
കളക്ടറേറ്റിൽ ചത്ത തെരുവ് നായയിൽ പേ വിഷം
കൊല്ലം: തിങ്കളാഴ്ച കളക്ടറ്റിൽ ചത്തനിലയിൽ കണ്ടെത്തിയ തെരുവ് നായയിൽ പേവിഷ ബാധ സ്ഥിരീകരിച്ചതായി മൃഗസംരക്ഷണ വകുപ്പ് അധികൃതർ. ചത്ത നായയുടെ തലച്ചോറ് ഉപയോഗിച്ച് നടത്തിയ ഫ്ലൂറസെന്റ് ആന്റിബോഡി ടെസ്റ്റിലാണ് പേവിഷ ബാധ കണ്ടെത്തിയത്.
പേവിഷ ബാധ സ്ഥിരീകരിച്ച തെരുവുനായ തിങ്കളാഴ്ച രാവിലെ 9.15 ഓടെ കളക്ടറേറ്റിലെ വനിതാ ജീവനക്കാരിയെ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. പിന്നീട് പാർട്ട് ടൈം സ്വീപ്പറുടെ വലത് കൈയിൽ കടിച്ചു. പൊതുജനങ്ങളെ അടക്കം കടിക്കാൻ ഓടി നായയെ കളക്ടറേറ്റ് വളപ്പിൽ വാഹനത്തിന് അടിയിൽ ചത്തനിലയിൽ കണ്ടെത്തി. പേവിഷം സംബന്ധിച്ച സംശയം ഉയർന്നതോടെ മൃഗസംരക്ഷണ വകുപ്പ് നായയുടെ മൃതദേഹം പരിശോധനയ്ക്കായി കൊണ്ടുപോയിരുന്നു.
തൊട്ടുപിന്നാലെ കളക്ടറേറ്റ് വളപ്പിൽ നിന്ന് പിടികൂടിയ പത്ത് തെരുവ് നായകളെ അഞ്ചാലുംമൂട്ടിലെ കോർപ്പറേഷന്റെ എ.ബി.സി സെന്ററിൽ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയാണ്. ഇവയ്ക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ് നൽകിയിട്ടുണ്ട്. പത്ത് ദിവസം നിരീക്ഷിച്ച ശേഷം തുടർ നടപടി സ്വീകരിക്കും.
വിവിധ സ്ഥലങ്ങളിൽ നിന്ന് ജില്ലാ മൃഗസംരക്ഷണ ആശുപത്രിയിൽ ചത്തനിലയിൽ കൊണ്ടുവരുന്നവയിൽ നടത്തുന്ന പരിശോധനയിൽ എൺപത് ശതമാനത്തിനും പേവിഷബാധ സ്ഥിരീകരിക്കുകയാണെന്ന് ചീഫ് വെറ്ററിനറി ഓഫീസർ ഡി.ഷൈൻകുമാർ പറഞ്ഞു. തെരുവ് നായകൾ ഒരുമിച്ച് നടക്കുകയും കടികൂടുകയും ചെയ്യുന്നതിനാൽ ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് വേഗത്തിൽ പടരും. വീടുകളിലേക്ക് അടക്കം ഇവ കടന്നുകയറുന്നതിനാൽ വളർത്തുനായകളിലേക്ക് പടരാനുള്ള സാദ്ധ്യതയും കൂടുതലാണ്.
ജില്ലയിൽ പേവിഷ സ്ഥിരീകരണ നിരക്ക് ഉയർന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണം. തെരുവ് നായകളെ സൂക്ഷിക്കണം. വളർത്തുനായകൾക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്പെടുക്കണം.
ഡോ. ഡി.ഷൈൻകുമാർ,
ചീഫ് വെറ്ററിനറി ഓഫീസർ, ജില്ലാ മൃഗാശുപത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |