SignIn
Kerala Kaumudi Online
Friday, 23 October 2026 6.28 PM IST

റേഷൻ കാർഡ് മസ്റ്ററിംഗ്: ഫേസ് ആപ്പിൽ വിദേശത്ത് നിന്ന് നുഴഞ്ഞുകയറ്റം

കൊല്ലം: ഇതര സംസ്ഥാനങ്ങളിൽ പഠനത്തിന് പോയ മുൻഗണന, എ.എ.വൈ റേഷൻ കാർഡ് അംഗങ്ങളായ വിദ്യാർത്ഥികൾക്ക് മസ്റ്ററിംഗിനായി കൊണ്ടുവന്ന മേരാ ഇ.കെ.വൈ.സി ആപ്പിന്റെ (ഫേസ് ആപ്പ്) ഉപയോഗപരിധി കേരളത്തിനുള്ളിൽ മാത്രമായി ചുരുക്കി.

കേരളത്തിന് പുറത്തും വിദേശത്തും ഉയർന്ന ശമ്പളം കൈപ്പറ്റുന്നവർ ആപ്പിൽ നുഴഞ്ഞുകയറി മസ്റ്റർ ചെയ്യുന്നതായി കണ്ടെത്തിയതോടെയാണ് നിയന്ത്രണം. മുൻഗണന, എ.എ.വൈ കാർഡ് അംഗങ്ങളായ പതിനായിരക്കണക്കിന് വിദ്യാർത്ഥികൾ കേരളത്തിന് പുറത്ത് പഠനത്തിന് പോയിരിക്കുന്ന സാഹചര്യത്തിലാണ് ഇവർക്ക് മസ്റ്റർ ചെയ്യാൻ മേരാ ഇ.കെ.വൈ.സി ആപ്പ് കൊണ്ടുവന്നത്.

ആപ്പ് ഉപയോഗിച്ച് മസ്റ്റർ ചെയ്യുന്നവരുടെ എണ്ണം പ്രതീക്ഷിച്ചതിനേക്കാൾ ഉയർന്നു. ഇതോടെ നടത്തിയ പരിശോധനയിലാണ് ഇതര സംസ്ഥാനങ്ങളിലും വിദേശത്തും ജോലി ചെയ്യുന്നവർ ആപ്പ് ഉപയോഗിച്ച് മസ്റ്റർ ചെയ്തതായി കണ്ടെത്തിയത്. കാർഡിലെ അംഗം ഇതര സംസ്ഥാനങ്ങളിലോ വിദേശത്തോ ജോലിക്ക് പോയാൽ നോൺ റെസിഡന്റ് കേരളൈറ്റെന്നോ നോൺ റെസിഡന്റ് ഇന്ത്യയെന്നോ ആണ് കാർഡിൽ രേഖപ്പെടുത്തുന്നത്. ഇവർ മടങ്ങിയെത്തിയ ശേഷമേ റേഷൻ അനുവദിക്കൂ.

മുൻഗണനാ കാർഡിലെ ഓരോ അംഗത്തിനുമാണ് ഭക്ഷ്യധാന്യ വിഹിതം. പുറത്ത് ജോലി ചെയ്യുന്നവർ നുഴഞ്ഞുകയറി മസ്റ്റർ ചെയ്യുമ്പോൾ ഇവർക്കുള്ള വിഹിതം അനധികൃതമായി കുടുംബത്തിന് ലഭിക്കും. പല സർക്കാർ ആനുകൂല്യങ്ങൾക്കുമുള്ള അടിസ്ഥാന രേഖയാണ് റേഷൻകാർഡ്. നുഴഞ്ഞുകയറി മസ്റ്റർ ചെയ്താൽ എ.ഐ.വൈ, മുൻഗണനാ വിഭാഗങ്ങൾക്കുള്ള വിവിധ സർക്കാർ ആനുകൂല്യങ്ങൾ അനധികൃതമായി കൈപ്പറ്റാം.

സർക്കാർ ആനുകൂല്യങ്ങൾ കൈപ്പറ്റാം

 ആപ്പ് ദുരുപയോഗം സ്ഥിരീകരിച്ചു

 വിദ്യാർത്ഥികൾ എൻ.ആർ.കെയാകും

 ആപ്പിന്റെ ആദ്യ വെർഷൻ പിൻവലിച്ചു

 രണ്ടാമത്തെ വെർഷനിൽ കേരളത്തിൽ മാത്രമേ ഉപയോഗിക്കാൻ കഴിയൂ

 മസ്റ്ററിംഗ് പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ

മസ്റ്ററിംഗ് ഇതുവരെ (ഏകദേശം)
മുൻഗണന എ.എ.വൈ കാർഡ് അംഗങ്ങൾ: 12,59,719
മസ്റ്ററിംഗ് പൂർത്തിയാക്കിയത്- 11,31,468
എ.എ.വൈ കാർഡ് അംഗങ്ങൾ- 1,34,912
മുൻഗണന കാർഡ് അംഗങ്ങൾ- 9,96,556

പാവപ്പെട്ട വിദ്യാർത്ഥികൾ മസ്റ്ററിംഗിന് മാത്രമായി കേരളത്തിലേക്ക് വരുന്ന അനാവശ്യ ചെലവ് ഒഴിവാക്കാനാണ് ആപ്പ് കൊണ്ടുവന്നത്. ദുരുപയോഗം ശ്രദ്ധയിൽപ്പെട്ടതോടെയാണ് നിയന്ത്രണം കൊണ്ടുവന്നത്.

പൊതുവിതരണ വകുപ്പ് അധികൃതർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL