SignIn
Kerala Kaumudi Online
Friday, 23 October 2026 2.31 PM IST

സ്റ്റേഷനുകളി​ൽ പേപ്പർ ക്ഷാമം, കേസുകൾ 'ചുരുക്കി' പൊലീസ്!

പരാതിക്കാരോട് പേപ്പർ ആവശ്യപ്പെടുന്നെന്നും പരാതി

കൊല്ലം: പൊലീസ് ആസ്ഥാനത്തെ ചീഫ് സ്റ്റോറിൽ നിന്ന് മതിയായ അളവിൽ പേപ്പർ ലഭിക്കാത്തതിനാൽ പൊലീസ് സ്റ്റേഷനുകളിൽ കേസെഴുതാനുള്ള വെള്ളക്കടലാസിന് ക്ഷാമം. പേപ്പർ കി​ട്ടാതെ പൊലീസ് വലയാൻ തുടങ്ങി​യി​ട്ട് ഒരു വർഷമായി.

ചില സ്റ്റേഷനുകളിൽ ഉദ്യോഗസ്ഥർ സ്വന്തം ചെലവി​ലാണ് പേപ്പർ വാങ്ങുന്നത്. പരാതിക്കാരോടും പ്രതികളോടും മൊഴി രേഖപ്പെടുത്താനുള്ള പേപ്പർ വാങ്ങി നൽകാൻ ആവശ്യപ്പെടുന്നതായും പരാതിയുണ്ട്. ക്ഷാമം രൂക്ഷമായതോടെ പൊലീസ് സൊസൈറ്റി ജില്ലയിലെ എല്ലാ സ്റ്റേഷനുകൾക്കും അഞ്ച് സെറ്റ് ഫോട്ടോ കോപ്പി പേപ്പർ അടുത്തിടെ വാങ്ങിനൽകിയിരുന്നു. പുതുവത്സരവും ക്രിസ്മസും പ്രമാണിച്ച് നടന്ന പ്രത്യേക ഡ്രൈവിന്റെ കേസുകൾ എഴുതി ഈ പേപ്പറും തീർന്നു.

വാഹന പരിശോധന, പട്രോളിംഗ് എന്നിവയുടെ ഭാഗമായി പൊലീസ് സ്വമേധയാ എടുക്കുന്ന കേസുകളിൽ ഒരെണ്ണം എഴുതാൻ തന്നെ കുറഞ്ഞത് 12 പേപ്പർ വേണം. സ്റ്റേഷനുകളിൽ സൂക്ഷിക്കാനും പ്രതികൾക്കും കോടതിയിൽ നൽകാനും അടക്കമുള്ള പകർപ്പുകളും എടുക്കണം. ഒരു സ്റ്റേഷനിൽ സ്വമേധയാ എടുക്കുന്ന കേസുകൾ, ദി​വസം കുറഞ്ഞത് ദി​വസം പത്തെണ്ണമെങ്കി​ലും ഉണ്ടാവും. കൊലപാതകം, കൊലപാതക ശ്രമം, വമ്പൻ കവർച്ച അടക്കമുള്ള വലിയ കേസുകൾക്ക് ചിലപ്പോൾ 100 മുതൽ 300 പേപ്പർ വരെ വേണ്ടിവരും. പ്രതികൾ കൂടുതലുള്ള കേസുകളാണെങ്കിൽ അത്രയും പകർപ്പും വേണ്ടിവരും. പേപ്പർ ക്ഷാമം കാരണം പല സ്റ്റേഷനുകളിലും സ്വമേധയാ എടുക്കുന്ന കേസുകളുടെ എണ്ണം കുറയ്ക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഗവ. പ്രസ് ടെണ്ടർ ക്ഷണിച്ചാണ് പൊലീസ് ചീഫ് സ്റ്റോറിന് പേപ്പർ കൈമാറുന്നത്. സാമ്പത്തിക പ്രതിസന്ധിയാണ് പേപ്പർ ക്ഷാമത്തിന്റെ കാരണമെന്നാണ് സൂചന.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL