SignIn
Kerala Kaumudi Online
Friday, 23 October 2026 4.39 AM IST

സ്‌ത്രീധന പീഡന കേസ്: കൂട്ടുപ്രതി വനിത എസ്.ഐക്ക് ഇന്റലിജൻസിൽ ലാവണം

si

 മുൻകൂർ ജാമ്യം തള്ളിയിട്ടും അറസ്റ്റില്ല

 എസ്.ഐമാർ ജോലിയിൽ തുടരുന്നു

 അറസ്റ്റ് ചെയ്യേണ്ടത് ആര്?

കൊല്ലം: സ്‌ത്രീധന പീഡ‌ന കേസിൽ എസ്.ഐക്കൊപ്പം പ്രതിയായ വനിത എസ് ഐക്ക് സംസ്ഥാന ഇന്റലിജൻസിൽ സുരക്ഷിത ലാവണം. വർക്കല എസ്.ഐ അഭിഷേക് ഒന്നാം പ്രതിയായ കേസിൽ രണ്ടാം പ്രതിയായ എസ്.ഐ ആശയാണ് എസ്.എസ്.ബി കൊല്ലം യൂണിറ്റിൽ സബ് ഇൻസ്‌പെക്‌ടർ പദവിയിൽ തുടരുന്നത്.

സ്‌ത്രീധന പീഡനത്തിന് പുറമെ ക്രിമിനൽ ഗൂഢാലോചന,​ വിശ്വാസ വ‌ഞ്ചന എന്നീ വകുപ്പുകളും സ്‌ത്രീധന പീഡന നിയമത്തിലെ പ്രസക്തമായ മറ്ര് വകുപ്പുകളുമാണ് ചുമത്തിയിരിക്കുന്നത്. എസ്.ഐമാരെയും ഒന്നാം പ്രതിയുടെ മാതാവിനെയും സഹോദരനെയും പ്രതിയാക്കി കൊല്ലം സിറ്റി ക്രൈം ബ്രാഞ്ച് രജിസ്‌റ്റർ ചെയ്‌ത കേസിൽ ജനുവരി 9ന് കൊല്ലം ജില്ലാ കോടതി മുൻകൂർ ജാമ്യം തള്ളിയിരുന്നു.

പ്രതികളെ കസ്‌റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതാണെന്ന പ്രോസിക്യൂഷന്റെയും വാദിയായ എസ്.ഐയുടെ ഭാര്യയുടെ അഭിഭാഷകയുടെയും വാദവും കണക്കിലെടുത്താണ് ജാമ്യാപേക്ഷ തള്ളിയത്. ഒന്നും രണ്ടും പ്രതികളുടെ കോൾ റെക്കോഡുകളും ഫോട്ടോഗ്രാഫുകളും പ്രോസിക്യൂഷൻ വാദത്തെ സാധൂകരിക്കുന്നതായിരുന്നുവെന്നാണ് കോടതി നിരീക്ഷണം.

സർക്കാരിനായി രഹസ്യവിവരങ്ങൾ ശേഖരിക്കുന്നത് എസ്.എസ്.ബിയാണ്. മറ്ര് വിവരങ്ങൾക്കൊപ്പം പൊലീസിലെ രഹസ്യ വിവരങ്ങളും ഇതിലുൾപ്പെടും. എസ്.ഐമാർ പ്രതിയായ കേസ് സംബന്ധിച്ച റിപ്പോർട്ട് തയ്യാറാക്കിയെങ്കിലും രണ്ടാം പ്രതി കൈകാര്യം ചെയ്യുന്ന സീറ്റ് വഴിയാണ് ഈ റിപ്പോർട്ടും പോകേണ്ടതെന്നതാണ് വൈരുദ്ധ്യം.

ഒന്നാം പ്രതി ക്രമസമാധാന ചുമതലയും രണ്ടാം പ്രതി ഇന്റലിജൻസ് ചുമതലയും കൈകാര്യം ചെയ്യുന്നത് പൊലീസിനും സർക്കാരിനുമെതിരെ ജനവികാരം ഉയരാൻ ഇടയാക്കുമെന്ന റിപ്പോർട്ടും ഫീൽഡിൽ നിന്ന് മുകളിലേക്ക് അയച്ചതായാണ് വിവരം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL