത്തുന്നത്. കടലിൽ ഒരു ഭാഗത്ത് തീവ്രപ്രകാശം അടിച്ച് മത്സ്യങ്ങളെ കൂട്ടത്തോടെ ആകർഷിച്ച ശേഷം കോരുവല വിരിക്കും. നീട്ടുവലയിൽ നിന്ന് ചെറിയ മത്സ്യങ്ങൾ രക്ഷപ്പെടും. എന്നാൽ കോരുവലയുടെ കണ്ണി ചെറുതായതിനാൽ പിടികൂടുന്നതിന് നിയന്ത്രണമുള്ള ചെറിയ മത്സ്യങ്ങളടക്കം കുടുങ്ങും.
മഴക്കാലത്ത് കടൽ കലങ്ങിക്കിടക്കുമ്പോൾ അടിത്തട്ടിലേക്ക് കാര്യമായി പ്രകാശം പോകാത്തതിനാൽ ലൈറ്റ് ഉപയോഗിച്ചുള്ള മത്സ്യബന്ധനം ഫലപ്രദമാവില്ല. ഇപ്പോൾ കടൽ തെളിഞ്ഞതോടെ ഇപ്രകാരമുള്ള മത്സ്യബന്ധനം വ്യാപകമാണ്. മത്സ്യക്കൂട്ടങ്ങൾ രാത്രിയിൽ ഭയന്ന് അടിത്തട്ടിലേക്ക് പോകുന്നതിനാൽ പകൽ പോകുന്നവർക്ക് കാര്യമായി മത്സ്യം ലഭിക്കുന്നില്ല. തിരുവനന്തപുരം ഭാഗത്ത് നിന്നുള്ള വള്ളങ്ങളാണ് തീവ്രലൈറ്റുകളും കോരുവലകളുമായി കൊല്ലം തീരത്തേക്ക് എത്തുന്നത്.
ധാരണ ലംഘിക്കുന്നു
മറ്റ് പ്രദേശങ്ങളിൽ നിന്നുള്ള താങ്ങുവള്ളങ്ങൾ കൊല്ലത്തിന്റെ തീരക്കടലിൽ എത്തി കോരുവല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നത് മുമ്പ് സംഘർഷത്തിന് ഇടയാക്കിയിരുന്നു. തർക്കം തുർച്ചയായതോടെ താങ്ങുവള്ളങ്ങളും ബോട്ടുകളും തീരക്കടലിൽ മത്സ്യബന്ധനം നടത്തരുതെന്ന് ധാരണയായി. ഇത് ലംഘിച്ചാണ് തിരുവനന്തപുരം ഭാഗത്ത് നിന്നുള്ള താങ്ങുവള്ളങ്ങൾ കൊല്ലം തീരത്തേക്ക് എത്തുന്നത്.
പരമ്പരാഗത വള്ളക്കാർ മത്സ്യസമ്പത്ത് സംരക്ഷിച്ച് കൊണ്ടാണ് മത്സ്യബന്ധനം നടത്തുന്നത്. എന്നാൽ കോരുവലയും തീവ്രപ്രകാശവും ഉപയോഗിക്കുന്നവർ മത്സ്യസമ്പത്ത് നശിപ്പിക്കുകയാണ്
എം. ആംബ്രോസ് (കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |