SignIn
Kerala Kaumudi Online
Friday, 23 October 2026 2.37 AM IST

സംസ്ഥാന സ്കൂൾ കലോത്സവം... നാടകങ്ങളി​ൽ നി​റഞ്ഞാടി​ നീരാവിൽ എച്ച്.എസ്.എസ്

കൊല്ലം : സംസ്ഥാന കലോത്സവത്തിലെ നാടക മത്സരത്തിൽ ചരിത്ര വിജയം നേടിയ നീരാവിൽ എസ്.എൻ.ഡി.പി.വൈ.എച്ച്.എസ്.എസ് കൊല്ലത്തിന്റെ നാടക പെരുമയ്ക്ക് തി​ളക്കമേകി​. കാണികളെ ഇളക്കിമറിച്ച, എച്ച് എസ് വിഭാഗത്തിന്റെ 10 ഡി റാപ്പേഴ്സും ജാതി മാലിന്യം ഒഴിയാത്ത സമൂഹ മനസാക്ഷിയെ വിചാരണ ചെയ്യുന്ന എച്ച്.എസ്.എസ് വിഭാഗം അവതരിപ്പിച്ച കക്കൂസും സംസ്ഥാന സ്കൂൾ കലോത്സവത്തിലെ നാടക മത്സരത്തിൽ എ ഗ്രേഡ് നേടി മികച്ച നാടകങ്ങളായി​.

ജില്ലയുടെ നാടക തലസ്ഥാനമെന്ന് അറിയപ്പെടുന്ന നീരാവിൽ ഗ്രാമത്തിലെ പ്രകാശ് കലാകേന്ദ്രവും കലാകേന്ദ്രത്തിലെ അമാസ് എസ്.ശേഖർ എന്ന യുവ നാടക പ്രതിഭയുമാണ് നാടകങ്ങൾ അണിയിച്ചൊരുക്കിയത്. നാടകം കളിച്ച കുട്ടികളെല്ലാം കലാകേന്ദ്രം നാടക കളരിയിൽ പരിശീലനം നടത്തുന്നവരാണ്. 10 ഡി റാപ്പേഴ്സിലെ കേശവൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പെൺകുട്ടി അയിഷയും കക്കൂസ് എന്ന നാടകത്തിലെ വിഷ്ണുവും അകിരയും മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്. തിരുവനന്തപുരം ആമിയഴിഞ്ചാൻതോട്ടിലെ മാലിന്യങ്ങൾക്കിടയിൽ ശ്വാസം മുട്ടി മരിച്ച ജോയിയുടെ ജീവിതം പ്രമേയമാക്കിയ കക്കൂസ് നാടകം ശക്തമായ സാമൂഹ്യ വിമർശനമാണ് ഉയർത്തിയത്.

അസംബ്ലിയിൽ ഈശ്വര പ്രാർത്ഥനയ്ക്ക് പകരം സ്വന്തമായി തയ്യാറാക്കിയ റാപ്പ് പാടുന്ന 10 ഡിയിലെ കുട്ടികൾ നടത്തുന്ന ആചാരലംഘനമാണ് 10 ഡി റാപ്പേഴ്സ്. പത്താംക്ലാസിലെ പിൻബെഞ്ചുകാരായ നാലംഗ സംഘത്തെ ഡി ഡിവിഷനിലാക്കുന്നതോടെയാണ് സ്‌കൂളിലെ മൂത്രപ്പുര കേന്ദ്രീകരിച്ച് റാപ്പ് സംഘം ഉണ്ടാകുന്നത്. പുതിയ കാലത്തെ സകൂൾ അന്തരീക്ഷം എങ്ങനെയാകണമെന്ന രാഷ്ട്രീയ സംവാദം ഉയർത്തി അരങ്ങത്ത് കുട്ടികൾ നിറഞ്ഞാടി.

താരമായി​ അമാസ്

കുട്ടികളോടൊപ്പം കളിച്ചും കഥ പറഞ്ഞും അവരുടെ ചിന്തയിലും ഭാഷയിലും നാടകങ്ങൾക്ക് രൂപം നൽകിയ സംവിധായകൻ അമാസ് എസ് ശേഖർ തൃശൂർ സ്കൂൾ ഒഫ് ഡ്രാമയിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയാണ്. പ്രകാശ് കലാകേന്ദ്രം കഴിഞ്ഞ രണ്ട് വർഷമായി നടത്തി വരുന്ന അവധിക്കാല ക്യാമ്പിൽ പങ്കെടുത്ത കുട്ടികളെ കണ്ടെത്തിയാണ് നാടകം പരിശീലിപ്പിച്ചത്. യു.പി വിഭാഗം അവതരിപ്പിച്ച ആട് പുലിയാട്ടം ഇതിനകം നാട്ടിലെ സാംസ്കാരിക സദസുകളിൽ മൂന്ന് അവതരണം പിന്നിട്ടു. വാർഷിക പരീക്ഷയ്ക്ക് ശേഷം ജില്ലയിലും പുറത്തും കുട്ടികളുടെ നാടകയാത്ര സംഘടിപ്പിക്കാൻ തയ്യാറെടുക്കുകയാണ് പ്രകാശ് കലാകേന്ദ്രം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL