കൊല്ലം: പാരിപ്പള്ളി മെഡി.കോളേജിൽ ആറ് കോടിയോളം രൂപ ചെലവഴിച്ച് 12 വർഷം മുമ്പ് നിർമ്മിച്ച ടൈപ്പ് ത്രീ ക്വാർട്ടേഴ്സ് ജീവനക്കാർക്കായി ഇന്നലെ തുറന്നുനൽകി. പട്ടികയിൽ ഉൾപ്പെട്ട 60 മെഡിക്കൽ കോളേജ് ജീവനക്കാർക്കാണ് ക്വാർട്ടേഴ്സ് അനുവദിച്ചത്.
അഗ്നിസുരക്ഷാ സംവിധാനം ഇല്ലാത്തതിനാലാണ് ഫ്ലാറ്റ് തുറക്കാതിരുന്നത്. 2012 ൽ മെഡി. ആശുപത്രി സമുച്ചയത്തിനൊപ്പം നിർമ്മാണം പൂർത്തിയായതാണ്, വിവിധ വിഭാഗങ്ങൾക്കായുള്ള നാല് ക്വാർട്ടേഴ്സ് സമുച്ചയങ്ങൾ. മെഡിക്കൽ കോളേജിലെ നഴ്സിംഗ്, ക്ലർക്ക് വിഭാഗം ജീവനക്കാർക്കായി മാറ്റിവച്ച ഫ്ലാറ്റ് സമുച്ചയമാണ് ഇതുവരെ തുറക്കാതിരുന്നത്. പ്രിൻസിപ്പൽ, സൂപ്രണ്ട് എന്നിങ്ങനെ ഭരണച്ചുമതലയുള്ളവർക്കുള്ള ടൈപ്പ് വൺ ഫ്ലാറ്റ്, ഡോക്ടർമാർക്കുള്ള ടൈപ്പ് ടു ഫ്ലാറ്റ്, അറ്റൻഡർ, പ്യൂൺ വിഭാഗങ്ങൾക്കുള്ള ടൈപ്പ് ഫോർ ഫ്ലാറ്റ് എന്നിവ വർഷങ്ങൾക്ക് മുൻപേ തുറന്നുനൽകിയിരുന്നു. പക്ഷേ, ടൈപ്പ് ത്രീയുടെ തുടർ നിർമ്മാണ പ്രവർത്തനം നീളുകയായിരുന്നു. ഇപ്പോൾ അഗ്നിസുരക്ഷാ സംവിധാനം, മറ്റ് അറ്റകുറ്റപ്പണികൾ എന്നിവ സഹിതം 50 ലക്ഷം രൂപയോളം ചെലവിട്ടാണ് ഫ്ലാറ്റിന്റെ നവീകരണം പൂർത്തിയാക്കിയത്.
രണ്ട് കിടപ്പ് മുറികൾ, ഹാൾ, അടുക്കള, പൊതുവരാന്ത എന്നിവയാണ് ഓരോ അപ്പാർട്ട്മെന്റിലും ഉള്ളത്. ഒരു നിലയിൽ 6 വീതം ആകെ 60 അപ്പാർട്ട്മെന്റുകളാണ് ആകെയുള്ളത്.
...................................
മൊത്തം 10 നില
ഓരോ നിലയിലും 6 അപ്പാർട്ട്മെന്റുകൾ
ആകെ 60 അപ്പാർട്ട്മെന്റുകൾ
ഒരു അപ്പാർട്ട്മെന്റിൽ രണ്ട് കിടപ്പ് മുറികൾ, ഹാൾ,
അടുക്കള, പൊതുവരാന്ത
നിശ്ചിത ശമ്പളപരിധിയിലുള്ളവർക്കാണ് ടൈപ്പ് ത്രീ ക്വാർട്ടേഴ്സ് അനുവദിക്കുന്നത്. നവീകരണം പൂർത്തിയാക്കിയ ക്വാർട്ടേഴ്സ് നേരത്തെ നിലവിലുള്ള പട്ടികയിൽ ഉൾപ്പെട്ടവർക്ക് അനുവദിച്ചിട്ടുണ്ട്
ഡോ. പദ്മകുമാർ, പ്രിൻസിപ്പൽ, പാരിപ്പള്ളി മെഡി. കോളേജ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |