കൊല്ലം: കഴിഞ്ഞ ഞായാറാഴ്ച നടന്ന പേരൂർ കരുനല്ലൂർ ഭഗവതി ക്ഷേത്രത്തിന്റെ പൊതുയോഗത്തിലേക്ക് ട്രസ്റ്റ് അംഗത്വത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ അതിക്രമിച്ച് കടക്കുകയായിരുന്നുവെന്ന് രക്ഷാധികാരി സമിതി വ്യക്തമാക്കി.
കൊവിഡ് കാലത്ത് നടന്ന സപ്താഹ നവരാത്രി മണ്ഡപ നിർമ്മാണവുമായി ബന്ധപ്പെട്ട ഓഡിറ്റ് റിപ്പോർട്ടിന്റെയും റീ ഓഡിറ്റിന്റെയും അടിസ്ഥാനത്തിൽ അന്നത്തെ ഭരണസമിതിയിലെ 14 പേരെയും ട്രസ്റ്റ് അംഗത്വത്തിൽ നിന്ന് ആറ് മാസം മുമ്പ് ചേർന്ന പൊതുയോഗം പുറത്താക്കിയിരുന്നു. ഇതിനെതിരെ അന്നത്തെ ഭരണസമിതിയിലെ ചിലർ നൽകിയ കേസ് നിലവിൽ ജില്ലാ കോടതിയുടെ പരിഗണനയിലാണ്. തീർപ്പ് വൈകുന്നതിനെതിരെ മുൻ ഭാരവാഹികൾ ഹൈക്കോടതിയിൽ ഹർജി നൽകി. കേസ് ഒരുമാസത്തിനകം തീർപ്പാക്കണമെന്ന് നിർദ്ദേശിച്ച ഹൈക്കോടതി ഇതിനിടയിൽ നിലവിലെ രക്ഷാധികാരി സമിതി എടുക്കുന്ന എല്ലാ തീരുമാനങ്ങളും ജില്ലാ കോടതിയിലെ കേസിന്റെ വിധിക്ക് വിധേയമായിരിക്കുമെന്നും പറഞ്ഞിരുന്നു.
കോടതിയിൽ നിന്ന് വിലക്കോ നിരോധനമോ ഇല്ലാത്തത് കൊണ്ടാണ് രക്ഷാധികാരി സമിതി പൊതുയോഗം വിളിച്ചുചേർത്തത്. ഭാരവാഹികൾ പുറത്താക്കപ്പെട്ടാൽ ക്ഷേത്ര ബൈലോ പ്രകാരം എല്ലാ അധികാരങ്ങളും രക്ഷാധികാരി സമിതിയിൽ നിക്ഷ്പിതമാകും. ബൈലോയിലെ ഈ വ്യവസ്ഥ അനുസരിച്ചാണ് രക്ഷാധികാരി സമിതി പൊതുയോഗം വിളിച്ചത്. എന്നാൽ പുറത്താക്കപ്പെട്ട അംഗങ്ങൾ പൊതുയോഗ ഹാളിലേക്ക് അതിക്രമിച്ച് കടന്നതോടെ രക്ഷാധികാരി സമിതി പൊലീസിനെ വിളിച്ചുവരുത്തി. അവർ അതിക്രമിച്ച് കടന്നവരെ പുറത്താക്കാൻ തയ്യാറാകാഞ്ഞതോടെ തങ്ങൾ തന്നെ പൊതുയോഗം പിരിച്ചുവിടുകയായിരുന്നുവെന്നും രക്ഷാധികാരി സമിതി വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |