
എച്ച്.ഡി.പി.ഇ പൈപ്പുകൾ കത്തിനശിച്ചു
5 ലക്ഷത്തിന്റെ നഷ്ടം
കൊല്ലം: കൊട്ടിയം എസ്.എൻ പോളിടെക്നിക്കിന് സമീപമുള്ള കെ.എസ്.ഇ.ബി 110 കെ.വി സബ് സ്റ്റേഷൻ കോമ്പൗണ്ടിൽ സ്വകാര്യ കമ്പനി സൂക്ഷിച്ചിരുന്ന എച്ച്.ഡി.പി.ഇ പൈപ്പ് റോളുകൾ വലിയളവിൽ കത്തിനശിച്ചു. 50 ഓളം റോളുകളിൽ പകുതിയും കത്തിനശിച്ചുവെന്നാണ് പ്രാഥമിക നിഗമനം.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു തീപിടിത്തം. പൈപ്പുകൾ കത്തുന്നത് കണ്ട് സബ് സ്റ്റേഷനില ജീവനക്കാർ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ചാമക്കട, കടപ്പാക്കട എന്നിവിടങ്ങളിൽ നിന്ന് മൂന്ന് യൂണിറ്റ് ഫയർഫോഴ്സെത്തി രണ്ടരയോടെയാണ് തീ പൂർണമായും കെടുത്തിയത്.
സ്വകാര്യ കമ്പനി ജീവനക്കാരെത്തി നഷ്ടം കണക്കാക്കിവരികയാണ്. ഏകദേശം അഞ്ചുലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. സബ് സ്റ്റേഷനിൽ കെ.എസ്.ഇ.ബിയുടെ സാമഗ്രികളെല്ലാം പ്രത്യേകം സുരക്ഷയിലാണ് സൂക്ഷിച്ചിരിക്കുകയാണ്. ഇവയ്ക്ക് കേടുപാട് സംഭവിച്ചിട്ടില്ല.
കണ്ണനല്ലൂർ, കന്റോൺമെന്റ്, കൊട്ടിയം, പാരിപ്പള്ളി, പരവൂർ, പൂതക്കുളം ഭാഗങ്ങളിൽ ഭൂഗർഭ കേബിളുകൾ സ്ഥാപിക്കാൻ ആറ് കോടിയോളം രൂപയുടെ കരാറെടുത്ത ഇതര സംസ്ഥാന കമ്പനിയുടേതാണ് കത്തിനശിച്ച പൈപ്പുകൾ. പണിനടക്കുന്നിടത്ത് റോഡുവക്കിൽ സൂക്ഷിക്കാൻ ഇടമില്ലാത്തത് കൊണ്ടാണ് ഇവർ കെ.എസ്.ഇ.ബിയുടെ കോമ്പൗണ്ടിൽ എത്തിച്ചത്. ഇന്നലെ രാവിലെയും ഇവിടെ നിന്ന് പത്ത് റോൾ ലോറിയിൽ കൊണ്ടുപോയിരുന്നു. പത്ത് ഇഞ്ചോളം വ്യാസമുള്ള പൈപ്പ് മണ്ണിനടിയിൽ സ്ഥാപിച്ച് അതിനുള്ളിലൂടെയാണ് വൈദ്യുതി കേബിൾ കടത്തിവിടുന്നത്. മാസങ്ങൾക്ക് മുമ്പേ കരാറായ പ്രവൃത്തി തുടർച്ചയായ മഴ കാരണം ആരംഭിക്കാനായില്ല. അടുത്ത മഴക്കാലത്തിന് മുമ്പ് പൂർത്തിയാക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു കമ്പനി.
കാരണം അവ്യക്തം
തീപിടിത്തത്തിന്റെ കാരണം സബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. സബ് സ്റ്റേഷൻ വളപ്പിൽ റോഡിനോട് ചേർന്നാണ് പൈപ്പ് റോളുകൾ സൂക്ഷിച്ചിരുന്നത്. പുറത്തുനിന്ന് തീ പടർന്നതോ സബ് സ്റ്റേഷന് മുകളിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈനിൽ നിന്ന് തീപ്പൊരി വീണതോ ആകാം കാരണമെന്നാണ് സംശയം. വർഷങ്ങൾക്ക് മുമ്പും കൊട്ടിയം സബ് സ്റ്റേഷൻ വളപ്പിൽ തീപിടിത്തം ഉണ്ടായിരുന്നു. അന്ന് പൊലീസിൽ നിന്ന് രക്ഷപെടാൻ സാമൂഹ്യവിരുദ്ധർ തീയിട്ടതാണെന്ന് നാട്ടുകാർ പറയുന്നു.
ആകാശം മുട്ടെ കറുത്ത പുക
പൈപ്പുകൾ കത്തിയതോടെ ആകാശം മുട്ടെ കറുത്ത പുക ഉയർന്നത് ഭീതി പരത്തി. അസഹ്യമായ ദുർഗന്ധവും പരിസരത്താകെ വ്യാപിച്ചു. തീകെടുത്തി മണിക്കൂറുകൾക്ക് ശേഷമാണ് ദുർഗന്ധം മാറിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |